താൻ ഉത്തരവാദിത്തമുള്ള നേതാവെന്ന് കാനം; പ്രകാശ് ബാബുവിന് പിന്തുണയില്ല
Mail This Article
തിരുവനന്തപുരം ∙ മുൻ മന്ത്രി ഇ.ചന്ദ്രശേഖരനെ ബിജെപിക്കാർ ആക്രമിച്ച കേസിൽ കൂറുമാറിയ സിപിഎം പ്രവര്‍ത്തകരെ വിമര്‍ശിച്ച സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം പ്രകാശ് ബാബുവിനെ പിന്തുണയ്ക്കാതെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. താന്‍ കുറച്ചുകൂടി ഉത്തരവാദിത്തമുള്ള നേതാവാണ് എന്നായിരുന്നു കാനത്തിന്റെ പ്രതികരണം. കേസില്‍ സംഭവിച്ചതെന്തെന്നു പാര്‍ട്ടിയും മുന്നണിയും പരിശോധിക്കുമെന്നും കാനം പറഞ്ഞു.
കൂറുമാറിയ സിപിഎം പ്രവര്‍ത്തകരെ പ്രകാശ് ബാബു രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ ഇ.ചന്ദ്രശേഖരനെ ബിജെപിക്കാർ ആക്രമിച്ച കേസിലെ കൂറുമാറ്റത്തിൽ സിപിഎം കാസർകോട് ജില്ലാ കമ്മിറ്റിക്കെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. ബിജെപിക്കാരെ എങ്ങനെയും രക്ഷിക്കണമെന്നായിരുന്നോ നിലപാട്? സിപിഎം നിലപാട് അപലപനീയവും പരിഹാസ്യവുമാണ്. സിപിഎം സംസ്ഥാന നേതൃത്വം വിഷയം ഗൗരവത്തിലെടുക്കണമെന്നും പ്രകാശ് ബാബു പറഞ്ഞു.
English Summary: Kanam Rajendran didn't support Prakash Babu for criticising CPM