ദിവസങ്ങൾക്കുള്ളിൽ അവതരിപ്പിക്കുന്ന രണ്ടാം മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് ജനകീയമായിരിക്കുമെന്നതിൽ അധികമാർക്കും സംശയമില്ല. ഈ വർഷം തന്നെ 9 സംസ്ഥാനങ്ങളിലേക്കു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും 2024 ആദ്യം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും വോട്ട് പെട്ടിയിലാക്കാനുള്ളതെല്ലാം ബജറ്റ് പെട്ടിയിൽ നിറച്ചിട്ടുണ്ടാവുമെന്ന പ്രതീക്ഷയോടെയാണ് നിർമല സീതാരാമന്റെ ബജറ്റിനായി രാജ്യം കാത്തിരിക്കുന്നത്. ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങളുടെ പെരുമഴ തന്നെ പ്രതീക്ഷിക്കാമോ? അതോ വിലപ്പെരുപ്പവും സാമ്പത്തികമാന്ദ്യവും അടക്കമുള്ള സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് ചെലവുചുരുക്കലിന്റെയും മിതത്വത്തിന്റെയും പാതയിലായിരിക്കുമോ ബജറ്റ്? ജീവിതച്ചെലവ് പരിധി വിട്ടുയരുന്ന സാഹചര്യത്തിൽ ബജറ്റിനെ വലിയ പ്രതീക്ഷയോടെയാണു സാധാരണക്കാർ കാണുന്നത്. ആദായ നികുതി സ്ലാബുകളിൽ ഇളവുകൾ ഇത്തവണ എല്ലാവരുംതന്നെ പ്രതീക്ഷിക്കുന്നുണ്ട്. സ്റ്റാൻഡേഡ് ഡിഡക്ഷനും 80 സി ഇളവു പരിധിയും ഉയർത്തി ശമ്പളക്കാരെ സന്തോഷിപ്പിക്കുമോ? ഇറക്കുമതി നികുതി കുറച്ച് സ്വർണവില കുറയ്ക്കാനുള്ള ശ്രമം നിർമല സീതാരാമൻ നടത്തുമോ? പലിശ നിരക്കുകൾ ഉയർന്ന നിരക്കിലായ സാഹചര്യത്തിൽ വായ്പകളിൽ കൂടുതൽ ആദായനികുതിയിളവു പ്രഖ്യാപിക്കുമോ? ഏതായാലും ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കേണ്ട ബാധ്യത രണ്ടുതരത്തിൽ സർക്കാരിനുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളാണ് ഒന്നാമത്തേതെങ്കിൽ രണ്ടാമത്തേത് സാമ്പത്തിക വളർച്ചാ നിരക്ക് ഉയർത്തുകയെന്ന വെല്ലുവിളിയാണ്.
HIGHLIGHTS
- ആദായ നികുതി സ്ലാബുകളിൽ വരുമോ ഇളവ്?
- ഭവനവായ്പ പലിശയിൽ ലഭിക്കുന്ന നികുതിയിളവ് പരിധി കൂട്ടുമോ?
- ഓഹരി നിക്ഷേപകർക്ക് ആശ്വസിക്കാനാകുമോ? സ്വർണവില കുറയുമോ?