കണ്ണൂർ∙ കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ചു. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. കുറ്റ്യാട്ടൂരിലെ വീട്ടിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കാറിൽ വരുമ്പോഴായിരുന്നു അപകടം. മരിച്ച രണ്ടുപേരും കാറിന്റെ മുൻസീറ്റിലായിരുന്നു. കാറിന്റെ പിൻസീറ്റിൽ ഉണ്ടായിരുന്ന കുട്ടി ഉൾപ്പെടെ 4 പേർ രക്ഷപ്പെട്ടു. ആശുപത്രിയിൽ എത്തുന്നതിനു തൊട്ടുമുൻപാണ് കാർ കത്തിയത്. ഷോർട്ട് സർക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

മുന്‍ വശത്തുനിന്നാണ് തീ പടര്‍ന്നത്. ആദ്യം കാര്‍ ഓടിച്ചിരുന്നയാളിന്റെ കാലിലേക്കു തീ പടരുകയായിരുന്നു. പ്രജിത്താണ് വാഹനം ഓടിച്ചിരുന്നതെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. തീ പടര്‍ന്നത് കണ്ടതോടെ പ്രജിത്ത് തന്നെയാണ് പിന്നിലെ ഡോര്‍ തുറന്നു കൊടുത്തത്. എന്നാല്‍ പിന്നീട് മുന്‍വശത്തെ ഡോര്‍ തുറക്കാന്‍ കഴിയാതിരുന്നതോടെയാണ് പ്രജിത്തും റീഷയും അഗ്നിക്കിരയായതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. തീ കണ്ട് നിമിഷ നേരത്തിനുള്ളില്‍ കാര്‍ കത്തിയമര്‍ന്നുവെന്ന് അപകടം കണ്ട് ഓടി എത്തിയവര്‍ പറഞ്ഞു. കാറിനുള്ളിലുണ്ടായിരുന്നവര്‍ പ്രാണവേദന കൊണ്ട് കരഞ്ഞ് വിളിച്ചെങ്കിലും രക്ഷിക്കാന്‍ കഴിയാതെ നിസ്സഹായരായി കണ്ടു നില്‍ക്കേണ്ടിവന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.


Read Also: വാഹനത്തിനു തീപിടിക്കാനുള്ള കാരണമെന്ത്? തീപിടിച്ചാൽ എന്തു ചെയ്യണം
English Summary: Two burnt to death as car catches fire in Kannur