ബജറ്റിനെതിരെ തീപാറുന്ന സമര പരമ്പര, കോൺഗ്രസ് ഇനി ഹർത്താലിനില്ല: സുധാകരൻ

K-Sudhakaran
കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം ∙ കേരളത്തിൽ കോൺഗ്രസ് ഇനി ഹർത്താലിന് ആഹ്വാനം ചെയ്യില്ലെന്ന പ്രഖ്യാപനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ രംഗത്ത്. ഹർത്താൽ എന്ന സമരമുറയ്ക്ക് കോൺഗ്രസ് എതിരാണെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ കെപിസിസി അധ്യക്ഷനായിരിക്കുമ്പോൾ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിക്കില്ലെന്നും കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. അതേസമയം, ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങൾക്കെതിരെ തെരുവോരങ്ങളെ പ്രക്ഷുബ്ധമാക്കുന്ന തീപാറുന്ന സമര പരമ്പരകൾക്ക് കേരളം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സാധാരണക്കാരെ കൊള്ളയടിക്കാനുള്ള ബജറ്റ് അവതരിപ്പിച്ച പിണറായി വിജയന്റെ ഭരണകൂടത്തിനെതിരെ കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കുകയാണ്. കോൺഗ്രസ് നയിക്കുന്ന സമരപരമ്പരകളിലേക്ക് സകല വിഭാഗം ജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി സുധാകരൻ ഫെയ്സ്ബുക്കിൽ കുറിച്ചു. പിണറായി വിജയൻ മുൻകാലങ്ങളിൽ ബജറ്റിൽ പ്രഖ്യാപിച്ച ക്ഷേമ കാര്യങ്ങളൊക്കെ കടലാസിൽ ഇരുന്ന് മലയാളികളെ നോക്കി ചിരിക്കുന്നുണ്ടെന്ന് സുധാകരൻ പരിഹസിച്ചു. നികുതിക്കൊള്ള മാത്രം കൃത്യമായി നടത്താൻ അറിയുന്ന കഴിവുകെട്ട ഭരണകൂടമാണ് കേരളത്തിൽ നിലവിലുള്ളതെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഈ ബജറ്റെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.

പിണറായി വിജയന് അത്യാധുനിക പശുത്തൊഴുത്ത് പണിയുവാനും ഒന്നാം നിലയിലേക്ക് ലക്ഷ്വറി ലിഫ്റ്റ് പണിയുവാനും കൊച്ചുമക്കളെ അടക്കം കൂട്ടി കുടുംബസമേതം വിദേശങ്ങളിൽ വിനോദയാത്ര നടത്തുവാനും തങ്ങളുടെ അധ്വാനത്തിന്റെ ഒരു പങ്കു മാറ്റിവയ്ക്കണമോയെന്ന് സിപിഎമ്മുകാർ അടക്കമുള്ള പൊതുസമൂഹം ചിന്തിക്കേണ്ടിയിരിക്കുന്നു. കൊല്ലുന്ന ബഡ്ജറ്റുമായി വന്ന് ഇനിയും ജനങ്ങളെ കൊള്ളയടിക്കാൻ കോൺഗ്രസ് പിണറായി വിജയനെ അനുവദിക്കില്ലെന്നും സുധാകരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

സുധാകരന്റെ ഫെയ്സ്‌ബുക് കുറിപ്പ്

സർക്കാർ നിർമിത പ്രളയത്തിനും കോവിഡിനും ശേഷം നിവർന്നു നിൽക്കാൻ ശ്രമിക്കുന്ന സാധാരണക്കാരന്റെ നടുവ് ചവിട്ടി ഒടിക്കുന്ന ദുരിത പൂർണമായ ബജറ്റാണ് പിണറായി വിജയൻ കേരളത്തിനു സമ്മാനിച്ചത്.

സമസ്ത മേഖലകളിലും ഉള്ള ജനങ്ങളെ ദ്രോഹിക്കുന്ന തരത്തിൽ തയ്യാറാക്കിയ ഈ ജനവിരുദ്ധ ബജറ്റ്, കേരള രാഷ്ട്രീയ ചരിത്രത്തിൽ സമാനതകൾ ഇല്ലാത്തതാണ്. നികുതിക്കൊള്ളയാണ് പിണറായി വിജയൻ പ്രഖ്യാപിച്ചിരിക്കുന്നത്. പാവങ്ങളെ പിഴിഞ്ഞെടുക്കുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കാനാണ് പിണറായി വിജയൻ താൽപര്യപ്പെടുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ധൂർത്തിനു വേണ്ടിത്തന്നെ കോടിക്കണക്കിനു രൂപയുടെ നികുതിഭാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കേണ്ടി വന്നിരിക്കുന്നു.

പെട്രോളിനും ഡീസലിനും നികുതി വർധനവ്. അരിയും പാലും വെള്ളവും അടക്കം സകലതിനും വില കൂടുന്നു. ഇരുചക്ര വാഹനങ്ങളുടെ നികുതി വർധിപ്പിച്ചതും സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്.

സംസ്ഥാനത്തുടനീളം നിരോധിത ലഹരി ഉൽപന്നങ്ങളുടെ വിതരണക്കാരായ മാറിയിരിക്കുന്ന സിപിഎം നേതാക്കളുടെ കച്ചവടം മെച്ചപ്പെടുത്താൻ വേണ്ടിയാണോ മദ്യത്തിനു വീണ്ടും വില വർധിപ്പിച്ചത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മദ്യത്തിന്റെ പരിധിയിലധികം ഉള്ള വിലവർധനവ് സമൂഹത്തിൽ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ വ്യാപനത്തിനു വഴിയൊരുക്കുന്നുണ്ട്. സാധാരണക്കാരനു സ്ഥലം വാങ്ങാനോ വീട് വാങ്ങാനോ കഴിയാത്ത വിധം വൻതോതിൽ ഉള്ള നികുതി വർധനവാണ് ബന്ധപ്പെട്ട മേഖലകളിൽ ഉണ്ടായിരിക്കുന്നത്.

പിണറായി വിജയൻ മുൻകാലങ്ങളിൽ ബജറ്റിൽ പ്രഖ്യാപിച്ച ക്ഷേമകാര്യങ്ങളൊക്കെ കടലാസിൽ ഇരുന്നു മലയാളികളെ നോക്കി ചിരിക്കുന്നുണ്ട്. നികുതിക്കൊള്ള മാത്രം കൃത്യമായി നടത്താൻ അറിയുന്ന കഴിവുകെട്ട ഭരണകൂടമാണ് കേരളത്തിൽ നിലവിലുള്ളതെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. പിണറായി വിജയന് അത്യാധുനിക പശുത്തൊഴുത്ത് പണിയുവാനും ഒന്നാം നിലയിലേക്ക് ലക്ഷ്വറി ലിഫ്റ്റ് പണിയുവാനും കൊച്ചുമക്കളെ അടക്കം കൂട്ടി കുടുംബസമേതം വിദേശങ്ങളിൽ വിനോദയാത്ര നടത്തുവാനും തങ്ങളുടെ അധ്വാനത്തിന്റെ ഒരു പങ്കു മാറ്റിവയ്ക്കണമോയെന്ന് സിപിഎമ്മുകാർ അടക്കമുള്ള പൊതുസമൂഹം ചിന്തിക്കേണ്ടിയിരിക്കുന്നു. കൊല്ലുന്ന ബജറ്റുമായി വന്ന് ഇനിയും ജനങ്ങളെ കൊള്ളയടിക്കാൻ കോൺഗ്രസ് പിണറായി വിജയനെ അനുവദിക്കില്ല.

തെരുവോരങ്ങളെ പ്രക്ഷുബ്ധമാക്കുന്ന തീപാറുന്ന സമരപരമ്പരകൾക്ക് കേരളം സാക്ഷ്യം വഹിക്കും. സാധാരണക്കാരെ കൊള്ളയടിക്കാനുള്ള ബജറ്റ് അവതരിപ്പിച്ച പിണറായി വിജയന്റെ ഭരണകൂടത്തിനെതിരെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കുന്നു. കോൺഗ്രസ് നയിക്കുന്ന സമര പരമ്പരകളിലേക്ക് സകല വിഭാഗം ജനങ്ങളെയും സ്വാഗതം ചെയ്യുന്നു.

English Summary: Congress Will Not Announce Hartal In Kerala, Says K Sudhakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS