കൊച്ചി∙ ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തത്.
സൈബിക്കെതിരെ അഴിമതി നിരോധന നിയമവും വഞ്ചനാക്കുറ്റവും ചുമത്തി. കേസിൽ പരാതിക്കാരനായി രേഖപ്പെടുത്തിയിരിക്കുന്നത് കൊച്ചി കമ്മിഷണറെയാണ്. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഡോ. ദർവേഷ് സാഹിബ് നേരിട്ട് മേൽനോട്ടം വഹിക്കുന്ന സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ്പി കെ.എസ്. സുദർശൻ ആണ്. എറണാകുളം ക്രൈംബ്രാഞ്ചിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർമാരായ എ.എസ്. ശാന്തകുമാർ, സിബി ടോം, ഗ്രേഡ് എസ്ഐ മാരായ കലേഷ് കുമാർ, ജോഷി സി. എബ്രഹാം, ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റിലെ ഗ്രേഡ് എസ്ഐമാരായ എസ്. അമൃതരാജ്, ജയ്മോൻ പീറ്റർ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉള്ളത്.
Read Also: സിൽവർലൈന് ഇക്കുറിയും പച്ചക്കൊടിയില്ല, എയിംസുമില്ല: ബജറ്റിൽ കേരളത്തെ കേട്ടില്ല
സൈബിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതില്‍ അപാകതയില്ലെന്ന നിയമോപദേശം കഴിഞ്ഞ ദിവസം പൊലീസിന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നൽകിയിരുന്നു. അഡ്വക്കറ്റ് ജനറലിന്റെ നിർദേശപ്രകാരമായിരുന്നു നിയമോപദേശം നൽകിയത്.
അതേസമയം, ചില വ്യക്തികളാണ് ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് സൈബി ജോസ് കിടങ്ങൂര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചു. അഭിഭാഷക അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതു മുതലാണ് ഇത് തുടങ്ങിയത്. പരാതിക്കാരോ എതിര്‍കക്ഷിയോ ഇല്ല. ഗൂഢാലോചനക്കാരുടെ മൊഴി മാത്രമാണ് ഉള്ളതെന്നും സത്യം ജയിക്കുമെന്നും സൈബി ജോസ് കിടങ്ങൂര്‍ പറഞ്ഞു.
English Summary: Case Registered Against Adv. Saiby jose