തിരുവനന്തപുരം∙ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ജനസ്വീകാര്യത കണ്ട് ഹാലിളകിയ ബിജെപി ഭരണകൂടം, പദയാത്രയെ അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് സുരക്ഷ പിന്‍വലിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് ജനുവരി 28ന് സംസ്ഥാനത്തുടനീളം മണ്ഡലതലത്തില്‍ വൈകിട്ട് 4ന് രാഹുല്‍ ഗാന്ധിക്കും ഭാരത് ജോഡോ യാത്രയ്ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൊതുസമ്മേളനവും സര്‍വമത പ്രാര്‍ഥനയും സംഘടിപ്പിക്കും.
രാഹുല്‍ ഗാന്ധിയുടെ ജീവന്‍ വച്ചാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും രാഷ്ട്രീയം കളിക്കുന്നത്. അതീവ സുരക്ഷ വേണ്ടുന്ന മേഖലയാണ് കശ്മീര്‍ താഴ്‌വര. ഒരു മുന്നറിയിപ്പുമില്ലാതെയാണ് ജോഡോ യാത്രയ്ക്ക് നല്‍കിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിന്‍വലിച്ചത്. ഇതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നതില്‍ സംശയമില്ല.
മതിയായ സുരക്ഷ ഒരുക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടതാണ്. അപ്രതീക്ഷിതമായി സുരക്ഷ പിന്‍വലിക്കാനുണ്ടായ സാഹചര്യമെന്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്ത്യന്‍ ജനതയോട് തുറന്ന് പറയണം. ദുരൂഹമായ സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.
English Summary: K Sudhakaran on Rahul Gandhi's security concerns