തിരുവനന്തപുരം∙ ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ‘ഉമ്മൻ ചാണ്ടി സർ ശ്വാസകോശ സംബന്ധമായ അണുബാധയുമായി ചികിത്സയിലാണ്. അനുയോജ്യമായ ആന്റിബയോട്ടിക്സ് ഇൻജക്ഷൻ കൊടുക്കുന്നുണ്ട്, വന്നപ്പോഴത്തേതിനേക്കാൾ രോഗാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണ്’– മെഡിക്കൽ ബുള്ളറ്റിൻ വിശദീകരിച്ചു.
ഉമ്മൻ ചാണ്ടിയെ ഇന്നലെയാണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആന്റിബയോട്ടിക് ചികിൽസയാണ് നൽകുന്നത്. അണുബാധ മാറിയശേഷമായിരിക്കും തുടർചികിത്സ. ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നു രാവിലെ ആശുപത്രിയിലെത്തി ഉമ്മൻചാണ്ടിയെ സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണിത്.
ആശുപത്രിയിലാകുന്നതിനു മുൻപ് എ.കെ. ആന്റണിയും യുഡിഎഫ് കൺവീനർ എം.എം.ഹസനും ഉമ്മൻ ചാണ്ടിയെ വീട്ടിൽ സന്ദർശിച്ചു. ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനോട് ഫോണിൽ വിവരങ്ങൾ അന്വേഷിച്ചു. ഇതിനു പിന്നാലെ മുഖ്യമന്ത്രിക്കു നന്ദി അറിയിച്ച് ചാണ്ടി ഉമ്മൻ ഫെയ്സ്ബുക് പോസ്റ്റിട്ടു.
English Summary: Medical Bulletin On Oommen Chandy's Health Condition