2.40 ലക്ഷം കോടി, റെയില്‍വേ വില്‍ക്കും മുമ്പുള്ള ആധുനികവത്കരണത്തിനോ: വിമര്‍ശിച്ച് ബാഗേല്‍

Mail This Article
റായ്പുര്‍∙ കേന്ദ്ര ബജറ്റില്‍ റെയില്‍വേക്ക് 2.40 ലക്ഷം കോടി രൂപ വകയിരുത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി ഛത്തിസ്ഗഢ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേല്‍. സ്വകാര്യ കമ്പനികള്‍ക്കു വില്‍ക്കുന്നതിനു മുന്‍പ് ആധുനികവല്‍ക്കരണത്തിനായി ഇത്രയേറെ പണം ചെലവഴിക്കുകയാണോ എന്നാണ് ബാഗേലിന്റെ ചോദ്യം.
ഏതാണ്ട് രണ്ടര ലക്ഷം കോടിയിലേറെ രൂപയാണ് റെയില്‍വേയ്ക്കായി നീക്കിവച്ചിരിക്കുന്നത്. ഇത് തൊഴിലാളികള്‍ക്കു വേണ്ടിയോ പുതിയ നിയമനങ്ങള്‍ക്കു വേണ്ടിയോ ആണോ. അതോ സ്വകാര്യ കമ്പനികള്‍ക്കു വില്‍ക്കുന്നതിനു മുന്‍പുള്ള ആധുനികവല്‍ക്കരണത്തിനു വേണ്ടിയാണോ - ബാഗേല്‍ ചോദിച്ചു.
വരുന്ന തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടുള്ള ബജറ്റാണിതെന്ന് ബാഗേല്‍ കുറ്റപ്പെടുത്തി. യുവാക്കള്‍, കര്‍ഷകര്‍, വനിതകള്‍, ഗോത്ര, പിന്നാക്ക വിഭാഗക്കാര്‍ എന്നിവര്‍ക്കു യാതൊരു ഗുണവും ബജറ്റിലില്ല. ഛത്തിസ്ഗഢിനായി ബജറ്റില്‍ ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ലെന്നും ബാഗേല്‍ പറഞ്ഞു.
English Summary: 'Modernising before selling': CM Baghel questions budget allocation to Railways