മോദി ഡോക്യുമെന്ററി: അനിൽ ആന്റണി രാജിവച്ചു; ഇരട്ടത്താപ്പെന്ന് കുറ്റപ്പെടുത്തൽ

anil-antony-5
അനിൽ ആന്റണി.Image.Facebook
SHARE

ന്യൂഡൽഹി ∙ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററിയെ പിന്തുണയ്ക്കുന്ന കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടിൽനിന്ന് വ്യതിചലിച്ച് വിവാദത്തിൽ ചാടിയ അനിൽ ആന്റണി പാർട്ടി പദവികളിൽനിന്ന് രാജിവച്ചു. ട്വിറ്ററിലൂടെയാണ് രാജിക്കാര്യം അനിൽ പരസ്യമാക്കിയത്. കെപിസിസി ‍ഡിജിറ്റിൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽമീഡിയ നാഷനൽ കോഓർഡിനേറ്ററുമായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവർക്ക് ഇരട്ടത്താപ്പാണെന്ന് കുറ്റപ്പെടുത്തിയാണ് അനിലിന്റെ രാജി പ്രഖ്യാപനം.

മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെ മകനായ അനിൽ കെ.ആന്റണി ബിബിസിക്കെതിരെ പോസ്റ്റ് ചെയ്ത ട്വീറ്റ് കോൺഗ്രസിൽ വൻ വിവാദമായിരുന്നു. ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളേക്കാൾ ബിബിസിയുടെ വീക്ഷണത്തിനു മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണെന്നുമാണ് അനിൽ പറഞ്ഞത്. ഡിജിറ്റൽ സെല്ലിന്റെ പുനഃസംഘടന പൂർത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനകൾക്കു പാർട്ടിയുമായി ബന്ധമില്ലെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ വ്യക്തമാക്കിയിരുന്നു. അനിലിന്റെ നിലപാട് തള്ളി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവരും രംഗത്തുവന്നു.

‘‘കെപിസിസിയിലും എഐസിസിയിലും വഹിക്കുന്ന എല്ലാ പദവികളും ഞാൻ രാജിവയ്ക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവർ ഒരു ട്വീറ്റിൽ അസഹിഷ്ണുക്കളായി അത് പിൻവലിക്കാൻ നിർബന്ധിക്കുന്നു. ഞാൻ ആ ആവശ്യം നിരസിച്ചു. സ്നേഹം പ്രചരിപ്പിക്കാനായി നടത്തുന്നൊരു യാത്രയെ പിന്തുണയ്ക്കുന്നവർ ഫെയ്സ്ബുക് വാളിൽ വന്ന് ചീത്ത വിളിക്കുന്നു. അതിന്റെ പേരാണ് കപടത. എന്തായാലും ജീവിതം മുന്നോട്ടുതന്നെ നീങ്ങുന്നു’ – അനിൽ ട്വീറ്റിൽ കുറിച്ചു.

‘‘ഇന്നലത്തെ സംഭവവികാസങ്ങൾ പരിഗണിക്കുമ്പോൾ, കോൺഗ്രസിൽ ഞാൻ വഹിക്കുന്ന കെപിസിസിയുടെ ഡിജിറ്റൽ മിഡിയ കൺവീനർ, എഐസിസിയുടെ സോഷ്യൽ മിഡിയ ആൻഡ് ഡ‍ിജിറ്റൽ കമ്യൂണിക്കേഷൻസ് സെൽ കോഓഡിനേറ്റർ എന്നീ പദവികൾ രാജി വയ്ക്കുന്നതാണ് ഉചിതം എന്നു വിശ്വസിക്കുന്നു. ദയവായി ഇത് എന്റെ രാജിക്കത്തായി പരിഗണിക്കുക. ഞാൻ‌ ഈ പദവികൾ വഹിച്ചിരുന്ന ചെറിയ കാലയളവിൽ നിര്‍ലോഭം പിന്തുണച്ച സംസ്ഥാന നേതൃത്വം, ഡോ.ശശി തരൂർ, എണ്ണമറ്റ പാർട്ടി പ്രവർത്തകർ തുടങ്ങി എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.’ – ട്വീറ്റിനൊപ്പമുള്ള രാജിക്കത്തിൽ അനിൽ എഴുതി.

English Summary: KPCC Degital Media Convenor Anil Antony resigns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS