കൊച്ചി ∙ കെ.ബി.ഗണേഷ്കുമാർ സര്‍ക്കാരിനെപ്പറ്റി അഭിപ്രായം പറയേണ്ടത് ഇടതു മുന്നണിയിലെന്ന് സിപിഎം നേതാവ് പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ. ഇടതുമുന്നണി ഘടകകക്ഷി നേതാവായിരിക്കെ പറഞ്ഞത് ശരിയോ എന്ന് അദ്ദേഹം ആലോചിക്കണം. ധവളപത്രം വേണമെന്നാണെങ്കില്‍ അദ്ദേഹം മുന്നണിയില്‍ പറയണം. കേരള കോണ്‍ഗ്രസുള്ള മുന്നണിയില്‍ അവര്‍ പൊട്ടലുംചീറ്റലും ഉണ്ടാക്കാന്‍ ശ്രമിക്കും. അവര്‍ ശീലിച്ചുവന്നതിന്റെ ഭാഗമായാണു പരസ്യമായി അഭിപ്രായം പറയുന്നത്. മനോരമ ന്യൂസ് കൗണ്ടര്‍പോയന്റിൽ സംസാരിക്കുകയായിരുന്നു ചിത്തരഞ്ജന്‍.
ഭരണപക്ഷ എംഎൽഎമാരെപ്പോലും സർക്കാർ അവഗണിക്കുകയാണെന്നു കഴിഞ്ഞദിവസം എൽഡിഎഫ് നിയമസഭാകക്ഷി യോഗത്തിൽ ഗണേഷ്കുമാർ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. തുറന്നുപറയുന്നതിന്റെ പേരിൽ നടപടി എടുക്കാനാണെങ്കിൽ അതു ചെയ്തോളൂ എന്ന വെല്ലുവിളിയുമായി ഗണേഷ് വേദി വിടുകയും ചെയ്തു. നിയമസഭാ സമ്മേളനം തുടങ്ങുന്നതിനു മുൻപായിരുന്നു യോഗം. കഴിഞ്ഞ ബജറ്റിൽ ഓരോ എംഎൽഎയ്ക്കും 20 പ്രവൃത്തിവീതം തരാമെന്നുപറഞ്ഞ് എഴുതിവാങ്ങി. ഒറ്റയെണ്ണം പോലും തന്നില്ല. ഭരണപക്ഷക്കാരുടെ സ്ഥിതിതന്നെ ഇതാണെന്നും ഗണേഷ് പറഞ്ഞതു വിവാദമായി.
English Summary: PP Chitharanjan slams KB Ganeshkumar for publicly criticize Kerala government