ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റുമാരിൽ ഒരാളായ എ.പി.അബ്ദുല്ലക്കുട്ടി ആ പദവികൊണ്ട് പാർട്ടിയുടെ രാജ്യത്തെതന്നെ മുൻനിര നേതാക്കളിൽ ഒരാളാണ്. കേന്ദ്ര ഹജ് കമ്മിറ്റിയുടെ ചെയർമാൻ പദവി അദ്ദേഹത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. സിപിഎമ്മിൽനിന്നും കോൺഗ്രസിൽനിന്നും പുറത്താക്കപ്പെട്ട ഒരു നേതാവ്, രാജ്യം ഭരിക്കുന്ന കക്ഷിയുടെ പ്രധാന ഭാരവാഹി ആയി ഉയർന്നത് എങ്ങനെ എന്നത് കേരള രാഷ്ട്രീയത്തിലെ സമസ്യയാണ്. അതിനു പിന്നിലെ വസ്തുതകളും സംഭവങ്ങളും വെളിപ്പെടുത്തുകയാണ് ഈ അഭിമുഖത്തിൽ എ.പി.അബ്ദുല്ലക്കുട്ടി. സിപിഎമ്മിന്റെ എംപിയും കോൺഗ്രസിന്റെ എംഎൽഎയും ആയിരുന്ന നേതാവ് ഇന്നു ബിജെപിയുടെ മുസ്‌ലിം മുഖമാണ്. ന്യൂനപക്ഷങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കുക എന്ന ദൗത്യവും അദ്ദേഹത്തിനു മുന്നിലുണ്ട്. മുസ്‌ലിം ജനസാമാന്യത്തിന് മോദി സർക്കാരിനോടും ബിജെപിയോടും ഉളള അകൽച്ച കുറഞ്ഞെന്ന അവകാശവാദമാണ് ഈ അഭിമുഖത്തിൽ അദ്ദേഹം ഉന്നയിക്കുന്നത്. അതിനുള്ള കാരണങ്ങളും നിരത്തുന്നു. കേരള ബിജെപി നേതൃത്വവും അബ്ദുല്ലക്കുട്ടിയും തമ്മിലെ ബന്ധത്തിന്റെ ചിത്രവും ഇതിൽ വായിച്ചെടുക്കാം. സോളർ കേസിൽ സിബിഐ കുറ്റവിമുക്തനാക്കിയതോടെ തന്റെ പഴയ ചിരി തിരിച്ചു കിട്ടിയതിനെക്കുറിച്ചും അബ്ദുല്ലക്കുട്ടി പറയുന്നു. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ എ.പി.അബ്ദുല്ലക്കുട്ടി സംസാരിക്കുന്നു.
HIGHLIGHTS
- ലീഗുകാരെ, നിങ്ങൾ യുപി വന്നു കാണുക, മുസ്‌ലിം സത്യവിശ്വാസികൾക്ക് ബിജെപി നല്ല പാർട്ടി
- ദ്രൗപദി മുർമുവിന് കിട്ടിയത് ബിജെപിക്ക് ഉറപ്പിച്ച വോട്ട്; ആ എംഎൽഎ മനസ്സിൽ ബിജെപി
- കേരള ബിജെപിയും താനുമായി ഗ്യാപ് ഇല്ല, എൻഡിഎ പക്ഷേ ശക്തിപ്പെടണം
- കോൺഗ്രസുകാരല്ല, സിപിഎമ്മുകാരും ബിജെപിയിലേക്ക് വരാൻ പോകുന്നു
- ഇഎംഎസ് പാർട്ടി മാറിയ അത്രയും ഞാൻ പാർട്ടി മാറിയിട്ടില്ല
- സോളർ കേസ് കഥാനായികയെ താൻ കണ്ടിട്ടേയില്ലെന്നും എ.പി.അബ്ദുല്ലക്കുട്ടി