ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയുടെ പരമാധികാരത്തെ മാനിക്കണമെന്ന പൊതുവികാരമാണ് പങ്കുവച്ചതെന്ന് കോൺഗ്രസ് പാര്‍ട്ടി പദവികള്‍നിന്ന് രാജിവച്ച അനില്‍ ആന്‍റണി മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് മോശം പ്രതികരണമുണ്ടായി. സഹിഷ്ണുതയെക്കുറിച്ച് പറയുന്നവരാണ് ഇങ്ങനെ അധഃപതിച്ചതെന്നും അനില്‍ വിമര്‍ശിച്ചു. മകന്‍ പദവികള്‍ ഒഴിഞ്ഞതില്‍ പ്രതികരിക്കാനില്ലെന്ന് എ.കെ.ആന്‍റണി പറഞ്ഞു. 

‘‘രാജിയെക്കുറിച്ച് വളരെ വ്യക്തമായി കത്തിൽ പറയുന്നുണ്ട്. മാസങ്ങളായും വർഷങ്ങളായും നടക്കുന്ന പല പ്രത്യേക കാരണങ്ങളും അതിന്റെ ഭാഗമാണ്. പക്ഷേ കഴിഞ്ഞ 24 മണിക്കൂറിൽ സംഭവിച്ച കാര്യങ്ങൾ എനിക്ക് വ്യക്തിപരമായി വലിയ വേദനയുണ്ടാക്കി. ഇങ്ങനെ ഒരു സാഹചര്യത്തിൽ എന്നെപ്പോലൊരാൾ കോണ്‍ഗ്രസ് പാർട്ടിയിൽ പ്രവർത്തിക്കുന്നത് എനിക്കോ പാർട്ടിക്കോ നല്ലതാണെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണിത്. 

Read more: അനിലിന്റെ രാജിയിൽ സന്തോഷിക്കുന്നവരിൽ ഞാനുണ്ട്’: സ്വാഗതം ചെയ്ത് യുവ നേതാക്കൾ

ഇനി രാഷ്ട്രീയ കാര്യങ്ങൾ ചിന്തിക്കാതെ പ്രഫഷനൽ കാര്യങ്ങളുമായി മുന്നോട്ടു പോകാനാണ് തീരുമാനം. കോൺഗ്രസ് പാർട്ടിയിൽനിന്നാണ് സമൂഹമാധ്യമങ്ങളിൽ ശക്തമായ ആക്രമണം ഉണ്ടായത്. 2017ലാണ് ഞാൻ കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തിച്ചു തുടങ്ങിയത്. അന്നത്തെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നേരിട്ടു പറഞ്ഞതിനാലാണ് പാർട്ടിയിൽ പ്രവർത്തിച്ചു തുടങ്ങുന്നത്. 2019ൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും, എനിക്ക് ഇന്ത്യയിൽ ഏറ്റവും ഇഷ്ടമുള്ള രാഷ്ട്രീയ നേതാവ് ഡോ.ശശി തരൂരും പറഞ്ഞതിനാലാണ് ഞാൻ കോണ്‍ഗ്രസ് പാർട്ടിക്കു വേണ്ടി പ്രവർത്തിക്കാൻ ഇറങ്ങിയത്. 

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പു വന്നപ്പോൾ എന്റെ പപ്പ ഉൾപ്പെടെ ഖർഗെയുടെ കൂടെ നിന്നപ്പോഴും ഞാൻ തരൂരിന്റെ കൂടെ നിന്നത് ഈ കാരണത്താലാണ്. 2019 മുതൽ കോൺഗ്രസിന് അകത്തൊരു സിസ്റ്റം ഉണ്ടാക്കിയിരുന്നു. വളരെ സാംസ്കാരികമായ സിസ്റ്റം. പക്ഷേ അങ്ങനെ ഒരു സിസ്റ്റം ഈ രീതിയിലേക്ക് അധപ്പതിച്ചു പോയതിൽ എനിക്കു വലിയ വിഷമമുണ്ട്. 2021 വരെ തിരഞ്ഞെടുപ്പുകളിൽ സജീവമായി ഇറങ്ങി. എന്നാൽ ഏതാനും മാസങ്ങളായി പല കാരണങ്ങളാൽ ഞാൻ മാറിനിൽക്കുകയാണ്. ഞാൻ നടത്തിയത് മോശമായ ട്വീറ്റൊന്നുമല്ല. കോൺഗ്രസിന്റെ പാർട്ടി നിലപാടിൽനിന്ന് വിരുദ്ധമായി ഒന്നും അതിൽ പറഞ്ഞിട്ടില്ല. 

Read more: ‘ആന്റണിയുടെ മകനായതിനാൽ രാഷ്ട്രീയത്തിൽ വന്ന‌ അനിലിന് ബാലിശം കളിക്കാനുള്ള സമയമല്ല’

രാജ്യത്തിന്റെ കാതലായ താൽപര്യങ്ങളിൽ അത് പരമാധികാരമായാലും, അഖണ്ഡതയായാലും, സുരക്ഷയായാലും അതിൽ നമ്മൾ രാഷ്ട്രീയം കളിക്കുന്നത് ശരിയല്ല എന്നു മാത്രമാണ് ഞാൻ പറഞ്ഞത്. എന്നാൽ അതിനെ വളച്ചുതിരിച്ച് മോശമായ പരാമർശങ്ങളുണ്ടാക്കി അനാവശ്യമായ വിവാദങ്ങളുണ്ടാക്കി. ഫെയ്സ്ബുക്കിൽ വളരെയധികം മോശമായ കമന്റുകളാണ് എനിക്കു നേരെ ഉയർന്നത്. ഇതൊക്കെ എവിടെനിന്നാണ് വരുന്നതെന്ന് എനിക്ക് നന്നായി അറിയാം. ഇത്രയ്ക്ക് സംസ്കാരശൂന്യരായ ഒരുപറ്റം നേതാക്കളുടെയും അണികളുടെയും ഒരു കൂടാരമായി മാറിയ ഈ കോൺഗ്രസിൽ എന്നെപ്പോലൊരാൾ പ്രവർത്തിക്കുന്നത് ഉചിതമല്ല എന്നു തോന്നിയതു കൊണ്ടാണ് ഞാൻ രാജിവയ്ക്കുന്നത്’– അനിൽ ആന്റണി പറഞ്ഞു. 

ബിബിസി ഡോക്യുമെന്ററിയെ വിമര്‍ശിച്ചുള്ള ട്വീറ്റിന് കോണ്‍ഗ്രസില്‍നിന്നുണ്ടായ കടന്നാക്രമണത്തില്‍ പ്രതിഷേധിച്ചാണ് അനിൽ ആന്റണി പാര്‍ട്ടിപദവികള്‍ രാജിവച്ചത്. രാജ്യത്തിന്‍റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഡോക്യുമെന്‍ററിയിലെ പരാമര്‍ശങ്ങളെന്ന ട്വീറ്റിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. കെപിസിസി ഡിജിറ്റല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍, എഐസിസി സോഷ്യല്‍മീഡിയ നാഷനല്‍ കോഓര്‍ഡിനേറ്റര്‍ പദവികളാണ് രാജിവച്ചത്.

English Summary: Anil Antony against congress leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com