തിരുവനന്തപുരം ∙ ഏതു മുതിർന്ന നേതാവായാലും പാർട്ടി വിരുദ്ധ പ്രവർത്തനം അനുവദിക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തിരുവനന്തപുരം ജില്ലയിലെ സിപിഎമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ കമ്മിറ്റിയിൽ പരാതികള്‍ ഉയർന്നിരുന്നു. മുൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനുമെതിരെ ഗ്രൂപ്പ് തിരിഞ്ഞ് അംഗങ്ങൾ ആരോപണ പ്രത്യാരോപണങ്ങൾ നടത്തി.
ഇതിനു പിന്നാലെയാണ് എം.വി.ഗോവിന്ദൻ കടുത്ത നിലപാടെടുത്തത്. നേതൃത്വത്തിൽ ചിലരുടെ പ്രവർത്തനങ്ങളെ വിമർശിച്ച ഗോവിന്ദൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.സി.വിക്രമനെ യോഗത്തിൽ താക്കീതു ചെയ്തു. 3 ഏരിയ സെക്രട്ടറിമാർക്കെതിരെ അന്വേഷണം നടത്താൻ തീരുമാനിച്ചു. മദ്യപാനം, ക്വാറി മാഫിയ ബന്ധം തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ ഏരിയ കമ്മിറ്റി യോഗങ്ങൾ ചേരാനും തീരുമാനിച്ചു.
യുവ നേതാക്കൾക്കെതിരെ നടപടിക്ക് യോഗം നിർദേശം നൽകി. മൂന്നു ഡിവൈഎഫ്ഐ നേതാക്കളെ ഒഴിവാക്കാനാണ് നിർദേശം നൽകിയത്. എസ്‌സി/എസ്‌ടി ഫണ്ട് തട്ടിപ്പ്, ഡിവൈഎഫ്ഐ നേതാവായിരുന്ന അന്തരിച്ച പി.ബിജുവിന്റെ പേരിലുള്ള ആംബുലൻസ് ഫണ്ട് തട്ടിപ്പ് എന്നിവയിലാണ് നടപടി. എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും ശുദ്ധീകരണം വേണമെന്ന് എം.വി.ഗോവിന്ദൻ വ്യക്തമാക്കി. സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ.ശ്രീമതി, പി.കെ.ബിജു, പുത്തലത്ത് ദിനേശൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Read Also: ചുങ്കം കൂട്ടാൻ തീരുമാനിച്ചത് അവസാന നിമിഷം; പെൻഷൻ മുടങ്ങുമെന്ന് ഉറപ്പായപ്പോൾ കടുംകൈ
English Summary: MV Govindan slams leaders at Thiruvananthapuram CPM committee meeting