ADVERTISEMENT

കൊച്ചി ∙ ജഡ്ജിമാരുടെ പേരിൽ  കോഴ വാങ്ങിയെന്ന കേസ് റദ്ദാക്കണമെന്ന പ്രതി സൈബി ജോസ് കിടങ്ങൂരിന്റെ ഹർജി ഹൈക്കോടതി തള്ളി. അറസ്റ്റ് തടയണം എന്ന ആവശ്യവും തള്ളിയ കോടതി അന്വേഷണത്തെ എന്തിനു ഭയക്കണമെന്നു ചോദിച്ചു. ആരോപണം ഗുരുതരമാണെന്നും ജുഡീഷ്യൽ സംവിധാനത്തെ ആകെ ബാധിക്കുന്ന ഒന്നാണ് വിഷയമെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി. 

പ്രതിക്കെതിരെ ഉയർന്നിരിക്കുന്നതു ഗുരുതരമായ ആരോപണമാണ്. അന്വേഷണം മുന്നോട്ടു പോകട്ടെ എന്നു വ്യക്തമാക്കിയ കോടതി സത്യം പുറത്തു വരട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. ഹൈക്കോടതി ഹർജി തള്ളിയതോടെ അഭിഭാഷക സംഘടനാ നേതാവിന് കടുത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. കേസിൽ തെളിവുകളില്ലെന്നും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത് എന്ന വാദവും കോടതി തള്ളുകയായിരുന്നു. ഹൈക്കോടതി വിജിലൻസ് രജിസ്ട്രാറിന് അഭിഭാഷകർ  നൽകിയത് വ്യാജ പരാതിയാണെന്നായിരുന്നു ഹർജിയിൽ സൈബിയുടെ വാദം. 

കേസിന്റെ എഫ്ഐആർ അന്വേഷണ സംഘം  മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ  നേരത്തെ സമർപ്പിച്ചിരുന്നു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും വഞ്ചനാകുറ്റവുമാണ് സൈബിയ്ക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. ഹൈക്കോടതി വിധി അനുകൂലമാക്കിത്തരാമെന്നു പറഞ്ഞു ജഡ്ജിമാർക്കു കൊടുക്കണം എന്നു പറഞ്ഞ് കക്ഷികളിൽ നിന്നും ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങിയെന്നാണ് പ്രതിക്കെതിരായ കേസ്.

കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പ്രാഥമികാന്വേഷണം നടത്തിയതിനു ശേഷം  എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സൈബിയ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.

 

English Summary: High Court dismissed petition filed by Saiby Jose Kidangoor in bribery scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com