ചെന്നൈ∙ കാമുകിയുമായുള്ള ബന്ധം തകർന്നതിനു പിന്നാലെ 29കാരനായ ഡോക്ടർ സ്വന്തം മെഴ്സിഡീസ് കാർ കത്തിച്ചു. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് സംഭവം. കാഞ്ചീപുരത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ സഹപാഠിയായിരുന്ന പെൺകുട്ടിയുമായുള്ള ബന്ധം തകർന്നതിനുപിന്നാലെ ഇയാൾ വിഷാദരോഗത്തിന് അടിമയായെന്നാണ് പൊലീസ് പറയുന്നത്.
വിഷാദരോഗത്തിന് ചികിത്സയിൽ ആയിരുന്നു. കാർ കത്തിച്ചതിനു പിന്നാലെ ഡോക്ടർ അതിനുള്ളിൽ കയറിയിരുന്നത് ജീവനൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പൊലീസ് കരുതുന്നത്. കാമുകിക്കൊപ്പം സ്ഥിരമായി എത്തിയിരുന്ന കുളത്തിനു സമീപം വച്ചാണ് കാർ കത്തിക്കാൻ ശ്രമിച്ചത്. കത്തിയ കാറിനുള്ളിൽ കുറച്ചുനേരം ഇയാൾ ഇരുന്നെങ്കിലും ശ്വാസതടസ്സം നേരിട്ടതോടെ പുറത്തിറങ്ങുകയായിരുന്നു.
പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. കാർ പൂർണമായി കത്തിനശിച്ചു. പെൺകുട്ടിയെ പൊലീസ് കണ്ടെത്തി. അവർ സുരക്ഷിതയായിരിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു. ധർമപുരി ജില്ലയിൽനിന്നുള്ളവരാണ് ഡോക്ടറുടെ കുടുംബം.
English Summary: Depressed After Breakup, Doctor Sets His Mercedes On Fire In Tamil Nadu