കൊച്ചി ∙ കൂത്താട്ടുകുളം വടകര സെന്റ് ജോൺസ് സ്കൂളിന് സമീപം വാടകവീടിനു പിന്നിൽ അസം സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. ബബൂൾ ഹുസൈൻ (36) എന്നയാളാണു മരിച്ചത്. മൃതദേഹം ഭാഗികമായി തീപ്പൊള്ളലേറ്റ നിലയിലാണ്. കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ട്. മദ്യലഹരിയിൽ ആയിരുന്ന ഇയാൾ ആത്മഹത്യ ചെയ്തതാണ് എന്നാണു പൊലീസ് നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ മരണകാരണം വ്യക്തമാകൂ എന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി ബബൂലും ഭാര്യ റുക്‌സാനയും തമ്മിൽ വഴക്കുണ്ടായതായി നാട്ടുകാർ പറയുന്നു. റുക്സാനയെ ബബൂൾ മർദിച്ചതിനെ തുടർന്ന് ഇവർ സമീപത്തെ വീട്ടിലാണത്രെ രാത്രി കഴിഞ്ഞത്. രാവിലെ തിരികെ വീട്ടിലെത്തിയപ്പോൾ ബബൂലിനെ വീടിനു പിന്നിൽ മരിച്ച നിലയിലാണു കണ്ടെത്തിയത്. 2 മാസമായി വടകര കീഴാനിക്കൽ മോഹനന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. ബബൂൾ വടകരയിലെ വർക്‌ഷോപ്പിലെ വെൽഡിങ് തൊഴിലാളിയാണ്. റുക്സാന ഓലിയപ്പുറത്തുള്ള സ്ഥാപനത്തിലാണു ജോലി ചെയ്തിരുന്നത്.
Read Also: മഞ്ഞ് വാരിയെറിഞ്ഞ് കളിച്ച് രാഹുലും പ്രിയങ്കയും; മാറിനിന്ന കെ.സിയെയും വിട്ടില്ല: വിഡിയോ...
പതിവായി ഇരുവരും തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്നു സമീപവാസികൾ പറയുന്നു. വഴക്ക് രൂക്ഷമായതോടെ അഞ്ചു വയസ്സുള്ള കുട്ടിയെ നാട്ടിൽ മാതാപിതാക്കളുടെ അടുത്തു വിട്ടിരിക്കുകയാണെന്നു റുക്സാന പറഞ്ഞു. കൂത്താട്ടുകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിനു സമീപത്തുനിന്നു ബ്ലേഡുകളും കത്തിക്കാൻ ഉപയോഗിച്ചെന്നു കരുതുന്ന ഡീസൽ കന്നാസും കണ്ടെടുത്തു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
English Summary: Migrant worker from Assam found dead at Koothattukulam