ന്യൂഡൽഹി∙ 4 മലയാളികള്‍ക്ക് പത്മശ്രീ പുരസ്കാരം ഉൾപ്പെടെ ഈ വർഷത്തെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. ഗാന്ധിയൻ വി.പി.അപ്പുക്കുട്ട പൊതുവാള്‍, ചരിത്രകാരൻ സി.ഐ.ഐസക്, കളരി ഗുരുക്കൾ എസ്.ആർ.ഡി.പ്രസാദ്, കർഷകൻ ചെറുവയൽ കെ.രാമൻ എന്നീ മലയാളികൾക്കാണ് പത്മശ്രീ പുരസ്കാരം. ആകെ 91 പേർക്കാണ് പത്മശ്രീ പുരസ്കാരം.

ഒആർഎസ് ലായനിയുടെ പ്രയോക്താവ് ദിലിപ് മഹലനോബിസ് ഉൾപ്പെടെ 6 പേർക്കാണ് പത്മവിഭൂഷൻ. 1971ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തിൽ ഇദ്ദേഹം അഭയാർഥി ക്യാംപുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മരണാനന്തര ബഹുമതിയായാണ് പുരസ്കാരം.

ആർക്കിടെക്റ്റ് ബാലകൃഷ്ണ ധോഷി (മരണാനന്തരം), തബല വിദ്വാൻ സാക്കിർ ഹുസൈൻ, കർണാടക മുൻ മുഖ്യമന്ത്രി എസ്.എം.കൃഷ്ണ, ഇന്തോ–അമേരിക്കൻ ഗണിതശാസ്ത്രജ്ഞൻ ശ്രിനിവാസ് വർധൻ, ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവ് (മരണാനന്തരം) എന്നിവരാണ് പത്മവിഭൂഷൻ നേടിയ മറ്റുള്ളവർ.

ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ ഭാര്യയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തി, ഗായിക വാണി ജയറാം ഉൾപ്പെടെ 15 പേർക്കാണ് പത്മഭൂഷൻ.

സംഗീത സംവിധായകൻ എം.എം.കീരവാണി, രത്തൻ ചന്ദ്ര ഖർ, ഹിരാഭായ് ലോബി, മുനിശ്വർ ചന്ദേർ ദാവർ, നാഗാലാൻഡിലെ സാമൂഹിക പ്രവർത്തകൻ രാംകുവങ്ബെ നുമെ, നാഗാലാൻഡ് മുവാ സുബോങ്, മംഗള കാന്തി റോയി, തുല രാമ ഉപ്‌റേതി എന്നിവരും പത്മശ്രീ പുരസ്കാരത്തിന് അർഹരായി.

∙ വി.പി.അപ്പുക്കുട്ട പൊതുവാള്‍
ഗാന്ധിയെയും ഖാദിയെയും കൂട്ടുപിടിച്ച ജീവിതമാണ് വി.പി.അപ്പുക്കുട്ട പൊതുവാളിന്റേത് (99). പരേതരായ കരിപ്പത്ത് കമ്മാരപ്പൊതുവാളുടെയും വി.പി.സുഭദ്രാമ്മയുടെയും മകനായി 1923 ഒക്ടോബർ 9നാണ് ജനനം. സ്വതന്ത്രസമരസേനാനി, ഖാദിപ്രചാരകൻ, എഴുത്തുകാരൻ തുടങ്ങിയ മേഖലകളിൽ അദ്ദേഹം സാന്നിധ്യം അറിയിച്ചു. 1934 ജനുവരി 12ന് ഗാന്ധിജിയെ കാണാനും പ്രസംഗം കേൾക്കാനും ഇടയായതാണ് ജീവിതത്തിൽ വഴിത്തിരിവായത്.
1930ന് ഉപ്പുസത്യാഗ്രഹ ജാഥ നേരിട്ടുകണ്ടത് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകുന്നതിലേക്ക് നയിച്ചു. 1942ൽ വി.പി.ശ്രീകണ്ഠപൊതുവാളെ ബ്രിട്ടിഷ് പൊലീസ് അറസ്റ്റ് ചെയ്തതോടെ സമരരംഗത്ത് സജീവമായി. സമരസമിതിയുടെ നിർദേശാനുസരണം പിന്നണിയിൽ പ്രവർത്തിച്ച അദ്ദേഹം വിദ്യാർഥി വിഭാഗത്തിന്റെ നേതൃത്വം ഏറ്റെടുത്തു. പ്രവർത്തനങ്ങളെ തുടർന്ന് 1943ൽ അറസ്റ്റിലായെങ്കിലും തെളിവില്ലാത്തതിന്റെ പേരിൽ തലശ്ശേരി കോടതി വിട്ടയച്ചു.
1944ൽ അഖില ഭാരതീയ ചർക്കസംഘത്തിന്റെ കേരള ശാഖയിൽ ചേർന്നു പ്രവർത്തിച്ചു. 1957ൽ കെ.കേളപ്പൻ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചതോടെ അപ്പുക്കുട്ട പൊതുവാളും സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് ഗാന്ധിയൻ പ്രവർത്തനങ്ങളിലും ഖാദി പ്രവർത്തനങ്ങളിലും സജീവമായി. 1947 മുതൽ മദിരാശി സർക്കാരിനു കീഴിൽ പയ്യന്നൂരിലെ ഊർജിത ഖാദി കേന്ദ്രത്തിന്റെ ചുമതലക്കാരനായും 1962 മുതൽ അഖില ഭാരതീയ ഖാദി ഗ്രാമോദ്യോഗ കമ്മിഷനിൽ സീനിയർ ഓഡിറ്ററായും പ്രവർത്തിച്ചു. വിനോഭഭാവെ, ജയപ്രകാശ് നാരായണൻ എന്നിവരോടൊപ്പം ഭൂദാനപദയാത്രയിലും പങ്കാളിയായി.
English Summary: Padma Awards 2023 Announced