കനലുണ്ട്, കാറ്റും; ത്രിപുരയിൽ സിപിഎം ‘കൈ’ കോർക്കുന്നതു വെറുതെയല്ല, ഇതാണ് കാരണം

Mail This Article
ഊതിപ്പിടിപ്പിക്കാൻ ഒരുതരി കനൽ പോലുമില്ലാത്ത ബംഗാൾ നൽകുന്ന ദുരന്തപാഠമാകും ത്രിപുര തിരഞ്ഞെടുപ്പിൽ ആശയപ്പിടിവാശികളെല്ലാം വെടിഞ്ഞ് കോൺഗ്രസുമായി കൈകോർക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. തരിശായിപ്പോയ ബംഗാളിലെ പഴയ ചുവപ്പുപാടമല്ല, ചുവപ്പിന്റെ പൊടിപ്പുകൾ യഥേഷ്ടം ബാക്കിയുള്ള ത്രിപുര എന്ന തിരിച്ചറിവിൽനിന്നാണ് സിപിഎം പുതിയ പോരാട്ടത്തിനിറങ്ങുന്നത്. ഇവിടെ പരാജയപ്പെട്ടാൽ പക്ഷേ, ബംഗാളിലെപ്പോലെ ഈ പൊടിപ്പുകളും വാടിക്കരിഞ്ഞുപോകുമെന്ന് സിപിഎമ്മിനറിയാം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നു പാടേ തുടച്ചുനീക്കപ്പെട്ട അവസ്ഥയിൽ നിൽക്കുന്ന കോൺഗ്രസിനാണെങ്കിൽ, കാലിനടിയിൽ ഒരു പിടി മണ്ണെങ്കിലും ബാക്കിനിർത്തുകയെന്ന നിലനിൽപ്പിന്റെ പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ്. അവിടെ ഒറ്റയ്ക്കു നിന്നിട്ട് ഒന്നും ചെയ്യാനില്ലെന്നും അവർക്കറിയാം. ജയിക്കുക, അല്ലെങ്കിൽ മരിക്കുക എന്ന ഒറ്റ വഴി മാത്രം മുന്നിലുള്ളപ്പോൾ, കോൺഗ്രസിനോടുള്ള തൊട്ടുകൂടായ്മയ്ക്കു കാരണമായിപ്പറയുന്ന നൂറു താത്വികവാദങ്ങളേക്കാൾ കിട്ടുന്ന ഓരോ വോട്ടും സമാഹരിക്കുക എന്ന പ്രായോഗിക ബോധം തന്നെയാണ് സിപിഎമ്മിന്റെ തീരുമാനങ്ങൾക്കു പിന്നിലുള്ളത്. ബംഗാളിലെയടക്കം കോൺഗ്രസ് ബന്ധത്തെ നിരന്തരം എതിർത്തുകൊണ്ടിരുന്ന കേരളഘടകം പോലും ഈ പ്രായോഗിക ചിന്തയ്ക്കു വഴങ്ങിയതും ഈയൊരു തിരിച്ചറിവുകൊണ്ടാവണം. ചുവപ്പുകൊടികൾ പോലും മാറ്റിവച്ച് അഗർത്തലയിൽ നടന്ന സിപിഎം–കോൺഗ്രസ് സംയുക്തറാലിക്ക് അതുകൊണ്ടുതന്നെ ദേശീയ രാഷ്ട്രീയത്തിൽ വലിയ പ്രസക്തിയുണ്ട്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനിര എന്ന സാധ്യതയെ സജീവമാക്കാൻ ഈ റാലിയുടെ പങ്ക് വലുതായിരിക്കും.