കൊച്ചി ∙ കാലടി കാഞ്ഞൂരിൽ ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മൃതശരീരത്തോടു ലൈംഗിക ആക്രമണം നടത്തി ഭർത്താവിന്റെ ക്രൂരത. തൊട്ടു പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്നു പരാതിയും. മഹേഷ് കുമാറാണ് ഭാര്യ തമിഴ്നാട് തെങ്കാശി സ്വദേശി രത്നവല്ലിയെ(35) കഴിഞ്ഞ രാത്രിയിൽ കൊലപ്പെടുത്തിയശേഷം കാണാനില്ലെന്നു കാണിച്ചു പൊലീസിനു പരാതി നൽകിയത്.
ഇയാളുടെ മൊഴിയിൽ വൈരുദ്ധ്യം വ്യക്തമായതോടെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് കൊലപാതകം സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നത്. മഹേഷ്കുമാറും തമിഴ്നാട് സ്വദേശിയാണ്. ഇന്നലെ രാത്രി 7നും 9നും ഇടയിലാണു കൊലപാതകം. ഇരുവരും കാഞ്ഞൂരിൽ കൂലിപ്പണി ചെയ്തു ജീവിക്കുന്നവരാണ്.
വീടിനടുത്തുള്ള ജാതിത്തോട്ടത്തിൽ കഴുത്തു ഞെരിച്ച് ഇയാൾ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നത്രെ. തുടർന്നു ഇയാൾ ലൈംഗികമായി ആക്രമിച്ചെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. രത്നവല്ലിയുടെ മൃതദേഹം നഗ്നമായി കിടന്നതാണു പൊലീസിൽ സംശയം ജനിപ്പിച്ചത്. ഇതോടയാണു മൃതദേഹത്തോട് അനാദരവു കാണിച്ചതു വ്യക്തമായത്. മഹേഷ് കുമാറിനെതിരെ കൊലപാതകക്കുറ്റത്തിനൊപ്പം കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നു പൊലീസ് വ്യക്തമാക്കി.
English Summary: Husband kills Wife at Kalady