ADVERTISEMENT

ഇസ്‌ലാമാബാദ് ∙ ശ്രീലങ്കയ്ക്കു പിന്നാലെ പാക്കിസ്ഥാനും കനത്ത സാമ്പത്തികത്തകർച്ചയിലേക്ക്. ‘ദക്ഷിണേഷ്യയിലെ ഏറ്റവും ദയനീയ സമ്പദ്‌വ്യവസ്ഥ’യെന്നാണ് ലോകബാങ്ക് പാക്കിസ്ഥാനെ വിശേഷിപ്പിക്കുന്നത്. വിദേശസഹായം കൊണ്ടു മാത്രമേ പാക്കിസ്ഥാനെ കുറച്ചെങ്കിലും കരകയറ്റാൻ കഴിയൂവെന്നും അതിനൊപ്പം ശക്തമായ ഒരു ഭരണകൂടം കൂടി വേണമെന്നും രാജ്യാന്തര നിരീക്ഷകർ വിലയിരുത്തുന്നു.

2022 ൽ വിലക്കയറ്റം 25% വരെ വർധിച്ചെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ റിപ്പോർട്ട്. അതിന്റെ ഫലമായി ഇന്ധനം, അരി, മറ്റു ഭക്ഷ്യധാന്യങ്ങൾ, പഞ്ചസാര തുടങ്ങിയവയ്ക്കും വില കുത്തനെ കൂടി. ചില പച്ചക്കറികൾക്ക് 500% വരെ വില കയറിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരി 6 ന് സവാള വില കിലോയ്ക്ക് 36.7 രൂപയായിരുന്നെങ്കിൽ ഈ ജനുവരി അഞ്ചിന് അത് 220.4 രൂപയായി. ഇന്ധന വില 61% ആണ് വർധിച്ചത്. രാജ്യത്ത് ചിലയിടങ്ങളിൽ ഒരു കിലോ ധാന്യപ്പൊടിക്ക് 3000 രൂപ വരെയാണ് വില. ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ ജനങ്ങൾ തമ്മിലടിക്കുന്നതിന്റെയും ഭക്ഷണ ട്രക്കുകൾക്കു പിന്നാലെ പായുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

അതിനിടെ, ഡോളറിനെതിരെ പാക്കിസ്ഥാൻ രൂപ കൂപ്പുകുത്തി. ഒരു യുഎസ് ഡോളർ ലഭിക്കണമെങ്കിൽ 255.43 പാക്കിസ്ഥാനി രൂപ നൽകണം. ഒരു ദിവസം കൊണ്ട് 24.54 രൂപയാണ് ഇടിഞ്ഞത്. 1999നു ശേഷം ആദ്യമായാണ് ഒറ്റദിവസം കൊണ്ട് ഇത്രയും ഇടിവുണ്ടാകുന്നത്. രാജ്യാന്തര നാണ്യനിധിയിൽനിന്ന് (ഐഎംഎഫ്) കൂടുതൽ വായ്പ ലഭിക്കാൻ വിനിമയനിരക്കിൽ അയവു വരുത്തിയതോടെയാണ് പാക്ക് രൂ‌പയുടെ മൂല്യം കുത്തനെ ഇടിഞ്ഞത്.

സർക്കാർ ജീവനക്കാരുടെ ശമ്പളം 10% വെട്ടിക്കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു. മന്ത്രിമാരുടെയും ഉപദേഷ്ടാക്കളുടെയും എണ്ണമടക്കം കുറച്ച്, മന്ത്രാലയങ്ങളുടെ ചെലവുകൾ‍ 15% വെട്ടിക്കുറയ്ക്കണമെന്നും നാഷനൽ ഓസ്റ്ററിറ്റി കമ്മിറ്റി (എൻഎസി) നൽകിയ ശുപാർശകളിൽ പറയുന്നു.

അതേസമയം, സഹായത്തിന്റെ അടുത്ത ഗഡു നൽകുന്നതിനു മുന്നോടിയായി ഐഎംഎഫ് സംഘം അടുത്തയാഴ്ച പാക്കിസ്ഥാനിലെത്തും. ഏഴു ബില്യൻ യുഎസ് ഡോളറിന്റെ സഹായമാണ് പാക്കിസ്ഥാൻ തേടിയിരിക്കുന്നത്. ഇത് ഒൻപതാം വട്ടമാണ് ഐഎംഎഫുമായി ചർച്ച നടത്തുന്നത്. ഇപ്പോൾ 1.18 ബില്യൻ ഡോളർ വിട്ടുകിട്ടുന്നതിനാണ് ചർച്ച.

ഇതിനൊപ്പം തിങ്കളാഴ്ച ആവശ്യത്തിൽക്കൂടുതൽ വൈദ്യുതി ഉൽപാദിപ്പിച്ചതിനാലുണ്ടായ വോൾട്ടേജ് വ്യതിയാനത്തിൽ വൈദ്യുതി വിതരണ സംവിധാനം (ഗ്രിഡ്) തകരാറിലായതോടെ 20 കോടിയോളം ജനങ്ങൾ ഇരുട്ടിലായി. മൂന്നുമാസത്തിനിടെ ദക്ഷിണേഷ്യയിൽ ഉണ്ടാകുന്ന മൂന്നാമത്തെ വലിയ വൈദ്യുത തടസ്സമാണിതെന്നാണ് റിപ്പോർട്ട്. പ്രധാന പാക്ക് നഗരങ്ങളായ കറാച്ചി, ഇസ്‌ലാമാബാദ്, ലഹോർ, പെഷാവർ എന്നിവിടങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടു. ആശുപത്രികളെയും സ്കൂളുകളെയും ഫാക്ടറികളെയും ഇന്റർനെറ്റ്, മൊബൈൽ ഫോൺ സേവനങ്ങളെയും ഇതു ബാധിച്ചു. ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ജനങ്ങൾക്ക് ഇന്ധനം വാങ്ങേണ്ടിവന്നു. ചൊവ്വാഴ്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും 24 മണിക്കൂർ വൈദ്യുതി ഇല്ലാതെ വന്നത് ജനത്തെ ദുരിതത്തിലാക്കി.

English Summary: Pakistan Rupee Slumps To Record Low, Crisis-Hit Nation Seeks Bailout

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com