കാസര്‍കോട്∙ പാര്‍ട്ടി വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശമയച്ച സംഭവത്തില്‍ സിപിഎം കാസര്‍കോട് പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി. ഉദുമ ഏരിയ കമ്മിറ്റിയുടേതാണ് തീരുമാനം. മൂന്നു ദിവസം മുൻപാണ് രാഘവന്റെ ശബ്ദസന്ദേശം വാട്സാപ്പ് ഗ്രൂപ്പിൽ വന്നത്. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് രാഘവൻ. കേസിന്റെ വിചാരണയ്ക്കായി കൊച്ചിയിലേക്കു പോകുന്നതിനിടെ ട്രെയിനിൽവച്ച് അയച്ച സന്ദേശമാണെന്നാണ് വിവരം. മറ്റാർക്കോ അയച്ച സന്ദേശം ആളു മാറി പാർട്ടി ഗ്രൂപ്പിൽ എത്തിയതാണെന്നാണ് പറയുന്നത്.
അതേസമയം, ഭാര്യയ്ക്ക് അയച്ച സന്ദേശമാണ് ആളു മാറി ഗ്രൂപ്പിൽ പോയതെന്നാണ് സംഭവം വിവാദമായതിനു പിന്നാലെ രാഘവൻ നൽകിയ വിശദീകരണം. എന്നാൽ സ്ത്രീകൾ അടക്കമുള്ള ഗ്രൂപ്പിൽ അശ്ലീല സന്ദേശമയച്ച രാഘവനെതിരെ നടപടിയെടുക്കണമെന്നായിരുന്നു മറ്റു പാർട്ടി അംഗങ്ങളുടെ ആവശ്യം.
വിഷയം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. സംഭവം പുറത്തുവന്നതോടെ ഏരിയ കമ്മിറ്റിയുടെ സെന്‍ട്രല്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും രാഘവനെ പുറത്താക്കാനും യോഗത്തില്‍ തീരുമാനമായി. പിന്നീട് ജില്ലാ കമ്മിറ്റിയും യോഗം ചേര്‍ന്നിരുന്നു. ഞായറാഴ്ച ലോക്കല്‍ കമ്മിറ്റി യോഗം നടക്കും.
English Summary: CPM Kasaragod Pakkam local secretary suspended