ADVERTISEMENT

തിരുവനന്തപുരം∙ രാജ്യസ്നേഹികൾക്ക് കോൺഗ്രസിൽ പ്രവർത്തിക്കാനാവാത്ത സാഹചര്യമാണെന്നതിന്റെ ഉദാഹരണമാണ് അനിൽ ആന്റണിയുടെ രാജിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും പരമാധികാരത്തിനും നേരെയുള്ള വിദേശശക്തികളുടെ കടന്നുകയറ്റത്തെ എതിർത്തതാണ് അനിൽ ആന്റണി കോൺഗ്രസിന് അനഭിമതനാവാൻ കാരണം. കോൺഗ്രസ് താൽകാലിക ലാഭത്തിനു വേണ്ടി രാജ്യതാൽപര്യം ഹനിക്കുന്നതു പതിവാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

‘‘വിദേശശക്തികൾ ഇന്ത്യയിൽ വന്ന് തങ്ങളുടെ താൽപര്യത്തിന് അനുസരിച്ച് അന്വേഷണം നടത്തി രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ എടുത്ത വികലമായ ഡോക്യുമെന്ററിയെ എതിർക്കേണ്ടതിനു പകരം അതു സംസ്ഥാനം മുഴുവൻ പ്രദർശിപ്പിക്കുകയാണ് കേരളത്തിലെ കോൺഗ്രസ് ചെയ്യുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയെ പോലെ ഇന്ത്യാ വിരുദ്ധ സമീപനം സ്വീകരിക്കുന്ന പാർട്ടിയായി കോൺഗ്രസും അധഃപതിച്ചു കഴിഞ്ഞു. പോപ്പുലർ ഫ്രണ്ടിന്റെ ജോലിയാണ് കേരളത്തിൽ കോൺഗ്രസ് ചെയ്യുന്നതെന്ന് എല്ലാവർക്കും ബോധ്യമായി. രാജ്യത്തെ തകർക്കാനുള്ള ഇടത്-ജിഹാദി സഖ്യത്തിനു കേരളത്തിലെ കോൺഗ്രസ് കൈകൊടുത്തിരിക്കുകയാണ്. ഭീകരരുടെ വോട്ട് ലക്ഷ്യം വച്ചുള്ള അപകടകരമായ ഈ നീക്കത്തിന് കോൺഗ്രസുകാർ തന്നെ മറുപടി കൊടുക്കുമെന്നുറപ്പാണ്. കോൺഗ്രസ് നേതൃത്വത്തിന്റെ ദേശവിരുദ്ധ സമീപനത്തിനു ലഭിച്ച തിരിച്ചടിയാണു ഡിജിറ്റൽ മീഡിയ കൺവീനറുടെ രാജി’’– അദ്ദേഹം പറഞ്ഞു.

Read Also: ‘കിഴക്കൻ ലഡാക്കിലെ 26 പട്രോള്‍ പോയിന്റുകളിലെ നിയന്ത്രണം ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു’

‘‘കേരളത്തിൽ ദേശവിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ സർക്കാർ സഹായം ചെയ്യുകയാണ്. അനധികൃതമായി നടക്കുന്ന പ്രദർശനങ്ങൾക്കു സംരക്ഷണം കൊടുക്കുകയും അതിനെതിരെ രാജ്യസ്നേഹികൾ നടത്തുന്ന ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്താനുമാണ് പൊലീസ് ശ്രമിക്കുന്നത്. മതസ്പർധയുണ്ടാക്കുന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ച് നാട്ടിൽ കലാപമുണ്ടാക്കി, ഭരണവിരുദ്ധ വികാരത്തിൽനിന്നു ശ്രദ്ധ തിരിക്കാമെന്നാണു സംസ്ഥാന സർക്കാർ കരുതുന്നത്’’- സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

English Summary: K Surendran on Anil Antony's Resignation 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com