തിരുവനന്തപുരം∙ തൊഴിലില്ലായ്മ രൂക്ഷമായ കേരളത്തില്‍ അത് പരിഹരിക്കാന്‍ യാതൊരു നിര്‍ദേശവും ഇല്ലാത്ത ബജറ്റാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് യുവമോര്‍ച്ച കുറ്റപ്പെടുത്തി. കേരള യുവതയെ വഞ്ചിക്കുന്നതാണ് ബജറ്റ്. ധനമന്ത്രി യുവാക്കള്‍ക്ക് ഒരു മുഴം കയര്‍ നല്‍കുന്നതായിരുന്നു ഇതിലും നല്ലതെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു.
ബജറ്റ് പ്രസംഗം കേന്ദ്രവിരുദ്ധ പ്രസംഗമാക്കാനാണ് ധനകാര്യ മന്ത്രി ശ്രദ്ധിച്ചത്. കേരളത്തിലെ യുവാക്കള്‍ തൊഴിലിന് വേണ്ടി നാടു വിട്ട് പോകുന്നു എന്ന് പരാമര്‍ശിച്ച ബജറ്റ് പ്രസംഗത്തില്‍ എന്നാല്‍ തൊഴില്‍ സാധ്യതകളെ കുറിച്ച് യാതൊന്നും മിണ്ടിയില്ല. കേന്ദ്രം പെട്രോളിനും ഡീസലിനും നികുതി കുറച്ചപ്പോള്‍ ഒരു പൈസ പോലും കുറയ്ക്കാത്ത സര്‍ക്കാര്‍ രണ്ടു രൂപ സെസ്സ് ചുമത്തി ജനങ്ങളെ ദ്രോഹിക്കുകയാണ്. വൈദ്യുതി സെസ്സും വാഹന നികുതിയും കൂട്ടി. സമസ്ത മേഖലയിലും വില വര്‍ധനവ് ഉണ്ടാക്കുന്നതാണ് ധനകാര്യമന്ത്രി അവതരിപ്പിച്ച ബജറ്റ്. ജനങ്ങളെ ദ്രോഹിക്കുന്ന ബജറ്റിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുമെന്നും പ്രഫുല്‍ പറഞ്ഞു.
English Summary: Yuvamorcha against Kerala Budget 2023