ന്യൂഡൽഹി∙ ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം. ഹൈക്കോടതി വിധി പരിഗണിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. വധശ്രമക്കേസിൽ ഫൈസലിന്റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തിരഞ്ഞെടുപ്പ് നടത്തുന്നതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം എടുക്കുമ്പോൾ മുഹമ്മദ് ഫൈസൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ കവരത്തി സെഷൻസ് കോടതിയുടെ വിധി റദ്ദാക്കിയ ഹൈക്കോടതിയുടെ ഉത്തരവ് കണക്കിലെടുക്കണമെന്നാണ് കോടതിയുടെ നിർദേശം. ഒരു എംഎൽഎ അല്ലെങ്കിൽ എംപി ശിക്ഷിക്കപ്പെടുന്ന ദിവസം തന്നെ അയോഗ്യനാക്കപ്പെടണമെന്നുണ്ട്. എന്നാൽ വിചാരണകോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ ലക്ഷദ്വീപിലെ തിരഞ്ഞെടുപ്പ് അനിശ്ചിതത്തിലാണ്. അപ്പീൽ കൂടി വരാനിരിക്കുന്ന സാഹചര്യത്തിൽ ജനുവരി 31ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിജ്ഞാപനം പുറത്തിറങ്ങില്ലെന്നാണ് സൂചന.
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.എം.സയീദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മുഹമ്മദ് ഫൈസൽ ഉൾപ്പെടെ പ്രതികൾക്ക് 10 വർഷം തടവ് ഉൾപ്പെടെയാണു കവരത്തി സെഷൻസ് കോടതി വിധിച്ചത്. കേസില്‍ രണ്ടാം പ്രതിയാണ് മുഹമ്മദ് ഫൈസല്‍.
എന്നാൽ വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി സസ്പെൻഡ് ചെയ്തു. തുടർന്ന് ഫൈസൽ കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു മോചിതനാവുകയായിരുന്നു. മുഹമ്മദ് ഫൈസലിന്റെ കേസ് അപൂർവവും അസാധാരണവുമായ സാഹചര്യത്തിലുള്ളതാണെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പു നടത്തുന്നത് ഭീമമായ ചെലവിന് വഴിയൊരുക്കുമെന്നും ജയിക്കുന്നയാൾക്ക് ഒന്നര വർഷത്തിൽ താഴെ മാത്രമേ കാലയളവുണ്ടാകൂ എന്നും വിലയിരുത്തി. വിചാരണക്കോടതി മുഹമ്മദ് ഫൈസലിനെ കുറ്റക്കാരനായി കണ്ടെത്തിയത് അപ്പീൽ കോടതി സസ്പെൻഡ് ചെയ്താൽ അയോഗ്യത ഇല്ലാതാകുമെന്നു കോടതി വ്യക്തമാക്കി. മുഹമ്മദ് ഫൈസലിനെ കുറ്റക്കാരനായി കണ്ടെത്തിയത് സസ്പെൻഡ് ചെയ്തില്ലെങ്കിൽ പ്രതി മാത്രമല്ല, രാജ്യവും നേരിടേണ്ടത് വലിയ അനന്തരഫലമാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
English Summary: Mohammed Faizal's Plea against Lakshadweep by-poll