പെഷാവാർ∙ പാക്കിസ്ഥാനിലെ പെഷാവറില്‍ മുസ്‌ലിം പള്ളിയിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 46 പേർ കൊല്ലപ്പെട്ടു. 100ൽ ഏറെപ്പേര്‍ക്കു പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഏറെപ്പേരും പൊലീസ്, സുരക്ഷാ, ബോംബ് സ്ക്വാഡ് വിഭാഗങ്ങളിൽപ്പെടുന്നവരാണ്. പൊലീസ് ലൈനിലുള്ള പള്ളിയില്‍ പ്രാദേശികസമയം 1.40ന് പ്രാര്‍ഥനയ്ക്കിടെയാണ് സ്ഫോടനമുണ്ടായത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞുള്ള പ്രാർഥനയ്ക്കിടെയായിരുന്നു ആക്രമണം.
വിശ്വാസികളുടെ ഇടയിൽ മുൻനിരയിൽ ഇരുന്നയാളാണു സ്ഫോടനം നടത്തിയതെന്നാണു പ്രാഥമികവിവരം. മരിച്ച 38 പേരുടെ പേരുകളാണ് പെഷാവർ പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. പരുക്കേറ്റവരിലും നിരവധി പൊലീസുകാരുണ്ട്. ആക്രമണ സമയം 300–400 പൊലീസുകാർ വരെ സ്ഥലത്തുണ്ടായിരുന്നു.
മേഖല മുഴുവന്‍ പൊലീസ് സീല്‍ ചെയ്തു. ആംബുലന്‍സുകള്‍ ഒഴികെയുള്ള ഒരു വാഹനവും കടത്തിവിടുന്നില്ല. പരുക്കേറ്റ ഒട്ടേറെപ്പേരുടെ നില അതീവഗുരുതരമാണെന്ന് പെഷാവറിലെ ലേഡി റീഡിങ് ആശുപത്രി വക്താവ് മുഹമ്മദ് അസീം അറിയിച്ചു. നാലുതലത്തിൽ സുരക്ഷാ പരിശോധന നടത്തിയശേഷമേ പള്ളിയിലേക്ക് പ്രവേശിക്കാനാകുകയുള്ളൂ. സുരക്ഷാവീഴ്ചയുണ്ടായെന്നാണ് ഇതിൽനിന്നു വ്യക്തമാകുന്നതെന്ന് പൊലീസ് കമ്മിഷണർ പെഷാവർ മുഹമ്മദ് ഇജാസ് ഖാൻ അറിയിച്ചു.
തെഹ്‌രീകെ താലിബാൻ പാക്കിസ്ഥാൻ (പാക്ക് താലിബാൻ – ടിടിപി) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കൊല്ലപ്പെട്ട പാക്ക് താലിബാൻ നേതാവ് ഉമർ ഖാലിദ് ഖുറസാനിയുടെ സഹോദരൻ പ്രതികാര ആക്രമണമാണിതെന്ന് വെളിപ്പെടുത്തി. കഴിഞ്ഞ ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ വച്ചാണ് ഖുറസാനി കൊല്ലപ്പെട്ടത്.
സ്ഫോടനത്തില്‍ കെട്ടിടം ഭാഗികമായി തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കടിയില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്നും ഇവരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം പെഷാവറിലെ ഷിയ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടിരുന്നു.
English Summary: Explosion hits mosque in Pakistan's Peshawar