തൃശൂര്‍ ∙ കുണ്ടന്നൂരില്‍ വെടിപ്പുരയിലെ സ്ഫോടനത്തില്‍ പൊള്ളലേറ്റ തൊഴിലാളി മരിച്ചു. കാവശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സ്ഫോടനം. കുണ്ടന്നൂര്‍ പാടത്തിനു സമീപമുള്ള വിജനമായ പറമ്പിലെ വെടിക്കെട്ടു നിര്‍മാണശാലയിലാണ് അപകടമുണ്ടായത്. അഞ്ചു തൊഴിലാളികൾ ജോലിയിലുണ്ടായിരുന്നു.
അമിട്ടില്‍ നിറയ്ക്കുന്ന വെടിമരുന്നു ഗുളികകള്‍ ഉണക്കാനിട്ടിരുന്നതില്‍നിന്ന് തീ പിടിച്ചതാണെന്ന് സംശയിക്കുന്നു. സ്ഫോടനത്തിന്റെ ശബ്ദത്തില്‍ നാടാകെ പ്രകമ്പനം കൊണ്ടു. 5 കിലോമീറ്റര്‍ അകലെ വരെ ശബ്ദം കേട്ടു. സമീപത്തെ വീടുകളുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. നാട്ടുകാര്‍ പരിഭ്രാന്തരായി. കുണ്ടന്നൂര്‍ സ്വദേശി ശ്രീനിവാസന്‍ ആണ് ലൈസന്‍സിയെന്ന് പൊലീസ് പറഞ്ഞു.
English Summary: One dead after massive explosion in firecracker shed in Thrissur Wadakkanchery