ADVERTISEMENT

ഒഡീഷ രാഷ്ട്രീയത്തില്‍ ഉയർച്ചയിലേക്ക് കുതിച്ചുകൊണ്ടിരുന്ന ആളായിരുന്നു നബ കിഷോർ ദാസ്. മുഖ്യമന്ത്രി പട്നായിക്കിന്റെ ഏറ്റവും അടുത്ത ആളുകളിലൊരാളായാണ് ആരോഗ്യമന്ത്രിയായ ദാസ് അറിയപ്പെടുന്നത്. ‌ഒ‍ഡീഷ പൊലീസിലെ എഎസ്ഐ ആയ ഗോപാൽകൃഷ്ണ ദാസ് തൊട്ടടുത്ത് നിന്ന് ഉതിർത്ത വെടിയേറ്റ് കൊല്ലപ്പെടുമ്പോൾ പൊടുന്നനെ ഇല്ലാതായത് മുന്നിൽ വിജയകരമായ രാഷ്ട്രീയഭാവിയുള്ള േനതാവും ബിസിനസുകാരനുമായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിൽ ഇത്തരത്തില്‍ നിരവധി നേതാക്കൾ ക്ഷണനേരം കൊണ്ട് ഇല്ലാതായിട്ടുണ്ട്. രണ്ടു പ്രധാനമന്ത്രിമാർ വെടിയേറ്റും സ്ഫോടനത്തിലും കൊല്ലപ്പെട്ടപ്പോൾ കേന്ദ്രമന്ത്രിമാരുൾപ്പെടെ വലിയ രാഷ്ട്രീയഭാവിയുമുള്ള നിരവധി പേർ ഹെലികോപ്റ്റർ, വാഹനാപകടങ്ങളിലും മറ്റും മരിച്ചിട്ടുണ്ട്. ഇതിൽ ചിലരുടെയെങ്കിലും മരണം വലിയ വിവാദമായിട്ടുണ്ട്, ചിലതൊക്കെ പുറത്തുവന്നു, മറ്റു പലതും ഇന്നും അഭ്യൂഹങ്ങളും മറ്റുമായി നിലനിൽക്കുന്നു. രാഷ്ട്രീയ നേതാക്കളുടെയും മറ്റും മരണം സമൂഹത്തിൽ വലിയ ശൂന്യത കൊണ്ടുവരുന്നതിനൊപ്പം വലിയ മാറ്റങ്ങൾക്കും കാരണമാകുന്നുണ്ട് എന്നു പറയാറുണ്ട്. ഇങ്ങേയറ്റത്ത് കേരളത്തിലുമുണ്ട് അത്തരം ചില ഉദാഹരണങ്ങൾ. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ രാഷ്ട്രീയം കണ്ട മികച്ച ചില രാഷ്ട്രീയക്കാർ പൊടുന്നനെ ഇല്ലാതായിപ്പോയിട്ടുണ്ട്. ഒഡീഷയിലെ നബ കിഷോർ ദാസിന്റെ മരണവും അത്തരത്തിലൊന്നാണ്. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ ഇല്ലാതായിപ്പോയ ചില രാഷ്ട്രീയക്കാരുടെ ജീവിതത്തെ കുറിച്ചും ഇവരുടെ മരണശേഷം പിൻഗാമികളുടെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും പരിശോധിക്കാം. 

∙ സമ്പത്തിൽ‌ മുഖ്യമന്ത്രിക്ക് തൊട്ടുപിന്നിൽ

34 കോടി രൂപയുടെ ആസ്തിയുള്ള നബ കിഷോർ ദാസാണ് മുഖ്യമന്ത്രി നവീൻ പട്നായിക് കഴിഞ്ഞാൽ സംസ്ഥാന എംഎൽഎമാരിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള ആള്‍. 65 കോടിക്കടുത്താണ് പട്നായിക്കിന്റെ ആസ്തി. രണ്ടു തവണ കോൺഗ്രസിൽ നിന്ന് വിജയിക്കുകയും 2019–ൽ ബിജെഡിയിൽ ചേർന്ന് വിജയിക്കുകയും മന്ത്രിയാവുകയും ചെയ്തയാളാണ് ദാസ്. 2021–ൽ പട്നായിക് തന്റെ 21 അംഗ മന്ത്രിസഭ പുന:സംഘടിപ്പിച്ചപ്പോൾ നിലനിർത്തിയ ഒമ്പതു മന്ത്രിമാരിലൊരാൾ. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ആരോഗ്യമന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും പ്രശംസിക്കപ്പെട്ടു. അതുവഴി വടക്കൻ ഒഡീഷയിൽ അദ്ദേഹത്തിന്റെ ജനപ്രീതിയും വർധിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. പിതാവിന്റെ കാലം മുതൽ തുടരുന്ന മൈനിങ്, ഗതാഗത‌ ബിസിനസുകൾ ദാസിന്റെ കീഴിൽ ഉന്നതിയിലെത്തി. സംസ്ഥാനത്ത് കോൺഗ്രസിന്റെ വർക്കിങ് പ്രസിഡന്റായിരിക്കുമ്പോഴാണ് ദാസ് 2019–ലെ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെഡിയിലേക്ക് കൂടുമാറുന്നത്. എന്നാൽ തന്റെ ഝാർസുഗുഡ മണ്ഡലം അദ്ദേഹം നിലനിർത്തി.

PTI01_29_2023_000147A
വെടിയേറ്റ നബ കിഷോർ ദാസിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ (ചിത്രം– പിടിഐ)

സമ്പത്ത് കുന്നുകൂട്ടി വയ്ക്കുക മാത്രമല്ല അത് ആവോളം പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ആഡംബര കാറുകൾ ഉൾപ്പെടെ 70–ഓളം വാഹനങ്ങൾ സ്വന്തം. ലൈസൻസുള്ള മൂന്ന് തോക്കുകൾ. ‍ഒഡ‍ീഷയിലും ഡൽഹിയിലും ബംഗാളിലും ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ വീടും സ്ഥലവും. ആരാധനാലയങ്ങൾക്കും മറ്റും കൈയയച്ച് സംഭാവനകൾ നൽ‌കിയിരുന്നു. മഹാരാഷ്ട്രയിലെ ഒരു ക്ഷേത്രത്തിന് അദ്ദേഹം സ്വർണമവും വെള്ളിയും ഉൾപ്പെടെ നൽകിയത് 1.7 കോടി രൂപയുടേതാണെന്നാണ് ആദ്യം പുറത്തു വന്ന റിപ്പോർട്ടുകൾ. എന്നാൽ അത് കേവലം 10 ലക്ഷം രൂപയുടേത് മാത്രമാണെന്ന് ദാസ് പിന്നീട് വിശദീകരിച്ചിരുന്നു. മകൻ വിശാലിനെ ബിസിനസിലുള്ള തന്റെ പിൻഗാമിയാക്കിയപ്പോള്‍ മകള്‍ ദീപാലിയെയാണ് രാഷ്ട്രീയത്തിലേക്ക് ഒപ്പം കൂട്ടിയത്. ദാസ് പങ്കെടുക്കുന്ന പല ചടങ്ങുകളിലും മകളും സ്ഥാനം പിടിച്ചിരുന്നു. 

വെടിയേറ്റതിനു പിന്നാലെ നെഞ്ചിൽ കൈവയ്‌ക്കുന്ന ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസ്. ചിത്രം: Twitter
വെടിയേറ്റതിനു പിന്നാലെ നെഞ്ചിൽ കൈവയ്‌ക്കുന്ന ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസ്. ചിത്രം: Twitter

∙ നിരന്തരം ദുരന്തങ്ങൾ ഏറ്റുവാങ്ങിയ ഗാന്ധി–നെഹ്റു കുടുംബം

ഇന്ത്യയിൽ ഏറ്റവുമധികം ദുരന്തങ്ങൾ ഏറ്റുവാങ്ങിയ രാഷ്ട്രീയ കുടുംബം ഗാന്ധി–നെഹ്റു കുടുംബമാണെന്നതിൽ തർക്കമില്ല. പ്രധാനമന്ത്രിയായിരിക്കുമ്പോൾ അമ്മ ഇന്ദിരാ ഗാന്ധി, മാതാവിന്റെ പിൻഗാമിയെന്ന് കരുതപ്പെട്ടിരുന്ന ഇളയ മകൻ സഞ്ജയ് ഗാന്ധി, മാതാവിന്റെ മരണശേഷം പ്രധാനമന്ത്രിയാവുകയും അടുത്ത തിരഞ്ഞെടുപ്പിനുള്ള പ്രചരണത്തിനിടെ കൊല്ലപ്പെടുകയും ചെയ്ത രാജീവ് ഗാന്ധി എന്നിങ്ങനെ ദുരന്തങ്ങൾ ഈ കുടുംബത്തെ നിരന്തരം വേട്ടയാടിയിട്ടുണ്ട്. മന്ത്രിയായിരുന്ന നബ കിഷോർ ദാസിന്റെ പരിപാടിയുടെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഎസ്ഐ ആയിരുന്നു അദ്ദേഹത്തിനെതിരെ വെടിയുതിർന്ന ഗോപാൽകൃഷ്ണ ദാസ്. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അംഗരക്ഷകരായിരുന്ന സത്‍വന്ത് സിങ്, ബിയാന്ത് സിങ് എന്നിവരുടെ വെടിയേറ്റാണ് കൊല്ലപ്പെടുന്നത്. ബിയാന്ത് സിങ് മൂന്നു തവണയും സത്‍വന്ത് സിങ് 30 തവണയും നിറയൊഴിച്ചു. ബിയാന്ത് സിങ്ങ് സംഭവസ്ഥലത്തു തന്നെ കൊല്ലപ്പെട്ടപ്പോൾ സത്‍വന്ത് സിങ്ങിനേയും കേസിൽ ഗ‍ൂഡാലോചന നടത്തിയതിന് കെഹാർ സിങ് എന്നയാളേയും തൂക്കിലേറ്റി. സിഖ് തീവ്രവാദം ഇല്ലാതാക്കാൻ ഇന്ദിരാ ഗാന്ധിയുടെ കാലത്ത് നടന്ന ‘ഓപറേഷൻ ബ്ലൂസ്റ്റാറി’നോടുള്ള പ്രതികാരമായിരുന്നു അവരെ കൊലപ്പെടുത്താൻ കാരണമായത്. ഓപറേഷൻ ബ്ലൂസ്റ്റാറിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഇന്ദിരാ ഗാന്ധിയുടെ മരണശേഷം നടന്ന സിഖ് വിരുദ്ധ കലാപത്തിൽ 3000-ത്തിനടത്ത് സിക്ക് വംശ‌ജർ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. 10,000 മുതൽ 15,000 പേർ വരെ കൊല്ലപ്പെട്ടുവെന്ന് അനൗദ്യോഗിക കണക്കുകൾ.

അടിയന്തരാവസ്ഥക്കാലത്ത് ‘പ്രധാനമന്ത്രിയുടെ ഓഫിസി’ൽ നിന്ന് ഭരിക്കുന്നതിനു പകരം ‘പ്രധാനമന്ത്രിയുടെ വീട്ടിൽ’ നിന്നായിരുന്നു ഭരണം എന്ന് പിൽക്കാലത്ത് പറയപ്പെട്ടിട്ടുണ്ട്. സഞ്ജയ് ഗാന്ധിയും അനുയായികളുമായിരുന്നു അടിയന്തരാവസ്ഥ സമയത്ത് രാജ്യത്തെ നിയന്ത്രിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ടായിട്ടുണ്ട്. 1980 ജൂണിൽ ഡൽഹിയിലെ സഫ്ദർ‌ ജങ് വിമാനത്താവളത്തിനടുത്ത് സ‍ഞ്ജയ് ഗാന്ധി പറത്തിയിരുന്ന വിമാനം തകർന്നു വീണ് അദ്ദേഹം തന്റെ 33–മത്തെ വയസിൽ മരണമടഞ്ഞു. അടിയന്തരാവസ്ഥക്കാലത്തും അതിനും മുമ്പും ശേഷവും വിവാദ നേതാക്കളിൽ ഒരാളായിരുന്നതു കൊണ്ട് സഞ്ജയ് ഗാന്ധിയെക്കുറിച്ച് നിരവധി കഥകൾ പ്രചരിക്കപ്പെട്ടിട്ടുണ്ട്. 

In this picture taken early 1984 shows Indian prime minister Indira Gandhi (R) and her son Rajiv (L) at a Congress Party meeting in New Delhi. India's oldest party, the Congress, virtually written off by political pundits and rivals, made a stunning comeback in national polls 13 May 2004, under the leadership of Sonia Gandhi with results showing the party and its allies sweeping the ruling Hindu nationalist Bharatiya Janata Party (BJP) and its coalition partners from power. The Congress Party which was created 119 years ago, and since India's independence 57 years ago has been dominated by the Nehru-Gandhi dynasty, Jawaharlal Nehru, Indira Gandhi, Rajiv Gandhi and now Sonia Gandhi. (Photo by AFP)
1984-ൽ ന്യൂഡൽഹിയിൽ നടന്ന കോൺഗ്രസ് പാർട്ടി യോഗത്തിൽ ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, പി.വി നരസിംഹ റാവു എന്നിവർ (ഫയൽ ചിത്രം– എഎഫ്‍പി)

അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് പ്രചരിക്കപ്പെട്ട നിരവധി ഗൂഡാലോചനാ സിദ്ധാന്തങ്ങൾക്ക് ഇന്നും കുറവില്ല താനും. സഞ്ജയ് ഗാന്ധിയുടെ ഭാര്യ മനേകാ ഗാന്ധിയും മകൻ വരുൺ ഗാന്ധിയും ഇപ്പോൾ ബിജെപി എംപിമാരാണ്.

ഇന്ദിരാ ഗാന്ധി വെടിയേറ്റ് മരിച്ചതോടെയാണ് അതുവരെ രാഷ്ട്രീയത്തിൽ താത്പര്യം കാണിക്കാതിരുന്ന ഇന്ത്യൻ എയർലൈൻസിലെ പൈലറ്റായിരുന്ന രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുന്നത്. 1991–ൽ തമിഴ്നാട്ടിലെ ശ്രീപെരുംബത്തൂരിൽ തിരഞ്ഞെടുപ്പു പ്രചരണത്തിനിടെ എൽടിടിഇയുടെ വനിതാ ചാവേർ പൊട്ടിത്തറിച്ച് അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. പ്രതിപക്ഷത്തായിരുന്നു അന്ന് രാജീവും കോണ്‍ഗ്രസും. മരിക്കുമ്പോൾ വെറും 46 വയസായിരുന്നു രാജീവ് ഗാന്ധിയുടെ പ്രായം. 

∙ പ്രമോദ് മഹാജൻ: ബിജെപിയുടെ ‘ന്യൂജനറേഷൻ’ നേതാവ്

‘ഇന്ത്യ ഷൈനിങ്’ എന്ന മുദ്രാവാക്യമുയർത്തി എ.ബി വാജ്പേയി സർക്കാർ 2004–ൽ തിരഞ്ഞെടുപ്പിനിറങ്ങിയപ്പോൾ അണിയറയിൽ എല്ലാ ചരടുകളും വലിച്ചത് പ്രമോദ് മഹാജനായിരുന്നു. വാജ്പേയി–എൽ.കെ അഡ്വാനി കാലഘട്ടത്തിനു ശേഷം ബിജെപിയുടെ ഏറ്റവും പ്രമുഖനായി നേതാവായി വളർന്ന മഹാജനെ ഒരുസമയത്ത് കണക്കാക്കിയിരുന്നത് അടുത്ത പ്രധാനമന്ത്രി സ്ഥാനാർഥി എന്ന നിലയിലായിരുന്നു. എന്നാൽ 2006–ൽ ഇളയ സഹോദരൻ പ്രവീൺ മഹാജന്റെ വെടിയേറ്റ് തന്റെ 56–മത്തെ വയസിൽ മഹാജൻ മരിച്ചു. രാജ്യം തന്നെ നടുങ്ങിയ വാർത്തയായിരുന്നു ഇത്.

ഒരു സാധാരണ കുടുംബത്തിൽ നിന്നും ആർഎസ്എസിലൂടെ വളർന്ന് ആദ്യം മഹാരാഷ്ട്രയിലും പിന്നീട് കേന്ദ്രത്തിലും വേരു പടർത്തിയ ആളായിരുന്നു മഹാജൻ. അധികാര കേന്ദ്രമായ ഡല്‍ഹിയിലായിരുന്നു എന്നും മഹാജന്റെ കണ്ണ്. 1996–ൽ മാത്രമാണ് ലോക്സഭയിലേക്ക് വിജയിച്ചിട്ടുള്ളതെങ്കിലും 1992 മുതൽ തുടർച്ചയായി രാജ്യസഭാംഗം. വാജ്പേയി മന്ത്രിസഭയിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു. പാർലമെന്ററികാര്യ മന്ത്രിയായിരുന്നപ്പോഴാണ് എല്ലാ പാർട്ടികളിലേയും നേതാക്കളുമായി ഒത്തിണങ്ങിപ്പോകാൻ മഹാജനുള്ള കഴിവ് പുറത്തു വന്നത്. വിവാദങ്ങൾക്കും കുറവുണ്ടായിരുന്നില്ല. ടെലികോം അഴിമതിയും ശിവാനി ഭട്നഗർ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണവുമടക്കം ഉയർന്നിട്ടും മഹാജന് പോറലു പോലും പറ്റിയില്ല.

2006–ൽ പ്രമോദ് മഹാജന്റെ വർളിയിലെ വസതിയിലെത്തിയ പ്രവീൺ നാലു തവണ ജ്യേഷ്ഠനു നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് കേസ്. ഏറെക്കാലമായി താൻ അവഗണിക്കപ്പെടുന്നതടക്കമുള്ള പ്രശ്നങ്ങൾ മൂലം ജ്യേഷ്ഠനോട് വിരോധമുണ്ടായിരുന്നതിനാലാണ് പ്രവീൺ വെടിവച്ചത് എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. താൻ വെടിവച്ചു എന്ന ആരോപണം പ്രവീൺ നിഷേധിച്ചു. കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തി പ്രവീണിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ജ്യേഷ്ഠൻ മരിച്ച് നാലു വർഷങ്ങൾക്കുള്ളിൽ – 2010–ൽ പ്രവീൺ മഹാജൻ മസ്തിഷ്കാഘാതം മൂലവും മരിച്ചു. ദുരന്തങ്ങൾ‍ മഹാജൻ കുടുംബത്തെ അതിനു മുമ്പും തേടി വന്നിരന്നു. മഹാജന്റെ മകൻ രാഹുൽ മഹാജൻ‌ പിതാവ് മരിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ അമിതമായ നിലയിൽ മയക്കുമരുന്ന് ഉള്ളിൽച്ചെന്ന് മരണത്തിന്റെ വക്കിലെത്തിയതായിരുന്നു സംഭവം. പ്രമോദ് മഹാജൻ‌ ഉപയോഗിച്ചിരുന്ന ഔദ്യോഗിക വസതിയില്‍ അബോധാവസ്ഥയിൽ കണ്ടെത്തിയ രാഹുൽ മഹാജനെയും പ്രമോദ് മഹാജന്റെ സെക്രട്ടറിയായിരുന്ന ബിബേക് മൊയ്ത്രയേയും ആശുപത്രിയിലെത്തിച്ചെങ്കിലും മൊയ്ത്ര മരണമടഞ്ഞിരുന്നു. കൊക്കെയ്നും ഹെറോയ്നും ഉള്ളിൽച്ചെന്നതിനെ തുടർന്നായിരുന്നു ഇത്. വൈകാതെ രാഹുൽ വിവാഹം ചെയ്തു. പക്ഷേ ഗാർഹിക പീഡനത്തെത്തുടർന്ന് ആദ്യഭാര്യ വിവാഹ മോചനം നേടി. പിന്നീട് മഹാജൻ ബിഗ്ബോസ് ഷോയിൽ പങ്കെടുത്തു. രണ്ടാമതും വിവാഹം കഴിച്ചെങ്കിലും അതും ഗാർഹിക പീഡനത്തെ തുടർന്ന് വേർപിരി‍ഞ്ഞു. പിന്നീട് റഷ്യൻ–കസാക്ക് മോഡലിെന വിവാഹം ചെയ്തു. 

Bal Thackeray, Pramod Mahajan
ബാല്‍ താക്കറെയ്ക്കൊപ്പം പ്രമോദ് മഹാജൻ (ഫയൽ ചിത്രം)

∙ ഗോപിനാഥ് മുണ്ടെ; ബിജെപിയുടെ ഒബിസി മുഖം

പ്രമോദ് മഹാജനും ഗോപിനാഥ് മുണ്ടെയും ഒരേ കാലത്ത്, ഒരുമിച്ച് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയവരും മുന്നോട്ടു പോയവരുമാണ്. ബ്രാഹ്മണ സമുദായാംഗമായ മഹാജന്റെ സഹോദരി പ്രദ്ന്യയെ വിവാഹം കഴി‍ച്ചത് ഒബിസി സമുദായാംഗമായ മുണ്ടെയാണ്. ബിജെപിയുടെ ഒബിസി മുഖവും മഹാരാഷ്ട്രയിലെ ഏറ്റവും വലിയ നേതാവുമായിരുന്നു മരിക്കുന്ന സമയത്ത് മുണ്ടെ. നരേന്ദ്ര മോദി മന്ത്രിസഭയിൽ ഗ്രാമവികസന വകുപ്പ് മന്ത്രിയായി ചുമതലയേറ്റ് വൈകാതെയായിരുന്നു അദ്ദേഹത്തിന്റെ മരണം. മഹാരാഷ്ട്രക്ക് പോകാനായി ഡൽഹിയിലെ വീട്ടിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്ന വഴി മറ്റൊരു കാർ മഹാജൻ സഞ്ചരിച്ചിരുന്ന വാഹനത്തിൽ വന്നിടിക്കുകയായിരുന്നു. 

അസാധാരണമായ സംഘാടകശേഷിയും ജനപിന്തുണയുമുള്ള നേതാവായാണ് മുണ്ടെയെ കണക്കാക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി–ശിവസേന സഖ്യം വിജയിച്ചാൽ അദ്ദേഹം മുഖ്യമന്ത്രിയാവുമെന്നും ഏതാണ്ട് ഉറപ്പായിരുന്നു. മുണ്ടെയുടെ മരണത്തിനു പിന്നാലെയും നിരവധി ആരോപണങ്ങൾ ഉയർന്നു. അമേരിക്കൻ ആസ്ഥാനമാക്കിയ ഹാക്കർ എന്നവകാശപ്പെട്ട സയ്യദ് ഷൂജ ആരോപിച്ചത് മുണ്ടെയുടേത് കൊലപാതകമാണ് എന്നാണ്. 2014–ൽ വോട്ടിങ് മെഷീനിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ഇത് അറിയാം എന്നതിനാലാണ് മുണ്ടെ കൊല്ലപ്പെട്ടത് എന്നുമായിരുന്നു ഇയാളുടെ അവകാശവാദം. എന്നാൽ ഇതിന് തെളിവുകളൊന്നും ഹാജരാക്കാൻ ഷൂജയ്ക്ക് കഴിഞ്ഞുമില്ല. മുണ്ടെയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് മരുമകന്‍ ധനഞ്ജയ് മുണ്ടെ ആവശ്യപ്പെട്ടിരുന്നു. എൻസിപി നേതാവും കഴിഞ്ഞ ഉദ്ധവ് താക്കറെ മന്ത്രിസഭയിൽ അംഗവുമായിരുന്നു ധനഞ്ജയ്. മുണ്ടെയുടെ മുന്നു പെണ്‍മക്കളിൽ പങ്കജ മുണ്ടെയും പ്രീതം മുണ്ടെയും സജീവ‌രാഷ്ട്രീയ പ്രവർത്തകരാണ്. മഹാജന്റെ മകൾ പൂനം മഹാജൻ‌ നിലവിൽ എംപിയുമാണ്.

∙ വൈ.എസ് രാജശേഖര റെഡ്ഡി – രാജ്യത്തോളം വളർന്ന കോൺഗ്രസിന്റെ പ്രാദേശിക നേതാവ്

‌നാലു തവണ ലോക്സഭയിലേക്കും അഞ്ചുതവണ ആന്ധ്രാ പ്രദേശ് നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട വൈ.എസ് രാജശേഖര റെ‍ഡ്ഡി മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചിട്ടുണ്ട്. 2003–ലെ കൊടുംചൂടിൽ ആന്ധ്രയുടനീളം നടന്നു തീർത്താണ് 2004–ലും പിന്നീട് 2009–ലും കോൺഗ്രസിനെ അധികാരത്തിലേറ്റുന്നത്. കേന്ദ്രത്തിൽ ഒന്നും രണ്ടും യുപിഎ സർക്കാർ രൂപീകരിക്കുന്നതിനും വൈ.എസ്.ആറിന്റെ ശ്രമവും ഉണ്ടായിരുന്നു. 2004–ൽ 29–ഉം 2009–ലും 33–ഉം കോണ്‍ഗ്രസ് എംപിമാരെയാണ് വൈഎസ്ആർ കേന്ദ്രത്തിലേക്ക് അയച്ചത്. 2009–ൽ വൈഎസ്ആറും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നു വീണ് എല്ലാവരും മരിച്ചു. 60 വയസായിരുന്നു വൈഎസ്ആറിന്.

കോൺഗ്രസിന്റെ ഏറ്റവും വലിയ പ്രദേശിക നേതാക്കളിൽ ഒരാളായിരുന്നു വൈഎസ്ആർ. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ മരണത്തെ തുടർന്ന് 100–ലേറെപ്പേരാണ് ഹൃദയാഘാതം വന്ന് ജീവൻ നഷ്ടമായതും ആത്മഹത്യം ചെയ്തും എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്. വൈഎസ്ആറിന്റെ മരണത്തോടെ പക്ഷേ, ആന്ധ്രയിലെ കോണ്‍ഗ്രസിന്റെ അന്ത്യവും കുറിച്ചു. മകൻ വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയെ മുഖ്യമന്ത്രി പദത്തിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം കോൺ‌ഗ്രസ് ഹൈക്കമാൻഡ് പരിഗണിച്ചില്ല. കെ. റോസയ്യയും പിന്നാലെ കിരൺ കുമാർ റെഡ്ഡിയും മുഖ്യമന്ത്രിമാരായി. പിതാവിന്റെ മരണമറിഞ്ഞ് ജീവൻ വെടിഞ്ഞവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി ജഗൻ നടത്തി വന്ന ‘ഒദർപ്പ് യാത്ര’ അവസാനിപ്പിക്കാനും ഹൈക്കമാൻഡ് നിർദേശിച്ചതോടെ ജഗനും മാതാവും കോൺഗ്രസ് വിട്ട് വൈഎസ്ആർ കോൺഗ്രസ് പാർട്ടി രൂപീകരിച്ചു. 2014–ൽ ആന്ധ്ര വിഭജിച്ചതോടെ കോണ്‍ഗ്രസിന്റെ പെട്ടിയിൽ അവസാനത്തെ ആണിയുമടിച്ചു. ജഗൻ വൻ ഭൂരിപക്ഷത്തോടെ വൈകാതെ ആന്ധ്രയിലും കെ. ചന്ദ്രശേഖര റാവു തെലങ്കാനയിലും അധികാരം പിടിച്ചു. 

Union Agriculture Minister Sharad Pawar (C), Andhra Pradesh Chief Minister YS Rajasekhar Reddy (R) and Maharashtra Chief Minister Vilasrao Deshmukh hold a meeting on finding a comprehensive package to prevent the growing number of suicides by debt-ridden Indian farmers, in Hyderabad, 10 April 2006. Pawar held the meeting to discuss the situations that lead to suicides by farmers in Indian states of Andhra Pradesh, Karnataka, Maharashtra and Kerala and the measures to be taken to arrest the trend. AFP PHOTO/NOAH SEELAM (Photo by NOAH SEELAM / AFP)
വിലാസ് റാവു ദേശ്മുഖ്, ശരത് പവാർ എന്നിവർക്കൊപ്പം വൈ.എസ് രാജശേഖര റെഡ്ഡി 2016–ൽ (ചിത്രം– NOAH SEELAM /AFP)

∙ ജിഎംസി ബാലയോഗി – ലോക്സഭാ സ്പീക്കർ

ലോക്സഭാ സ്പീക്കറായിരിക്കെയാണ് ബാലയോഗി ആന്ധ്രയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത്. 2002–ൽ മരിക്കുമ്പോൾ 50 വയസായിരുന്നു തെലുഗു ദേശം പാർട്ടി നേതാവു കൂടിയായിരുന്ന അദ്ദേഹത്തിന്റെ പ്രായം.

ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങിവരികയായിരുന്നു ബാലയോഗിയും പ്രൈവറ്റ് സെക്രട്ടറിയും ഉൾപ്പെടെയുള്ളവർ. എന്നാൽ യാത്രാമധ്യേ സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനാൽ താഴെയിറക്കാൻ പൈലറ്റ് ശ്രമിച്ചെങ്കിലും കോപ്റ്ററിന്റെ ചിറകുകൾ തെങ്ങിലിടിച്ച് താഴെ വീഴുകയായിരുന്നു. 

∙ ദോർജി ഖണ്ഡു – ജനങ്ങളുടെ മുഖ്യമന്ത്രി

അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദോർജി ഖണ്ഡു ഏറെ ജനപ്രിയനായിരുന്നു. സൈന്യത്തിന്റെ ഇന്റലിജൻസ് വിഭാഗത്തിൽ സേവനമനുഷ്ഠിച്ചതിനു ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വന്നത്. കോൺഗ്രസായിരുന്നു തട്ടകം. ആദ്യമായി 2007–ലും പിന്നീട് 2009–ലും മുഖ്യമന്ത്രിയായിരുന്നു ഖണ്ഡു. അദ്ദേഹവും മറ്റ് നാലു പേരും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ 2011 ഏപ്രിൽ 30–ന് കാണാതാവുകയായിരുന്നു. പിന്നീട് മേയ് നാലിനാണ് ഇത് തകർന്നതെന്ന് സ്ഥിരീകരിക്കുന്നത്. തവാങ്ങിൽ നിന്ന് ഇറ്റാനഗറിലേക്ക് വന്നെ ഹെലികോപ്റ്ററിന്റെ പഴക്കവും മോശം കാലാവസ്ഥയുമായിരുന്നു അപകട കാരണമായി പറയപ്പെട്ടത്. 

പിതാവിന്റെ മരണത്തെ തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിലാണ് മകൻ പേമ ഖണ്ഡു മത്സരിക്കുന്നത്. മന്ത്രി പദവി ലഭിച്ച ഖണ്ഡു 2016–ജൂലൈയിൽ മുഖ്യമന്ത്രിയായി. എന്നാൽ സെപ്റ്റംബറിൽ 43 എംഎൽഎമാരുമായി കോൺഗ്രസ് വിട്ട ഖണ്ഡു പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ രൂപീകരിച്ചു. വൈകാതെ ഈ പാർട്ടിയിലും പ്രശ്നങ്ങൾ ഉടലെടുത്തതോടെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച ഖണ്ഡു തന്റെ പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചു. 2019–ൽ ആകെയുള്ള 60 സീറ്റിൽ 41 സീറ്റും നേടി ഖണ്ഡു ബിജെപി ഭരണം നിലനിർത്തി.

Rajesh Pilot, Sachin Pilot
രാജേഷ് പൈലറ്റും സച്ചിൻ പൈലറ്റും (ഫയൽ ചിത്രം)

∙ രാജേഷ് പൈലറ്റ് എന്ന ‘ശരിക്കും’ പൈലറ്റ്

മരിക്കുമ്പോൾ 55 വയസായിരുന്നു സ്ക്വാഡ്രൺ ലീഡർ രാജേശ്വർ പ്രസാദ് ബിധൂരി എന്ന രാജേഷ് പൈലറ്റിന്റെ പ്രായം. കോൺഗ്രസ് പ്രവർത്തക സമിതിയംഗം. രാജീവ് ഗാന്ധിയുമായുള്ള സൗഹൃദത്തെ തുടർന്ന് 1979–ല്‍ വ്യോമസേനയില്‍ നിന്ന് രാജിവച്ച ശേഷം രാഷ്ട്രീയത്തിലിറങ്ങിയ പൈലറ്റ് അടുത്ത വർഷം തന്നെ ലോക്സഭയിലെത്തി. രാജീവ് ഗാന്ധിയുടേയും പി.വി നരസിംഹ റാവുവിന്റെയും മന്ത്രിസഭകളിൽ അംഗമായിരുന്നു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സീതാറാം കേസരിയോട് പരാജയപ്പെട്ടെങ്കിലും പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായിരുന്നു മരിക്കുന്നതു വരെ പൈലറ്റ്.

2000 ജൂൺ മാസത്തിലായിരുന്നു പൈലറ്റിന്റെ മരണത്തിനിടയാക്കിയ അപകടം. തന്റെ മണ്ഡലമായ ദൗസയ്ക്കടുത്തുള്ള ഭണ്ഡാനയിൽ വച്ച് പൈലറ്റ് ഓടിച്ചിരുന്ന ജീപ്പ് സംസ്ഥാന ഗതാഗത വകുപ്പിന്റെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗൺ‌മാൻ ഉടൻ മരിച്ചു. പൈലറ്റ് ആശുപത്രിയിൽ വച്ചും. മൂന്നു പേർക്ക് പരിക്കേറ്റു. പൈലറ്റിന്റെ മരണശേഷമാണ് മകൻ സച്ചിൻ‌ പൈലറ്റ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. ലോക്സഭാ എംപിയും കേന്ദ്ര മന്ത്രിയുമായിരുന്ന സച്ചിൻ കഴിഞ്ഞ തവണ രാജസ്ഥാൻ മുഖ്യമന്ത്രിയാകുമെന്ന് കരുതിയിരുന്നെങ്കിലും മുതിർന്ന നേതാവായ അശോക് ഗെലോട്ടിനാണ് നറുക്ക് വീണത്. സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ പാർട്ടിയെ അധികാരത്തിൽ കൊണ്ടുവന്നതിന്റെ ക്രെ‍ഡിറ്റ് പൈലറ്റിനാണെങ്കിലും മുഖ്യമന്ത്രി പദത്തിലേക്ക് അദ്ദേഹത്തിന് ഇതുവരെ നറുക്ക് വീണിട്ടില്ല. രാജസ്ഥാൻ വൈകാതെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോൾ ഗെലോട്ട്–പൈലറ്റ് പോരാട്ടവും അതിന്റെ മൂർധന്യത്തിലാണ്.

∙ മാധവറാവു സിന്ധ്യ – കോൺഗ്രസിന്റെ ‘ഭാവി പ്രധാനമന്ത്രി’

കോൺഗ്രസിന്റെ ഭാവി പ്രധാനമന്ത്രിയെന്ന് കരുതപ്പെട്ടിരുന്ന സിന്ധ്യയുടെ രാഷ്ട്രീയ പ്രവേശം ജനസംഘിലൂടെയായിരുന്നു. 26-ാം വയസൽ ആദ്യമായി എംപിയായ ഗ്വാളിയോർ രാജവംശത്തിൽ നിന്നുള്ള സിന്ധ്യ ഏഴു തവണ ലോക്സഭാംഗമായി. രാജീവ് ഗാന്ധി മന്ത്രിസഭയിലൂടെയായിരുന്നു സിന്ധ്യയുടെ മന്ത്രിസഭാ പ്രവേശം. നരസിംഹ റാവുവിന്റെ കാലത്ത് വ്യോമയാന മന്ത്രിയായിരുന്ന സിന്ധ്യയുടെ കാലത്താണ് ആ മേഖലയിൽ വ്യാപകമായ മാറ്റങ്ങൾ വരുന്നത്. ജനസംഘം വിട്ട് സ്വതന്ത്രനും പിന്നീട് കോൺഗ്രസിലും അംഗമായി സിന്ധ്യ. ഇടയ്ക്ക് കോൺഗ്രസുമായി കലഹിച്ചു പുറത്തു പോയെങ്കിലും വൈകാതെ തിരികെയെത്തി. 

2001–ൽ ഉത്തർ പ്രദേശിലെ മെയിൻപുരി ജില്ലയില്‍ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ പോകവേ വിമാനത്തിന് തീ പിടിച്ച് തകർന്നു വീണായിരുന്നു 56–ാം വയസിൽ അദ്ദേഹത്തിന്റെ അന്ത്യം. നാല് മാധ്യമ പ്രവർത്തകരടക്കം എട്ടു പേരാണ് അന്ന് മരണമടഞ്ഞത്. പിതാവിന്റെ മരണത്തോടെ ഒഴിവു വന്ന ഗുണ സീറ്റിലേക്ക് മത്സരിച്ചാണ് മകൻ ജ്യോതിരാദിത്യ സിന്ധ്യയുടെ രാഷ്ട്രീയ പ്രവേശത്തിന് തുടക്കം. വൈകാതെ കോൺഗ്രസില്‍ രാഹുൽ ഗാന്ധിയുടെ അടുത്തയാളായി. ഡോ. മൻമോഹൻ സിങ് മന്ത്രിസഭയിൽ അംഗമായി. 2020–ൽ മധ്യപ്രദേശിലെ തന്റെ അനുയായികളായ എംഎൽഎമാരുമായി കളം മാറ്റിച്ചവിട്ടിയ സിന്ധ്യ ബിെജപിയിലെത്തി. നിലവിൽ കേന്ദ്ര വ്യോമയാന മന്ത്രിയാണ്. 

madhavrao-scindia
മാധവറാവു സിന്ധ്യ (ഫയൽ ചിത്രം)

∙ ഹരേൻ‌ പാണ്ഡ്യ – കോളിളക്കങ്ങൾ ഏറെ

ഗുജറാത്തിൽ കേശുഭായി പട്ടേൽ മന്ത്രിസഭയിൽ ആഭ്യന്ത്രരമന്ത്രിയായിരുന്ന ഹരേൻ പാണ്ഡ്യ 2003–ൽ തന്റെ പ്രഭാത നടത്തത്തിനു പോയതിനു ശേഷം പിന്നീട് കാണപ്പെടുന്നത് തന്റെ കാറിൽ വെടിയേറ്റു മരിച്ച നിലയിലാണ്. മുതിര്‍ന്ന ബിജെപി നേതാവിന്റെ മരണം വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കി. 2002 ഗുജറാത്ത് കലാപത്തിന്റെ പ്രതികാരമെന്ന നിലയിൽ പാണ്ഡ്യ കൊല്ലപ്പെടുകയായിരുന്നു എന്നായിരുന്നു കേസന്വേഷിച്ച സിബിഐ കണ്ടത്തിയത്. ഇത് വിചാരണ കോടതി അംഗീകരിക്കുകയും മുഖ്യപ്രതി ഹൈദരാബാദ് സ്വദേശി അസ്ഗർ അലി ഉൾപ്പെടെയുള്ളവരെ കുറ്റക്കാരായി കണ്ടെത്തുകയും ചെയ്തു. എന്നാൽ ഗുജറാത്ത് ഹൈക്കോടതി ഈ വിധി തള്ളിക്കളഞ്ഞു. കൊലപാതക കേസിൽ ഇവരെ വെറുതെ വിട്ട കോടതി സിബിഐയെ വിമർശിക്കുകയും ചെയ്തു. എന്നാൽ‌ ഇവർക്കെതിരെ വധശ്രമവും ക്രിമിനൽ ഗൂഡാലോചനയും നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. പിന്നീട് 2019–ൽ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഹൈക്കോടതി വിധി റദ്ദാക്കുകയും 12 പ്രതികളേയും ശിക്ഷിക്കുകയും ചെയ്തു. 

ഇന്നും ആരോപണ, പ്രത്യാരോപണങ്ങൾ ഏറെ ഉയരുന്ന കേസാണിത്. 2002–ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മിഷന് മുമ്പാകെ പാണ്ഡ്യ സംസ്ഥാന സർക്കാരിനെതിരെ മൊഴി നൽകിയിരുന്നു എന്നതാണ് അതിലൊന്ന്. വർഷങ്ങളോളം പാണ്ഡ്യയുടെ ഭാര്യ തന്റെ ഭർത്താവിന്റെ കൊലപാതകത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഗുജറാത്തിൽ സൊഹ്റാബുദ്ദീൻ ഷെയ്ഖും തുളസീറാം പ്രജാപതിയും കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടും പാണ്ഡ്യയുടെ കൊലപാതകത്തെ കുറിച്ച് ആരോപണങ്ങള്‍ ഉയർന്നിരുന്നു. പാണ്ഡ്യയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടന സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇത് തള്ളിക്കളഞ്ഞ കോടതി ഇവർക്ക് പിഴയും വിധിച്ചു.

∙ ഇഹ്സാൻ ജാഫ്രി – കലാപത്തിന്റെ ഇര

2002-ലെ ഗുജറാത്ത് കലാപത്തിനിടെ ഫെബ്രുവരി 28–നുണ്ടായ ഗുൽബർഗ സൊസൈറ്റി കൂട്ടക്കൊലയിൽ മുൻ കോൺഗ്രസ് എംപി ഇഹ്സാൻ ജാഫ്രി ഉള്‍പ്പെടെ 35–ഓളം പേർ കൊല്ലപ്പെടുകയും 30–ലേറെപ്പേരെ കാണാതാവുകയും ചെയ്തു. ജനക്കൂട്ടം ആക്രമിക്കുമ്പോൾ സംസ്ഥാന സർക്കാരിലെ ഉന്നതരോടടക്കം ജാഫ്രി സഹായാഭ്യർഥന നടത്തിയിരുന്നുവെന്നും എന്നാൽ പൊലീസ് ഉൾപ്പെടെ ആരും സഹായിച്ചില്ലെന്നും ആരോപണമുയർന്നിരുന്നു. 

കേസിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരെ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി വിവിധ കോടതികളെ സമീപിക്കുകയും കഴിഞ്ഞ വർഷം ജൂണിൽ ഈ കേസിൽ സുപ്രീം കോടതി അന്തിമ വിധി പറയുകയും ചെയ്തു. മോദി ഉൾപ്പെടെയുള്ളവക്ക് ക്ലീൻ ചീട്ട് നൽകിയ കോടതി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകളെ ശരി വച്ചുകൊണ്ടായിരുന്നു ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി രവികുമാർ എന്നിവർ ഹർജി തള്ളിയത്. മാത്രമല്ല, വിഷയം സജീവമായി നിലനിർത്താൻ സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദ്, മുൻ ഗുജറാത്ത് ഡ‍ിജിപിയും മലയാളിയുമായ ആർബി ശ്രീകുമാർ, മറ്റൊരു കേസിൽ ജയിലിൽ കഴിയുന്ന മുൻ ഐപിഎസ് ഓഫിസർ സഞ്ജീവ് ഭട്ട് എന്നിവർ‌ ശ്രമിച്ചു എന്നും കോടതി വിമർശിച്ചിരുന്നു. പിന്നാലെ ഇവർ അറസ്റ്റിലായി. ടീസ്റ്റയ്ക്ക് പിന്നീട് ജാമ്യം ലഭിച്ചു. 

1248-zakia-jafri
സാക്കിയ ജാഫ്രി (ഫയൽ ചിത്രം)

∙ സാഹിബ് സിങ് വർമ – അപ്രതീക്ഷിത മരണം

ഡൽഹി മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ സാഹിബ് സിങ് വർമ രാജസ്ഥാനിലുണ്ടായ വാഹനാപടകത്തിൽ മരിക്കുന്നത് 2007–ലാണ്. 1996–98 കാലഘട്ടത്തിൽ ഡൽഹി ഭരിച്ച അദ്ദേഹം മരിക്കുമ്പോൾ 64 വയസായിരുന്നു. 1999 മുതൽ 2004 വരെ എ.ബി വാജ്പേയി മന്ത്രിസഭയിലും അംഗമായിരുന്നു. രാജസ്ഥാനിലെ ആൽവാറിൽ വച്ച് വർമ  സഞ്ചരിച്ചിരുന്ന ടാറ്റാ സഫാരി കാർ ഒരു ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. എതിർദിശയിൽ വേഗത്തിൽ വരികയായിരുന്ന ട്രക്ക് ഒരു സൈക്കിളിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ഡിവൈഡിൽ ഇടിച്ചു കയറുകയും റോഡിന്റെ മറുവശത്തേക്ക് കടക്കുകയും ചെയ്തു. ആ ഭാഗത്തു കൂടി വരികയായിരുന്ന വർമ സഞ്ചരിച്ച കാർ തുടർന്ന് ട്രക്കിലേക്ക് ഇടിച്ചു കയറിയാണ് അപകടം. 

സാഹിബ് സിങ് വർമയുടെ മകൻ പർവേഷ് വർമ 2014 മുതൽ ഡൽഹിയിൽ നിന്നുള്ള ബിജെപിയുടെ പാർലമെന്റംഗമാണ്. ഷഹീൻബാഗ് പ്രതിഷേധവുമായി ബന്ധപ്പെട്ടും വിദ്വേഷ പ്രസംഗത്തിന്റെ പേരിലും പലപ്പോഴും വിവാദത്തിൽ ഉൾപ്പെട്ടിട്ടുമുണ്ട്. 

∙ വി.സി ശുക്ല, മഹേന്ദ്ര കർമ; കോൺഗ്രസ് നേതൃത്വം ഒന്നടങ്കം ഇല്ലാതായ ആക്രമണം

ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ഒന്നടങ്കം ഇല്ലാതാക്കിക്കളഞ്ഞ നക്സൽ ആക്രമണത്തിലാണ് വി.സി ശുക്ലയും മഹേന്ദ്ര കർമയും പാർട്ടി സംസ്ഥാന പ്രസി‍ഡന്റ് നന്ദ് കുമാർ പട്ടേലും കൊല്ലപ്പെടുന്നത്. കോൺഗ്രസിന്റെ പരിവർത്തന്‍ യാത്രയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റാലികളും മറ്റും നടക്കുന്നതിനിടെ നക്സൽ ബാധിത സുക്മ ജില്ലയിലൂടെ സഞ്ചരിക്കുകയായിരുന്നു നേതാക്കൾ. ഇതിനിടെയാണ് റോഡിൽ മരങ്ങൾ മുറിച്ചിട്ട് തടസങ്ങൾ സൃഷ്ടിക്കുകയും തുടർന്ന് കുഴിബോംബ് സ്ഫോടനം നടത്തുകയും ചെയ്തത്. പിന്നാലെ മറഞ്ഞിരുന്ന മാവോയിസ്റ്റുകൾ വെടിവയ്പും ആരംഭിച്ചു. മൂന്നു തവണ വെടിയേറ്റ ശുക്ല പിന്നീട് ആശുപത്രിയിൽ മരിച്ചു. മഹേന്ദ്ര കർമയെ മാവോയിസ്റ്റുകൾ പിടികൂടി കുത്തിയും വെടിവച്ചും കൊലപ്പെടുത്തുകയായിരുന്നു. 78 കുത്തുകളാണ് കർമയുടെ ദേഹത്ത് ഉണ്ടായിരുന്നത്. കോൺ‌ഗ്രസിന്റെ എംഎൽഎമാർ ഉൾപ്പെടെയുള്ളവർ ആക്രണണത്തിൽ കൊല്ലപ്പെട്ടു. 

ആദ്യ മധ്യപ്രദേ് മുഖ്യമന്ത്രിയായിരുന്നു വി.സി ശുക്ലയുടെ പിതാവ്. സഹോദരനും മുഖ്യമന്ത്രിയായിരുന്നു. ശുക്ലയെ കുപ്രസിദ്ധനാക്കിയത് അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധി മന്ത്രിസഭയിൽ വാർത്താ വിതരണ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി എന്ന നിലയിലാണ്. സഞ്ജയ് ഗാന്ധിയുടെ ഉറ്റ അനുയായി കൂടിയായിരുന്നു. രാജീവ് ഗാന്ധി മന്ത്രിസഭയിലും ശുക്ല അംഗമായിരുന്നെങ്കിലും പിന്നീട് തെറ്റിപ്പിരിഞ്ഞ് ജനതാദളിന്റെ വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ചു. വീണ്ടും കേന്ദ്ര മന്ത്രിയായി. കോൺഗ്രസിലേക്ക് മടങ്ങി വന്നെങ്കിലും 2003–ൽ ബിജെപിയിലേക്ക് പോയി. എന്നാൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ അടുത്ത വർഷം ബിജെപി വിട്ട് കോൺഗ്രസിലേക്ക് മടങ്ങാൻ ശ്രമം തുടങ്ങി. ഒടുവിൽ 2007–ലാണ് ശുക്ലയുടെ മടങ്ങി വരവിന് സോണിയാ ഗാന്ധി പച്ചക്കൊടി കാണിച്ചത്. 

(ഫയൽ ചിത്രം)
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം നടന്ന സ്ഥലങ്ങളിലൊന്ന് (ഫയൽ ചിത്രം)

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ബാധിത മേഖലയിലെ ശക്തനായ നേതാവായിരുന്നു മഹേന്ദ്ര കർമ. മാവോയിസ്റ്റുകളെ നേരിടാനായി ആദിവാസികളെ ചേർത്ത് രൂപീകരിച്ച സൽവാ ജുദൂം എന്ന സംഘത്തിന്റെ സൃഷ്ടാവായിരുന്നു. ഈ സംഘടന നടത്തിയിട്ടുള്ള മനുഷ്യാവകാശ ലംഘനങ്ങളുടേയും കൊലപാതകങ്ങളുടെയും പേരിൽ കർമയും പലപ്പോഴും ആരോപണവിധേയനായി. അദ്ദേഹത്തിന്റെ മകനും സംസ്ഥാന കോണ്‍ഗ്രസ് ജനറൽ സെക്രട്ടറിയുമായിരുന്ന ദീപക് കർമ കോവിഡ് ബാധിച്ച് അന്തരിച്ചു. മറ്റൊരു മകനായ ആശിഷ് കർമയെ ഡപ്യൂട്ടി കളക്ടറായി നിയമിക്കാനുള്ള ഭൂപേഷ് ബാഗേൽ സർക്കാരിന്റെ തീരുമാനം കടുത്ത വിമർശനത്തിനിടയാക്കിയിരുന്നു. ബിജെപി എംഎൽഎയായിരുന്ന ഭീമ മാണ്ഡവി മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് 2013–ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കർമയുടെ ഭാര്യ ദേവതി കർമ വിജയിച്ചിരുന്നു. 2019–ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആരു മത്സരിക്കണമെന്നതിനെ ചൊല്ലി ദേവതി വർമയും മറ്റൊരു മകനും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ ചവീന്ദ്ര കർമയും തമ്മിലുണ്ടായ തർക്കവും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ദേവതി കർമയെ തന്നെ സ്ഥാനാർഥിയാക്കിയ പാർട്ടി ആ തിരഞ്ഞെടുപ്പിലും വിജയിച്ചു.

∙ അഴീക്കോടൻ രാഘവൻ– ഇന്നും ദുരൂഹത

സിപിഎമ്മിന്റെ സമുന്നതായ നേതാവായിരുന്ന അഴീക്കോടൻ രാഘവൻ തന്റെ 53–ാമത്തെ വയസിലാണ് കുത്തേറ്റ് മരിക്കുന്നത്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള അഴീക്കോടൻ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറയേറ്റ് അംഗവുമായിരുന്നു. 

അഴീക്കോടൻ രാഘവന്റെ കൊലപാതകം സംബന്ധിച്ച ദുരൂഹതകൾ ഇന്നും അവസാനിച്ചിട്ടില്ല. അഴീക്കോടനെ കൊലപ്പെടുത്തിയതിനു പിന്നിൽ തട്ടിൽ എസ്റ്റേറ്റ് അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളായിരുന്നു എന്നതാണ് തർക്കങ്ങളിൽ ഒന്ന്. ഈ കേസിൽ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരനുള്ള പങ്ക് സംബന്ധിച്ച് നവാബ് രാജേന്ദ്രന്റെ പക്കൽ ചില രേഖകൾ ഉണ്ടായിരുന്നുവെന്നും ഈ രേഖകൾ അഴീക്കോടന് കൈമാറിയതിനെ തുടർന്നാണ് അദ്ദേഹം കൊല്ലപ്പെട്ടത് എന്നുമാണ് ആരോപണം. രേഖകൾ പിടിച്ചെടുക്കാൻ അന്ന് പോലീസ് നവാബിനെ ക്രൂരമായി മർദ്ദിച്ചിരുന്നുവെങ്കിലും അത് കിട്ടിയിരുന്നില്ലെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. പ്രമുഖ കമ്യൂണിസ്റ്റ് നേതാവും ഒല്ലൂർ എംഎൽഎയുമായിരുന്ന എ.വി. ആര്യനെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് െചയ്തെങ്കിലും പിന്നീട് കോടതി വെറുതെ വിട്ടു. പാർട്ടി തൃശൂർ ജില്ലാ സെക്രട്ടറിയായിരിക്കെ നേതൃത്വവുമായി ഇടഞ്ഞ് പുറത്തു പോയ ആര്യൻ പിന്നീട് കമ്യൂണിസ്റ്റ് യൂണിറ്റ് സെന്റർ എന്നൊരു രാഷ്ട്രീയ സംഘടനയും രൂപീകരിച്ചിരുന്നു. 

azhikodan
അഴിക്കോടൻ രാഘവൻ (ഫയൽ ചിത്രം)

∙ ബാബു ചാഴികാടൻ– മിന്നൽ പോലെ പൊലിഞ്ഞു

അപ്രതീക്ഷിതമായിരുന്നു ബാബു ചാഴികാടന്റെ വിയോഗം. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു അദ്ദേഹം. 1991 മെയ് 15–ന് ആർപ്പൂക്കര വാര്യമുട്ടത്ത് തുറന്ന ജീപ്പിൽ വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് പൊടുന്നനെ ഇടിമിന്നലെത്തിയത്. മിന്നലേറ്റ് ചാഴികാടന്റെ കഴുത്തിലെ പൂമാല പൊട്ടിച്ചിതറി. അന്ന് കോട്ടയം ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായിരുന്ന രമേശ് ചെന്നിത്തലയും ചാഴികാടനൊപ്പം ജീപ്പിലുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് അന്ന് ചെന്നിത്തല രക്ഷപെട്ടത്. ബാബു ചാഴികാടൻ അന്തരിച്ചതോടെ പകരം അദ്ദേഹത്തിന്റെ സഹോദരനും ചാർട്ടേഡ് അക്കൗണ്ടന്റുമായിരുന്ന തോമസ് ചാഴികാടനെ

കേരള കോൺഗ്രസ് (എം) നേതാവ് കെ.എം മാണി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. നിരവധി തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചാഴികാടൻ ഇപ്പോൾ കോട്ടയത്തു നിന്നുള്ള പാർലമെന്റംഗമാണ്. ബാബു ചാഴികാടൻ മരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ – മേയ് 21–ന് ആയിരുന്നു രാജീവ് ഗാന്ധി ശ്രീപെരുംബത്തൂരിലുണ്ടായ ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെടുന്നത്.

∙ ടി.പി ചന്ദ്രശേഖരൻ – കേരളം ഞെട്ടിയ ദിനം

എം.പി, എംഎഎ പദവികളിലേക്കൊന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കിലും കേരളത്തിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ കൊലപാതകമാണ് റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി (ആർഎംപി) നേതാവ് ടി.പി ചന്ദ്രശഖരന്റേത്. 2012–ലായിരുന്നു കേരളത്തെ നടുക്കിയ ഈ കൊലപാതകം. വീട്ടിലേക്ക് ബൈക്കിൽ വരികയായിരുന്ന ചന്ദ്രശേഖരനെ ബോംബറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 51 വയസായിരുന്നു ചന്ദ്രശഖരൻ മരിക്കുമ്പോൾ. 

സിപിഎമ്മുമായുള്ള ആശയവ്യത്യാസത്തെ തുടർന്നായിരുന്നു ഒഞ്ചിയം കേന്ദ്രമായി ചന്ദ്രശേഖരനും കൂട്ടരും ആർഎംപി രൂപീകരിച്ചത്. അദ്ദേഹത്തിന്റെ മരണത്തിൽ സിപിഎമ്മിന്റെ ഉന്നത നേതൃത്വം വരെ പ്രതിക്കൂട്ടിലായി. കേസിൽ 31–ഓളം പേരെ അറസ്റ്റ് ചെയ്തു. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളായ പി.കെ കുഞ്ഞനന്തൻ, കെ.സി രാമചന്ദ്രൻ എന്നിവരുൾപ്പെടെയായിരുന്നു ഇത്. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ പിന്നീട് ആർഎംപിയുടെ പ്രവർത്തന പരിപാടികളുമായി മുന്നോട്ടു പോവുകയും 2021–ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പിന്തുണയോടെ വിജയിക്കുകയും ചെയ്തു. 

KK Rema, TP Chandrasekharan | Photo: Sajeesh Shankar
ടി.പി ചന്ദ്രശേഖരന്റെ പ്രതിമയ്ക്കരികെ കെ.കെ രമ (ചിത്രം– സജീഷ് ശങ്കർ/മനോരമ)

∙ ലളിത് നാരായൺ‌ മിശ്ര – അടിയന്തരവാസ്ഥയ്ക്ക് തൊട്ടുമുമ്പ് 

കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന എൽ.എൻ മിശ്ര 1975 ൽ ബോംബ് സ്ഫോടനത്തിൽ മരിച്ച സംഭവം ഇന്നു ദുരൂഹതയാണ്. സമസ്തിപൂർ–മുസഫർപൂർ ബ്രോഡ്ഗേജ് റെയിൽവേ ലൈൻ തുറന്നു കൊടുക്കുന്ന ചടങ്ങിലായിരുന്നു സ്ഫോടനം. ഇന്ദിരാ ഗാന്ധിയുടെ വലംകൈയും ബിഹാറിൽ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രവുമായിരുന്നു മിശ്ര. അമേരിക്കൻ ചാരസംഘടനയായ സി.ഐ.എയ്ക്ക് വരെ ഈ സംഭവത്തിൽ പങ്കുണ്ടെന്ന് അന്നത്തെ നേതാക്കള്‍ ആരോപിച്ചിരുന്നു.

ആനന്ദ് മാർഗികൾ എന്ന ആത്മീയ കൂട്ടായ്മയിലെ അംഗങ്ങളെ സംഭവത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തെങ്കിലും അവർ തങ്ങളുടെ പങ്ക് നിഷേധിച്ചു. കേന്ദ്ര സർക്കാരുമായി കടുത്ത ഏറ്റുമുട്ടലിലായിരുന്നു ഈ സമയത്ത് ആനന്ദ് മാർഗികൾ. എൽ.എൻ മിശ്രയുടെ മരണത്തോടെയാണ് ബിഹാർ കേന്ദ്രമായി ഉയർന്നുവന്ന ജയപ്രകാശ് നാരായണന്റെയും കൂട്ടരുടെയും പ്രക്ഷോഭം ശക്തിയാർജിക്കുന്നത് എന്നാണ് ഇന്ദിരാ ഗാന്ധിയോട് അടുപ്പമുള്ളവർ പറയുന്നത്. മിശ്ര ഉണ്ടായിരുന്നെങ്കിൽ ഈ പ്രക്ഷോഭം ബിഹാറിലെ പ്രക്ഷോഭം കുറെയൊക്കെ നിയന്ത്രിക്കാൻ കഴിയുമായിരുന്നു എന്നും ഇവർ വിശ്വസിക്കുന്നു. എൽ.എൻ മിശ്രയുടെ സഹോദരൻ ജഗന്നാഥ് മിശ്ര പിന്നീട് 2019-ലാണ് അന്തരിക്കുന്നത്. 

മുൻ ചമ്പൽ കൊള്ളക്കാരിയും എസ്പിയുടെ പാർലമെന്റംഗവുായിരുന്ന ഫൂലൻ ദേവി ഓദ്യോഗിക വസതിയിൽ വെടിയേറ്റു മരിച്ചത്, മുൻ കേന്ദ്രമന്ത്രിയും ടി.ഡി.പി നേതാവുമായിരുന്ന യെരൻ നായിഡു വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്, മുൻ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ബിയാന്ത് സിങ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്, അന്തരിച്ച ആര്യാടൻ മുഹമ്മദിനെതിരെ ആരോപണങ്ങളുയർത്തിയ സിപിഎം എംഎൽഎ ആയിരുന്ന കുഞ്ഞാലിയുടെ വധം, മുൻ രാഷ്ട്രപതി ശങ്കർദയാൽ ശർമയുടെ മകളുടെ ഭർത്താവും കോൺഗ്രസ് നേതാവായ അജയ് മാക്കന്റെ അമ്മാവനുമായ കോൺഗ്രസ് നേതാവ് ലളിത് മാക്കനെ സിഖ് തീവ്രവാദികൾ വെടിവച്ചു കൊന്ന സംഭവം, രാം ഗോപാൽ വർമയുടെ വംഗവീട്ടി എന്ന സിനിമയ്ക്ക് കാരണമായ കോൺഗ്രസ് നേതാവ് വംഗവീട്ടിൽ മോഹന രംഗ കുടിപ്പകയിൽ കൊല്ലപ്പെട്ട സംഭവം, മുംബൈയിലെ സിപിഐ നേതാവും തൊഴിലാളി സംഘടനാ പ്രവർത്തകനും എംഎൽഎയുമായ കൃഷ്ണ ദേശായിയെ ശിവേസനയുമായുള്ള സംഘർഷത്തിനൊടുവിൽ കൊലപ്പെടുത്തിയ സംഭവം, ജെഎൻയുവിലെ വിദ്യാർഥി നേതാവും ബിഹാറിൽ സിപിഐ(എംഎല്‍) പ്രവർത്തകനുമായിരുന്ന ചന്ദ്രശേഖർ പ്രസാദിനെ ആർജെ‍ഡിയുടെ ഗുണ്ടാ നേതാവ് മുഹമ്മദ് ഷഹാബുദീൻ വെടിവച്ചു കൊലപ്പെടുത്തിയത് തുടങ്ങി രാജ്യമെമ്പാടും കൊല്ലപ്പെടുകയോ അപകടത്തിലും മറ്റും മരിക്കുകയും ചെയ്ത നൂറുകണക്കിന് പേരുണ്ട്. പലരുടേയും അടുത്ത ബന്ധുക്കൾ ഇപ്പോഴും രാഷ്ട്രീയത്തിൽ സജീവമാണ്. 

 

English Summary: Indira Gandhi to Nabakishore Das, the Political Leaders who met unnatural Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com