ജയ്പുർ∙ രാജസ്ഥാനിലെ ഭരത്പുരിൽ തകർന്നുവീണത് വ്യോമസേനയുടെ മിറാഷ് 2000 ആണെന്ന് റിപ്പോർട്ട്. ഗ്വാളിയോർ വ്യോമത്താവളത്തിൽനിന്നു പുറപ്പെട്ട സുഖോയ്-30, മിറാഷ് 2000 വിമാനങ്ങൾ വ്യോമസേനയുടെ പരിശീലന അഭ്യാസ പ്രകടനത്തിനിടെ ആകാശത്തുവച്ച് കൂട്ടിയിടിച്ചിരുന്നു. സുഖോയ്–30 വിമാനം മധ്യപ്രദേശിലെ മൊറേനയിൽ തകർന്നു വീണിട്ടുണ്ട്. ആ മിറാഷ് 2000 വിമാനമാണ് രാജസ്ഥാനിൽ വീണതെന്നാണ് റിപ്പോർട്ടുകൾ. മിറാഷിലെ പൈലറ്റ് ഇജക്ട് ചെയ്തെങ്കിലും മരിച്ചുവെന്നാണ് റിപ്പോർട്ട്.
എന്നാൽ, മധ്യപ്രദേശിൽ കൂട്ടിയിടിച്ച വിമാനമാണോ ഇതെന്ന് വ്യോമസേനാ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ഇവർ സ്ഥലത്തേക്ക് പുറപ്പെട്ടു. ചാർട്ടർ ചെയ്ത വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് ഭരത്പുർ ജില്ലാ കലക്ടർ അലോക് രഞ്ജൻ അറിയിച്ചത് ആശയക്കുഴപ്പം ഉണ്ടായിരുന്നു.
ഭരത്പുരിലെ സാവെർ പൊലീസ് സ്റ്റേഷന്‍ പരിധിയിൽ നഗ്‌ല വീസ എന്ന സ്ഥലത്താണ് ശനിയാഴ്ച രാവിലെ വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിമാനാവശിഷ്ടങ്ങൾക്ക് തീപിടിച്ച് സ്ഫോടനം ഉണ്ടാവുകയും ചെയ്തു. ഗ്രാമത്തിനടുത്ത് പാടത്താണ് വിമാനാവശിഷ്ടങ്ങൾ കണ്ടതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
English Summary: A flight crashed in Rajasthan's Bharatpur