കോഴിക്കോട്∙ ഓമശേരിയില്‍ വയോധികയെ വീട്ടില്‍ കയറി ആക്രമിച്ച് സ്വർണമാലയുമായി കടന്ന യുവാവ് മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. കൂടരഞ്ഞി കൂമ്പാറ ബസാര്‍ സ്വദേശി ജിതിന്‍ ടോമിയാണ് (കിഴക്കരക്കാട്ട് ജിത്തു 21) കൊടുവള്ളി പൊലീസിന്റെ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. താഴെ ഓമശേരി ആമ്പ്രക്കുന്നുമ്മല്‍ തനിച്ച് താമസിക്കുന്ന മീനാക്ഷിയെന്ന വയോധികയുടെ വീട്ടിലെത്തിയ പ്രതി വാതിലില്‍ മുട്ടുകയും, വാതില്‍ തുറന്ന ഉടനെ വയോധികയെ അടിച്ചു വീഴ്ത്തുകയുമായിരുന്നു. തുടർന്ന് 2000 രൂപയും 2 പവന്റെ മാലയും കവര്‍ന്ന് ഓടി രക്ഷപ്പെട്ടു. വയോധികയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി പിന്തുടര്‍ന്നാണ് പ്രതി കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കോടഞ്ചേരിയിൽ നിന്ന് ജിതിനെ പിടികൂടുകയായിരുന്നു. മോഷണം പോയ തുകയും മാലയും കണ്ടെടുത്തു.
കൊടുവള്ളി ഇന്‍സ്പെക്ടര്‍ പി.ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ കൊടുവള്ളി എസ്‌ഐ അനൂപ് അരീക്കര, എസ്‌ഐമാരായ പി.പ്രകാശന്‍, ബിജുരാജ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ബിനേഷ്, സിവില്‍ പൊലീസ് ഓഫിസറായ ഷെഫീഖ് നീലിയാനിക്കല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
English Summary: Youth arrested in theft case, Kozhikode