കൊച്ചി∙ ആലുവയിലെ പ്രവാസി വ്യവസായിയിൽ നിന്ന് മരുമകന്‍ 108 കോടി രൂപ തട്ടിയെടുത്ത കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് പരാതി. ആലുവ റൂറല്‍ ക്രൈംബ്രാഞ്ചും പ്രോസിക്യൂഷനും പ്രതികള്‍ക്ക് ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ച് പരാതിക്കാരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ എറണാകുളം റെയ്ഞ്ച് ഡിഐജിക്ക് നിര്‍ദേശം നൽകി.
മരുമകനായ കാസര്‍കോട് സ്വദേശി മുഹമ്മദ് ഹാഫിസ്, സുഹൃത്ത് അക്ഷയ് തോമസ് വൈദ്യൻ എന്നിവര്‍ക്കെതിരെ ആലുവ സ്വദേശി അബ്ദുള്‍ ലാഹിര്‍ ഹസന്‍ നവംബറിലാണ് പരാതി നല്‍കിയത്. പലപ്പോഴായി തട്ടിയെടുത്ത പണത്തിന് പുറമേ മകള്‍ക്ക് നല്‍കിയ 1,000 പവന്‍ സ്വര്‍ണം, വജ്രാഭരണങ്ങള്‍, ഒന്നര കോടി രൂപയുടെ കാര്‍, കോടികള്‍ വിലമതിക്കുന്ന കെട്ടിടങ്ങള്‍ എന്നിവ തട്ടിയെടുത്തുവെന്നാണ് പരാതി.
ആലുവ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കായിരുന്നു അന്വേഷണ ചുമതല. അന്വേഷണം രണ്ടു മാസം പിന്നിട്ടെങ്കിലും പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ നടപടിയുണ്ടായില്ല. മുഹമ്മദ് ഹാഫിസ് തട്ടിയെടുത്ത ഒന്നര കോടി രൂപയുടെ കാറും പൊലീസിന് കണ്ടെത്താനായില്ല. മുഹമ്മദ് ഹാഫിസിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി ട്രാന്‍സിറ്റ് ബെയിലിനുള്ള അവസരം പൊലീസ് ഒരുക്കി നല്‍കിയെന്നും അബ്ദുള്‍ ലാഹിര്‍ ഹസന്‍ മുഖ്യമന്ത്രിക്കയച്ച കത്തിൽ ആരോപിക്കുന്നു.
വിദേശത്ത് പോകാനായി വീസ പുതുക്കാൻ പ്രതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രോസിക്യൂഷൻ ശക്തമായി ഇടപെടാത്തതും സംശയം ബലപ്പെടുത്തുന്നു. ഉന്നത ഇടപെടലാണ് പൊലീസ് ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പ്രതിക്ക് അനുകൂലമായി നിലപാടെടുക്കാന്‍ കാരണമെന്നാണ് ആരോപണം. ജനുവരി 18ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ബുധനാഴ്ചയാണ് അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ഉത്തരവിറക്കിയത്. ഡിഐജി എ.ശ്രീനിവാസിനാണ് അന്വേഷണ ചുമതല.
English Summary: Businessman accuses son-in-law of cheating him of Rs 108 crore