കൊച്ചി∙ മരട് നഗരസഭാ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി. പരുക്കേറ്റ ഉപാധ്യക്ഷ രശ്മി സനിലിനെയും മുതിർന്ന അംഗം ബേബി പോളിനെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പേസ്മേക്കർ ഉപയോഗിക്കുന്നതിനാൽ രശ്മി സനിലിന്റെ ആരോഗ്യനിലയിൽ ആശങ്കയുണ്ട്. ഡിവിഷൻ ഫണ്ട് അനുവദിക്കുന്നതിലെ അപര്യാപ്തത ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണു സംഘർഷമുണ്ടായത്.
അതേസമയം, തൃപ്പൂണിത്തുറ നഗരസഭാ അധ്യക്ഷയ്ക്ക് എതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസം പാസായില്ല. അവിശ്വാസ ചർച്ച ബഹിഷ്‌കരിച്ച് ആദ്യം തന്നെ 23 എൽഡിഎഫ് അംഗങ്ങൾ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോയി. ഒരു മണിക്കൂറോളം നീണ്ട ചർച്ചയ്ക്കുശേഷം എൽഡിഎഫുമായോ ബിജെപിയുമായോ സംഖ്യത്തിന് ഇല്ലെന്നു പറഞ്ഞ് എട്ട് കോൺഗ്രസ് അംഗങ്ങളും യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.
പിന്നാലെ സ്വതന്ത്ര അംഗവും യോഗം ബഹിഷ്‌കരിച്ചതോടെ 49 അംഗ കൗൺസിലിൽ അവിശ്വാസത്തെ പിന്തുണയ്ക്കുന്ന 17 ബിജെപി അംഗങ്ങൾ മാത്രമായി. തുടർന്ന് അവിശ്വാസം പരാജയപ്പെടുകയായിരുന്നു.
English Summary: Councilors clash at Maradu Municipality