തീയാളിയ കാറില്‍നിന്ന് നിലവിളി; നിസ്സഹായരായി നാട്ടുകാര്‍: അപകടത്തിന്റെ ദൃശ്യങ്ങള്‍
Mail This Article
കണ്ണൂർ∙ കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും അടക്കം രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. നടുറോഡിൽ കാർ നിന്നു കത്തുന്നതാണ് ദൃശ്യങ്ങളിൽ. കാർ കത്തുന്നത് കണ്ട് ഓടികൂടിയ നാട്ടുകാർ കാറിനടുത്തുചെന്ന് രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞില്ല. ‘ഫയർഫോഴ്സിനെ വിളിയെടാ’ എന്നു നാട്ടുകാർ അലറുന്നത് വിഡിയോയിൽ കേൾക്കാം. കാറിൽനിന്ന് നിലവിളി ശബ്ദവും ഉയരുന്നുണ്ട്. കാറിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു.
കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. കുറ്റ്യാട്ടൂരിലെ വീട്ടിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കാറിൽ വരുമ്പോഴായിരുന്നു അപകടം. ഇന്നു രാവിലെ 10.40നാണ് അപകടമുണ്ടായത്. വാഹനം കത്തി മൂന്നു മിനിറ്റിനുള്ളിൽ തീപടർന്നു. മരിച്ച രണ്ടുപേരും കാറിന്റെ മുൻസീറ്റിലായിരുന്നു. കാറിന്റെ പിൻസീറ്റീൽ ഉണ്ടായിരുന്ന കുട്ടി ഉൾപ്പെടെ 4 പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ട നാലുപേർക്കും കാര്യമായ പരുക്കില്ലെന്നാണ് വിവരം. ആശുപത്രിയിൽ എത്തുന്നതിനു തൊട്ടുമുൻപാണ് കാർ കത്തിയത്. ഷോർട്ട് സർക്യൂട്ടാവാം അപകട കാരണമെന്നാണ് നിഗമനം. കാറിന് രണ്ടുവർഷത്തെ പഴക്കമുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് കണ്ണൂർ എസ്പി അറിയിച്ചു.
Read Also: വാഹനത്തിനു തീപിടിക്കാനുള്ള കാരണമെന്ത്? തീപിടിച്ചാൽ എന്തു ചെയ്യണം
English Summary: Kannur Car Accident Video