കൊല്‍ക്കത്ത∙ ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസിനെതിരെ പരസ്യപ്രതികരണം പാടില്ലെന്ന് ബിജെപി ബംഗാള്‍ നേതാക്കള്‍ക്ക് കേന്ദ്രനേതൃത്വത്തിന്റെ അന്ത്യശാസനം. പ്രധാനമന്ത്രിയുടെ 'മാന്‍ ഓഫ് ഐഡിയാസ്' എന്നറിയപ്പെടുന്ന ആനന്ദ ബോസിനെയോ രാജ്ഭവനെയോ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ ഒഴിവാക്കണമെന്നാണ് ബംഗാള്‍ ബിജെപി നേതാക്കള്‍ക്കു കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദേശം. സി.വി.ആനന്ദബോസിന്റെ ഡല്‍ഹി സന്ദർശനത്തിനു പിന്നാലെയാണ് ബംഗാള്‍ നേതാക്കള്‍ക്ക് കേന്ദ്രം സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത്.
Read also: അദാനിക്കെതിരെ കേന്ദ്ര അന്വേഷണം; സാമ്പത്തിക രേഖകള്‍ പരിശോധിക്കും
ബംഗാള്‍ സര്‍ക്കാരിനെ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് പരിധിവിട്ടു സഹായിക്കുന്നെന്ന് ബിജെപി സംസ്ഥാന ഘടകം ആരോപിച്ചിരുന്നു. ഗവര്‍ണര്‍, മമത ബാനര്‍ജിയുടെ ഫോട്ടോസ്റ്റാറ്റ് യന്ത്രമാണെന്നും കുറ്റപ്പെടുത്തി. സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ നീക്കി മുഖ്യമന്ത്രിക്കു ചുമതല നല്‍കിയ ബില്‍ ബംഗാള്‍ സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.
Read also: കണ്ണൂരിൽ കത്തിയ കാറിൽ പരിശോധന; ദ്രാവകമടങ്ങിയ കുപ്പി കണ്ടെത്തി
ബംഗാളിലെ എഴുത്തിനിരുത്തു ചടങ്ങായ ഹാതെ കോരി രാജ്ഭവനില്‍ സംഘടിപ്പിച്ചതും മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുത്തതുമാണു ബിജെപി സംസ്ഥാന ഘടകത്തിന് അനിഷ്ടമായത്. ആനന്ദബോസിനെ പുകഴ്ത്തി മമത ചടങ്ങില്‍ നിറഞ്ഞുനിന്നപ്പോള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ചടങ്ങ് ബഹിഷ്‌ക്കരിച്ചു. ചടങ്ങില്‍ ഗവര്‍ണര്‍ ബംഗാളി ഭാഷയിലെ ആദ്യാക്ഷരം കുറിക്കുകയും ചെയ്തു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ബംഗാള്‍ ഗവര്‍ണറായിരിക്കെ മമത സര്‍ക്കാറുമായി തുറന്ന ഏറ്റുമുട്ടലിലായിരുന്നു.
ആനന്ദബോസ് മുഖ്യമന്ത്രിയുമായി അനുരഞ്ജനത്തിനു ശ്രമിച്ചതാണു ബിജെപിയെ ചൊടിപ്പിച്ചത്. പുതിയ ഗവര്‍ണര്‍ തികഞ്ഞ മാന്യനാണെന്നു മമത പരസ്യപ്രസ്താവന നടത്തി. കാളിഘട്ടിലെ മമതയുടെ വീട്ടില്‍ ഗവര്‍ണര്‍ കുടുംബസമേതം സന്ദര്‍ശനം നടത്തിയതോടെ ബംഗാള്‍ ബിജെപി രോഷംകൊണ്ടു. പഴയ ഗവര്‍ണറുടെ സ്റ്റാഫില്‍ പലരും ആനന്ദബോസ് എത്തിയതോടെ മാറി. ഗവര്‍ണറുടെ മാറ്റങ്ങള്‍ക്കൊപ്പം സ്റ്റാഫ് മാറ്റവും പതിവാണെങ്കിലും പ്രാദേശിക ബിജെപി നേതൃത്വത്തിന് ഇതു സ്വീകാര്യമായിരുന്നില്ല.
English Summary: BJP mutes Bengal party leaders on criticism of Governor C.V.AandaBose