ADVERTISEMENT

തിരുവനന്തപുരം ∙ ഗുണ്ടകളും ക്രിമിനലുകളുമായി ബന്ധമുള്ള പൊലീസിലെ പരല്‍ മീനുകളെ മാത്രമല്ല ഉന്നതരായ കൊമ്പന്‍ സ്രാവുകള്‍ക്കെതിരെയും നടപടി വേണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. ജനമെെത്രി എന്ന ബോര്‍ഡ് മാറ്റി ഗുണ്ടാസൗഹൃദ സ്റ്റേഷനുകള്‍ എന്ന ബോര്‍ഡാണ് ഇപ്പോള്‍ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ സ്ഥാപിക്കേണ്ടത്. സാധാരണക്കാര്‍ക്ക്  നീതി ഉറപ്പാക്കാന്‍ ക്രമസമാധാന സംവിധാനം സമൂലം ശുദ്ധീകരിക്കണം. ഗുണ്ടകള്‍ പൊലീസ് തണലില്‍ വിലസുമ്പോള്‍ കേരളത്തിലേത് മികച്ച പൊലീസിങ് എന്ന അവകാശവാദം എങ്ങനെ മുഖ്യമന്ത്രിക്ക് ഉന്നയിക്കാന്‍ കഴിയും?

കഴിഞ്ഞ ഏഴുവര്‍ഷത്തെ കമ്യൂണിസ്റ്റ് ഭരണം ആഭ്യന്തര വകുപ്പിനെ നാഥനില്ലാ കളരിയാക്കി മാറ്റി. രാഷ്ട്രീയ-പൊലീസ്-ഗുണ്ടാബന്ധം ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് വരെ എത്തി നില്‍ക്കുന്നു. താമസിയാതെ ഇത് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് എത്തും. രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും നിരന്തരം തന്റെ മൂക്കിന് കീഴില്‍ നടക്കുമ്പോള്‍ അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് ആശ്വസിച്ചിരുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന് തന്നെ അപമാനമാണ്. എസ്പിമാരുടേത്  ഉള്‍പ്പെടെയുള്ള പൊലീസിലെ നിയമനങ്ങള്‍ സിപിഎം ജില്ലാ സെക്രട്ടറിമാര്‍ക്കും പാര്‍ട്ടി ഘടകങ്ങള്‍ക്കും മുഖ്യമന്ത്രി വിഭജിച്ച് നല്‍കി.

ചങ്ങലയ്ക്ക് ഭ്രാന്തെടുത്ത അവസ്ഥയിലാണ് സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ്. ഗുണ്ടകളെയും ക്രിമിനലുകളെയും മാഫിയകളെയും നിയന്ത്രിക്കുന്നതില്‍  ആഭ്യന്തര വകുപ്പ് നോക്കുകുത്തിയാണെന്ന് പ്രതിപക്ഷം പറഞ്ഞപ്പോഴൊക്കെ മുഖ്യമന്ത്രി മൗനത്തിന്‍റെ വാല്‍മീകത്തിലിരുന്നു. സംസ്ഥാനത്തെ ഗുണ്ടകളുടെ കൃത്യമായ കണക്ക് ശേഖരിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട ആഭ്യന്തരവകുപ്പ് അവരുടെ ആതിഥേയത്വം സ്വീകരിക്കുന്ന നിലയില്‍ അധഃപതിച്ചു. പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം രാഷ്ട്രീയ നേതാക്കളുടെ പങ്കും അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറാവണം.

സ്ത്രീകളെ പീഡിപ്പിക്കുന്ന പൊലീസുകാരെ ഭരണകൂടം സംരക്ഷിച്ചു വരികയായിരുന്നു എന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു. യുഡിഎഫ് കാലത്ത് സ്ത്രീകളും കുട്ടികളും തലയണയ്ക്കിടയില്‍ വാക്കത്തിയുമായി അന്തിയുറങ്ങണമെന്നാണ് ഇന്നത്തെ മുഖ്യമന്ത്രി അന്ന് ആക്ഷേപിച്ചിരുന്നത്. എന്നാല്‍  ഇപ്പോള്‍ അദ്ദേഹം ഭരിക്കുമ്പോള്‍ സ്ത്രീകളും കുട്ടികളും തോക്കുമായി ഉറങ്ങേണ്ട അവസ്ഥയില്‍ എത്തിയെന്നും സുധാകരന്‍ പരിഹസിച്ചു.

English Summary: K Sudhakaran slams Kerala Police

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com