തിരുവനന്തപുരം∙ ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് പനി അനുഭവപ്പെട്ട് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് വീണാ ജോര്‍ജ് രാവിലെ ആശുപത്രിയിലെത്തി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചത്. ഉമ്മന്‍ചാണ്ടിയുടെ മകളുമായും ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായും സംസാരിച്ചുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഡോ. മഞ്ജുവിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു ചികിത്സ തുടരുകയാണെന്നും മന്ത്രി അറിയിച്ചു.
ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉമ്മന്‍ചാണ്ടിക്ക് ആന്റിബയോട്ടിക് ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നത്. അണുബാധ മാറിയശേഷമായിരിക്കും തുടര്‍ചികിത്സ. ആശുപത്രിയിലാകുന്നതിനു മുന്‍പ് എ.കെ. ആന്റണിയും യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസനും ഉമ്മന്‍ ചാണ്ടിയെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു. ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനോട് ഫോണില്‍ വിവരങ്ങള്‍ അന്വേഷിച്ചു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയിലേക്ക് അയയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രിക്കു നന്ദി അറിയിച്ച് ചാണ്ടി ഉമ്മന്‍ ഫെയ്‌സ്ബുക് പോസ്റ്റിട്ടു. 'അപ്പയുടെ സുഖവിവരം അന്വേഷിച്ചു വിളിക്കുകയും ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ അയയ്ക്കുകയും ചെയ്യുന്ന പ്രിയങ്കരനായ മുഖ്യമന്ത്രി പിണറായി വിജയനു നന്ദി' എന്നായിരുന്നു പോസ്റ്റ്.
English Summary: Health Minister Veena George Visits Oommen Chandy at Hospital