നവനിർമാൺ സേന തലവൻ രാജ് താക്കറെ ബിജെപിയുമായി അടുക്കുന്നു എന്ന വാർത്തകൾ പരക്കുന്ന സമയം. ഇതിനിടെ താക്കറെ അയോധ്യ സന്ദർശിക്കുന്നു എന്ന വിവരവും പുറത്തുവന്നു. അപ്രതീക്ഷിതമായി ഈ വിഷയം വൻ വിവാദമായി വളർന്നു. അതിനു കാരണം, ഉത്തർ പ്രദേശിൽ നിന്നുള്ള ഒരു എംപിയായിരുന്നു – ബ്രിജ് ഭൂഷൺ ശരൺ സിങ്. മഹാരാഷ്ട്രയിൽ നവനിർമാൺ സേന പ്രവർത്തകർ ഉത്തരേന്ത്യൻ തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ മാപ്പു പറഞ്ഞിട്ട് താക്കറെ അയോധ്യയിലേക്ക് വന്നാൽ മതി എന്നും ഇല്ലെങ്കിൽ യുപിയിൽ പോലും കാലുകുത്തിക്കില്ല എന്നുമുള്ള തിട്ടൂരമാണ് അന്ന് ബ്രിജ് ഭൂഷൺ പുറപ്പെടുവിച്ചത്. പറയുക മാത്രമല്ല, സന്യാസിമാരുടേയും പൗരപ്രമാണിമാരുടെയുമെല്ലാം പിന്തുണ ഇക്കാര്യത്തിൽ തേടുകയും അയോധ്യയിൽ മാർച്ച് സംഘടിപ്പിക്കുക വരെ ചെയ്തു. അതോടെ, രാജ് താക്കറെ തന്റെ അയോധ്യ സന്ദർശനം റദ്ദാക്കി. അയോധ്യ അടക്കമുള്ള മേഖലയിലെ ബിജെപിയുടെ ശക്തനായ നേതാവാണ് ആറാം വട്ടവും എംപിയായ ബ്രിജ് ഭൂഷൺ സിങ്. മാധ്യമശ്രദ്ധ കിട്ടാൻ വേണ്ടി നടത്തിയ പ്രസ്താവനയാണ് താക്കറെ വിഷയത്തിലുണ്ടായത് എന്ന് പലരും അടക്കം പറഞ്ഞെങ്കിലും ബ്രിജ് ഭൂഷണ് അതൊന്നും വിഷയമായതേയില്ല. കുറച്ചു ദിവസമായി ഈ നേതാവ് വീണ്ടും വാർത്തകളിലുണ്ട്. രാജ്യത്തെ ഒന്നാം നമ്പർ വനിതാ, പുരുഷ ഗുസ്തി താരങ്ങളാണ് ലൈംഗിക, മാനസിക പീഡനങ്ങളും അഴിമതിയും ആരോപിച്ച് ബ്രിജ് ഭൂഷണും കൂട്ടർക്കുമെതിരെ രംഗത്തു വന്നത്. ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമാണ് അദ്ദേഹം. സ്വയമൊരു ഗുസ്തിക്കാരൻ കൂടിയായ, ‘ശക്തിശാലി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ അറുപത്തിയാറുകാരൻ എംപിക്ക് വിവാദങ്ങൾ പുത്തരിയല്ല താനും.
HIGHLIGHTS
- തിഹാർ ജയിലിൽ കിടന്നിട്ടുണ്ട് ബ്രിജ് ഭൂഷൺ, പിന്നീട് വെറുതെ വിട്ടു; എന്തായിരുന്നു കേസ്?
- ബാബ രാംദേവിനെ ‘മായം ചേർക്കലിന്റെ രാജാവ്’ എന്നു വിളിച്ചും വിവാദം
- പ്രാഥമികമായി താൻ ഒരു ഗുസ്തിക്കാരനാണ് എന്നാണ് ബ്രിജ് ഭൂഷൺ പറയുന്നത്