ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച നികുതി വര്‍ധനയ്ക്കെതിരെ ശക്തമായ സമരം തുടങ്ങാന്‍ കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി ശനിയാഴ്ച സംസ്ഥാനത്ത് കരിദിനം ആചരിക്കും. മണ്ഡലാടിസ്ഥാനത്തില്‍ പന്തംകൊളുത്തി പ്രകടനവും നടത്തും. ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള വലിയ പ്രതിഷേധ പരിപാടികളും ആലോചനയിലുണ്ടെന്ന് നേതൃത്വം വ്യക്തമാക്കി.

ബജറ്റിലെ ജനവിരുദ്ധ പ്രഖ്യാപനങ്ങൾക്കെതിരെ തീപാറുന്ന സമരം വരുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ മുന്നറിയിപ്പ് നൽകി. മുൻകൂട്ടി പ്രഖ്യാപിച്ച ശേഷം ഹർത്താൽ നടത്തുന്ന കാര്യമാണ് കോൺഗ്രസ് പരിഗണിക്കുന്നത്. സംസ്ഥാന ബജറ്റ് പ്രഖ്യാപിച്ചതിനു പിന്നാലെ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയ പ്രതിപക്ഷം, സമരം തെരുവിലേക്കും വ്യാപിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി കരിങ്കൊടി പ്രയോഗവും നടത്തി.

സമരം കൂടുതൽ വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വൈകിട്ട് അടിയന്തര കെപിസിസി യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ശനിയാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാൻ തീരുമാനിച്ചത്. ഡിസിസികളുടെ നേതൃത്വത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ശനിയാഴ്ച പ്രതിഷേധ പ്രകടനങ്ങൾ നടത്തും. വൈകിട്ട് മണ്ഡലാടിസ്ഥാനത്തിൽ പന്തംകൊളുത്തി പ്രകടനവും നടത്താനാണ് തീരുമാനം.

വരും ദിവസങ്ങളിലും ശക്തമായ സമരമാർഗങ്ങളുമായി തെരുവിലുണ്ടാകുമെന്നുള്ള മുന്നറിയിപ്പാണ് കെ.സുധാകരൻ യോഗത്തിൽ നൽകിയത്. പൊതു പണിമുടക്കോ ഹർത്താലോ പോലുള്ള വലിയ സമരമാർഗങ്ങളും ആലോചനയിലുണ്ട്. മിന്നൽ പണിമുടക്കും മിന്നൽ ഹർത്താലും വേണ്ടെന്നാണ് യോഗത്തിൽ ഉരുത്തിരിഞ്ഞ ധാരണ. ജനങ്ങളെ മുൻകൂട്ടി അറിയിച്ചും നിയമപരമായ നടപടികൾ പാലിച്ചും ഹർത്താൽ നടത്തുന്ന കാര്യമാണ് പരിഗണിക്കുന്നത്.

ജനങ്ങളെ വിലക്കയറ്റത്തിലേക്കു തള്ളിവിട്ടു കൂടുതൽ സാമ്പത്തിക ഞെരുക്കത്തിലാക്കുന്നതാണു ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ മൂന്നാം ബജറ്റ്. ചില മേഖലകളിൽ നികുതി വർധന ഉണ്ടാകുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും ഇന്ധന സെസ് അടക്കം ജനങ്ങളെ സാരമായി ബാധിക്കുന്ന വലിയ വർധനയിലേക്ക് കടന്നത് അപ്രതീക്ഷിത നീക്കമായിരുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ നികുതി പരിഷ്കരണത്തിലൂടെ ഇത്രയും വലിയ വിഭവ സമാഹരണത്തിന് സംസ്ഥാന സർക്കാർ തുനിഞ്ഞിട്ടില്ല. 3,000 കോടി രൂപയ്ക്കടുത്തുള്ള തുകയാണ് നികുതി വർധനയിലൂടെ സർക്കാർ അധികമായി പ്രതീക്ഷിക്കുന്നത്.

English Summary: Congress To Protest State-Wide Against Tax Hike In Kerala Budget 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com