കർണാടക കോൺഗ്രസിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു; നേതാക്കളെ അവഹേളിച്ച് വ്യാജ സൈറ്റ്

Mail This Article
ബെംഗളൂരു ∙ കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ചതായി പരാതി. വ്യാജ വെബ്സൈറ്റിൽ കോൺഗ്രസ് നേതാക്കളെ അഴിമതിക്കാരും ക്രിമിനലുകളും വർഗീയവാദികളുമായി ചിത്രീകരിക്കുകയും ചെയ്തു. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ പേരിൽ വ്യാജ കത്തും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
കോൺഗ്രസ് നേതൃത്വത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബെംഗളൂരു സൈബർക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റായ inckarnataka.in ഇപ്പോൾ ലഭ്യമല്ല. ഈ ലിങ്കിൽ ക്ലിക് ചെയ്താൽ ‘ഈ അക്കൗണ്ട് സസ്പെൻഡ്’ ചെയ്തു എന്ന അറിയിപ്പാണ് പ്രത്യക്ഷപ്പെടുക. അതേസമയം, ഇതിനു പകരം kpcc.in എന്ന ലിങ്കിലാണ് വ്യാജ വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാക്കളെക്കുറിച്ച് മോശം പരാമർശങ്ങളാണ് സൈറ്റിലുള്ളത്.
ഇതിനു പുറമെയാണ്, സിദ്ധരാമയ്യയുടെ പേരിൽ വ്യാജ കത്ത് വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ അഭിസംബോധന ചെയ്യുന്നതാണ് കന്നഡയിലുള്ള കത്ത്. സിദ്ധരാമയ്യയുടെ വ്യാജ ഒപ്പുമുണ്ട്. ഈ കത്ത് വ്യാജമാണെന്ന് വ്യക്തമാക്കി സിദ്ധരാമയ്യ ട്വിറ്ററിൽ കുറിപ്പിട്ടു.
English Summary: Official website of Karnataka Congress hacked, spoof site targets leaders