ADVERTISEMENT

കൊച്ചി∙ ലൈംഗികാതിക്രമങ്ങൾ തടയാൻ സ്കൂൾതലം മുതൽ നടപടികൾ വേണമെന്ന് ഹൈക്കോടതി. മാന്യമായ പെരുമാറ്റം എങ്ങനെയാകണമെന്നതടക്കം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മൂല്യവർധിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണം. ഇത് സംബന്ധിച്ച് ഉന്നത, പൊതു വിദ്യാഭ്യാസ വകുപ്പുകൾ, വിവിധ ബോർഡുകൾ എന്നിവ നടപടി സ്വീകരിക്കണം. ലൈംഗികാതിക്രമങ്ങൾക്കെതിരായ ചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് യുജിസിയും ഉറപ്പുവരുത്തണമെന്നു കോടതി നിർദേശിച്ചു. 

സ്കൂളുകളിലും കോളജുകളിലും ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നുവെന്ന് വിലയിരുത്തിയാണ് വിദ്യാഭ്യാസ സമ്പ്രദായത്തിൽ സമൂല പരിഷ്കാരം വരുത്തണമെന്ന ഹൈക്കോടതി ഉത്തരവ്. ലൈംഗികാതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി പ്രാഥമിക വിദ്യാഭ്യാസ തലത്തിൽതന്നെ മാന്യമായ പെരുമാറ്റം സംബന്ധിച്ചുള്ള പാഠങ്ങൾ ഉൾപ്പെടുത്തി മൂല്യവർധിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. തൊഴിലവസരങ്ങൾക്കും അക്കാദമിക മികവിനും പ്രാധാന്യം കൊടുക്കുന്നതാണ് നിലവിലെ വിദ്യാഭ്യാസ സമ്പ്രദായമെന്നും, ഇത്തരം രീതി മാറേണ്ടതാണെന്നും കോടതി വിലയിരുത്തി.

ലിംഗവിവേചനം തെറ്റാണ്. യഥാർഥ പുരുഷൻ ഒരിക്കലും സ്ത്രീയെ ഭീഷണിപ്പെടുത്തുന്നവനല്ല. ദുർബലരായ പുരുഷന്മാരാണ് സ്ത്രീകളെ ആക്രമിക്കാൻ മുതിരുന്നത്. മറ്റൊരു വ്യക്തിയെ ബഹുമാനിക്കാൻ കുട്ടികളെ മാതാപിതാക്കളും അധ്യാപകരും പഠിപ്പിക്കണം. പാഠ്യപദ്ധതിയിലടക്കം മാറ്റം വരുത്താനായി ഉന്നത - പൊതു വിദ്യാഭ്യാസ വകുപ്പുകളും, വിവിധ ബോർഡുകളും നടപടിയെടുക്കണം. കോളജുകളിൽ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനായി ചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് യുജിസിയും ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നടപടികൾ സ്വീകരിക്കാമെന്ന് യുജിസി വ്യക്തമാക്കി.

Read Also: ബിബിസി ഡോക്യുമെന്ററിക്ക് അപ്രഖ്യാപിത വിലക്ക്; യുട്യൂബ് ലിങ്കുകളും ട്വീറ്റുകളും നീക്കി

കൊല്ലത്തെ എൻജിനീയറിങ് കോളജ് വിദ്യാർഥി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. പെൺകുട്ടികളോട് മോശമായി പെരുമാറിയതിന് കോളജിലെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി എടുത്ത നടപടിയെ ചോദ്യം ചെയ്തായിരുന്നു വിദ്യാർഥിയുടെ ഹർജി. കമ്മിറ്റിയുടെ നടപടി ഏകപക്ഷീയമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണ വിധേയൻ കോടതിയെ സമീപിച്ചത്. ഹർജി തീർപ്പാക്കിയ കോടതി, ഹർജിക്കാരനെയും കൂടി കേട്ട് തീരുമാനമെടുക്കാനും ഉത്തരവിട്ടു. ഉത്തരവിന്മേലുള്ള നടപടി റിപ്പോർട്ട് ഫെബ്രുവരി 3ന് കോടതി പരിഗണിക്കും.

English Summary: HC suggest steps should taken from school level prevent sexual assault

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com