തിരുവനന്തപുരം∙ പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ ട്രാൻസ്ജെൻഡർക്ക് ഏഴു വർഷം കഠിന തടവും 25,000 രൂപ പിഴയും. ചിറയിൻകീഴ് ആനത്തലവട്ടം എൽപിഎസിന് സമീപം സച്ചു സാംസണെയാണ് (34) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു കേസിൽ ട്രാൻസ്ജെൻഡറെ ശിക്ഷിക്കുന്നത്.
2016 ഫെബ്രുവരി 23നാണ് സംഭവം. ചിറയിൻകീഴ് നിന്ന് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കുട്ടിയെ പ്രതി പരിചയപ്പെടുകയായിരുന്നു. തുടർന്ന് തമ്പാനൂർ പബ്ലിക് കംഫർട്ട് സ്റ്റേഷനിൽ കൊണ്ട് പോയി ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്.
പീഡനത്തിൽ ഭയന്ന കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞില്ല. വീണ്ടും പല തവണ പ്രതി കുട്ടിയെ ഫോണിലൂടെ വിളിച്ച് കാണണമെന്ന് പറഞ്ഞെങ്കിലും പോകാൻ തയാറായില്ല. ഫോണിലൂടെ നിരന്തരം മെസേജുകൾ അയച്ചതും കുട്ടി പലപ്പോഴും ഫോണിൽ സംസാരിക്കുന്നതിൽ ഭയപ്പെടുന്നതും അമ്മ ശ്രദ്ധിച്ചു. കുട്ടി ഫോൺ ബ്ലോക്ക് ചെയതപ്പോൾ പ്രതി ഫെയ്സ്ബുക്ക് മെസൻജറിലൂടെ മെസേജുകൾ അയച്ചു. മെസേജുകൾ കണ്ട അമ്മ പ്രതിക്ക് മറുപടി അയച്ചു തുടങ്ങിയപ്പോഴാണ് പീഡനത്തിന്റെ വിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയും പൊലീസ് നിർദേശ പ്രകാരം പ്രതിക്ക് മെസേജുകൾ അയച്ച് തമ്പാനൂർ വരുത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സംഭവ സമയം പ്രതി ട്രാൻസ്മെൻ ആയിരുന്നു. വിചാരണ വേളയിൽ പ്രതി വനിതാ ട്രാൻസ് വുമണായി മാറി. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം. ജഡ്ജി ആജ് സുദർശന്റേതാണ് വിധി.
English Summary: Transgender convicted of rape