തിരുവനന്തപുരം∙ പ്രതിപക്ഷം അതിശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനിടയില്‍ വാട്ടർ അതോറിറ്റിയുടെ പുതുക്കിയ താരിഫ് നിരക്കുകൾ നിലവിൽവന്നു. ഫെബ്രുവരി മൂന്നു മുതൽ മുൻകാല പ്രാബല്യം നൽകിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമുള്ള ഉപഭോക്താക്കൾക്ക് ഉപയോഗിക്കുന്ന ഓരോ യൂണിറ്റു വെള്ളത്തിനും ഒരു പൈസ വീതമാണ് വർധന. വിവിധ സ്ലാബുകളിൽ 50 രൂപ മുതൽ 550 രൂപ വരെ കൂടും. 15,000 ലീറ്റർ വരെ പ്രതിദിനം ഉപയോഗിക്കുന്ന ബിപിഎൽ കുടുംബങ്ങൾക്ക് വെള്ളക്കരം ഇല്ല. ഫ്ലാറ്റുകളുടെ ഫിക്സഡ് ചാർജ് 55.13രൂപ.
ഗാർഹിക ഉപഭോക്താക്കളുടെ പുതുക്കിയ നിരക്ക് ഇങ്ങനെ:
∙ 5000 ലീറ്റർ വരെ മിനിമം ചാർജ് 72.05 രൂപ. അതു കഴിഞ്ഞുള്ള ഉപയോഗത്തിന് ഓരോ ആയിരം ലീറ്ററിനും 14.41രൂപ അധികമായി നൽകണം
∙ 5000 മുതൽ 10,000 വരെ–അയ്യായിരം വരെ 72.05രൂപ. പിന്നീട് ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 14.41 രൂപ അധികം നൽകണം. ഉദാ–ആറായിരം ലീറ്റർ ഉപയോഗിച്ചാൽ 72.05 രൂപയുടെ കൂടെ 14.41 രൂപകൂടി നൽകണം
∙ 10000 മുതൽ 15000 ലീറ്റർവരെ– പതിനായിരം ലീറ്റർ വരെ മിനിമം ചാർജ് 144.10 രൂപ. പതിനായിരം ലീറ്റർ കഴിഞ്ഞാൽ ഓരോ ആയിരം ലീറ്ററിനും 15.51രൂപകൂടി അധികം നൽകണം.
∙ 15000–20000ലീറ്റർ– ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 16.62 രൂപ
∙ 20000–25000ലീറ്റർ– ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 17.72 രൂപ
∙ 25000–30000ലീറ്റർ– ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 19.92 രൂപ
∙ 30000–40000– ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 23.23 രൂപ
∙ 40000–50000 ലീറ്റർ– ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 25.44 രൂപ
∙ 50000 ലീറ്ററിനു മുകളിൽ– 1272രൂപയ്ക്കു പുറമേ ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 54.10രൂപ.
English Summary: Details of renewed water tariff in Kerala