തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന എം.ശിവശങ്കര്‍ ഇന്ന് സര്‍വീസില്‍നിന്ന് വിരമിക്കും. ഔദ്യോഗിക യാത്രയയപ്പ് വേണ്ടെന്ന് അദ്ദേഹം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം, തുടര്‍ന്ന് ജയില്‍വാസം, സര്‍വീസില്‍ നിന്നുള്ള സസ്പെന്‍ഷന്‍ എന്നിവ നേരിട്ട ശേഷമാണ് പടിയിറക്കം.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐടി വകുപ്പിന്‍റെ ചുമതലക്കാരന്‍ എന്നിങ്ങനെ ഒന്നാം പിണറായി സര്‍ക്കാരിലെ ഏറ്റവും ശക്തനായ ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കൊണ് ശിവശങ്കര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദത്തിൽപെട്ടത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി അടുത്ത ബന്ധം പുലര്‍ത്തി, അവരെ സംസ്ഥാന സര്‍ക്കാരിന്‍റെ ഐടി വകുപ്പിന് കീഴിലെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചു എന്നീ ആരോപണങ്ങളാണ് ശിവശങ്കറിനു നേരെ ഉയര്‍ന്നത്.
മുഖ്യമന്ത്രിയുടെ ഒാഫിസില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്‌റ്റംസ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമമുണ്ടായി എന്ന ആരോപണവും ഉയര്‍ന്നു. ആരോപണങ്ങള്‍ക്കു പിന്നാലെ, അദ്ദേഹത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥനത്തുനിന്നും ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും മുഖ്യമന്ത്രി മാറ്റി. കേന്ദ്ര ഏജന്‍സികളുടെ ചോദ്യം ചെയ്യല്‍, സസ്പെന്‍ഷന്‍, ജയില്‍വാസം എന്നിവയ്ക്കുശേഷം സര്‍വീസിൽ മടങ്ങിയെത്തിയെങ്കിലും അപ്രധാന വകുപ്പുകളുടെ ചുമതലകളിൽ ഒതുങ്ങി.
ഇതിനിടെ അദ്ദേഹമെഴുതിയ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന അത്മകഥാ സ്വഭാവമുള്ള പുസ്തകം പുറത്തുവന്നു. അതിലെ പരാമര്‍ശങ്ങളോട് സ്വപ്്ന സുരേഷ് രൂക്ഷമായി പ്രതികരിച്ചത് വീണ്ടും വിവാദങ്ങളുണ്ടാക്കി. ഡിപിഐ, വിദ്യാഭ്യാസം, ഊര്‍ജം എന്നീ വകുപ്പുകളുടെ സെക്രട്ടറി, കെഎസ്ഇബി ചെയര്‍മാന്‍ എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനാണ് ആരവങ്ങളില്ലാതെ സര്‍വീസില്‍നിന്ന് വിരമിക്കുന്നത്.
English Summary: M Sivasankar Retire from service today