ADVERTISEMENT

തിരുവനന്തപുരം∙ ഭിന്നശേഷിക്കാര്‍ക്ക് കുടിവെള്ളത്തിന് ചാർജ് കൂട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഭിന്നശേഷിക്കാര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കും ബിപിഎല്‍ വിഭാഗത്തിനുള്ള സൗജന്യം നല്‍കുമെന്നു മന്ത്രി നിയമസഭയില്‍ അറിയിച്ചു. പരാതി പറഞ്ഞു കൊണ്ട് തനിക്കു ഫോണ്‍ കോള്‍ ലഭിച്ചില്ലെന്നു പറഞ്ഞതിനുശേഷം ചില കോളുകള്‍ വന്നിരുന്നു. താനുമായി സംസാരിച്ചവരോടു ചാര്‍ജ് വര്‍ധനവിലേക്കു നയിച്ച സാഹചര്യങ്ങള്‍ വ്യക്തമാക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. 

വിളിച്ചവരില്‍ ഒരാള്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ പിതാവാണ്. ഭിന്നശേഷിക്കാരായ കുട്ടികള്‍ ആയതിനാല്‍ തന്നെ കുടിവെള്ള ഉപയോഗം കൂടുതലായതിനാല്‍ ചാര്‍ജ് ഉയര്‍ത്തുന്നത് ബുദ്ധിമുട്ടാകുമെന്ന് അദ്ദേഹം ബോധ്യപ്പെടുത്തി. ഇതോടെ ഭിന്നശേഷിക്കാര്‍ക്കും സമൂഹത്തിന്റെ പിന്തുണ ആവശ്യമുള്ളവര്‍ക്കും കുടിവെള്ളം പഴയ നിരക്കില്‍ നല്‍കാന്‍ തീരുമാനമെടുക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ രൂപീകരിക്കാന്‍ വകുപ്പിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അതേസമയം, നിരക്ക് വര്‍ധനവ് രാഷ്ട്രീയവത്കരിക്കരുതെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മൂലം മുന്നോട്ടു പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ജല അതോറിറ്റി കുടിവെള്ള ചാര്‍ജ് വര്‍ധിപ്പിച്ചത്. 

ഇക്കാര്യത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കാണരുത്. കേരളത്തിലെ മുഴുവന്‍ ഗ്രാമീണ വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള ജലജീവന്‍ മിഷനുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. കണക്‌ഷൻ കൂടുന്നതോടെ അറ്റകുറ്റപ്പണികളും കൂടും. വകുപ്പിന്റെ സഞ്ചിത നഷ്ടം 4911.42 കോടി രൂപയാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് ലഭിക്കാനുള്ള കുടിശിക 1,180 കോടി രൂപയാണ്. കെഎസ്ഇബിക്ക് ജല അതോറിറ്റി നല്‍കാനുള്ളത് 1,295 കോടി രൂപയാണ്. ഇതടക്കം 2,613 കോടി രൂപയാണ് ആകെ ബാധ്യത. കുടിശ്ശിക പിരിച്ചെടുത്താല്‍ വാട്ടര്‍ ചാര്‍ജ് വര്‍ധനവ് ഒഴിവാക്കാമെന്നു പറയുന്നത് വാസ്തവ വിരുദ്ധമാണെന്ന് ഈ കണക്കുകള്‍ പരിശോധിച്ചാല്‍ മനസിലാകും. 

ഒരു കിലോ ലീറ്റര്‍ വെള്ളം ശുദ്ധീകരിച്ചു വിതരണം ചെയ്യുന്നതിന് ശരാശരി 22.85 രൂപയാണ് ജല അതോറിറ്റിക്ക് ചെലവാകുന്നത്. ലഭിക്കുന്നതാകട്ടെ ശരാശരി 10.92 രൂപയും. കണക്‌ഷനുകളുടെ എണ്ണം വര്‍ധിക്കുംതോറും വകുപ്പ് നേരിടുന്ന നഷ്ടവും അതേ അനുപാതത്തില്‍ തന്നെ ഉയരും. കുടിശിക എത്ര അടച്ചു തീര്‍ത്താലും ഈ നഷ്ടം ഉയര്‍ന്നു തന്നെ വരും. ഇതു കുറച്ചെങ്കിലും നികത്തുന്നതിനു വേണ്ടിയാണു വര്‍ധന വരുത്തിയത്. 

വകുപ്പിന് കുടിശികയിനത്തില്‍ ലഭിക്കാനുള്ള തുകയില്‍ 955 കോടി രൂപ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പൊതു ടാപ്പുകളിലേക്കു കുടിവെള്ളം നല്‍കിയതിന്റെ കുടിശികയാണ്. സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലുള്ള ജനങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള സ്രോതസ്സാണിത്. അറ്റകുറ്റപ്പണികളുടെ കരാറുകാര്‍ക്ക് 145 കോടി രൂപയുടെ കുടിശിക നല്‍കാനുണ്ട്. ഇതു നല്‍കാത്ത പക്ഷം അടിയന്തരമായി ചെയ്യേണ്ട അറ്റകുറ്റപ്പണികള്‍ മുടങ്ങുന്ന സാഹചര്യമാണുള്ളത്. നിരക്കു വര്‍ധനവിലൂടെ 400 കോടി രൂപ മാത്രമാണ് പ്രതിവര്‍ഷം അധികമായി ലക്ഷ്യമിടുന്നത്. 

മറ്റു സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നു വിഭിന്നമാണ് വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍. ശമ്പളവും പെന്‍ഷന്‍ ആനുകൂല്യങ്ങളും വകുപ്പ് തന്നെയാണ് നല്‍കേണ്ടത്. ഭാഗികമായി മാത്രമാണു സര്‍ക്കാരില്‍നിന്ന് നോണ്‍ പ്ലാന്‍ ഗ്രാന്‍ഡ് മുഖേന ലഭിച്ചുകൊണ്ടിരിക്കുന്നത്. 

ബിപിഎല്ലിന് 15000 ലിറ്റര്‍ വരെ സൗജന്യം

ഒരാള്‍ക്ക് പ്രതിദിനം ശരാശരി 100 ലീറ്റര്‍ എന്നു കണക്കാക്കിയാല്‍ അഞ്ചംഗ കുടുംബത്തിന് ദിവസം 500 ലീറ്റര്‍ ജലം മതിയാകും. ഇപ്രകാരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 15000 ലീറ്റര്‍ വരെ സൗജന്യമായി നല്‍കുന്നത് തുടരും. 

എഡിബിയില്‍ ആശങ്ക വേണ്ട

തിരുവനന്തപുരം, കൊച്ചി കോര്‍പറേഷനുകളില്‍ ജലവിതരണത്തിന്റെ ചുമതല ജല അതോറിറ്റിക്ക് തന്നെ ആയിരിക്കും. മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. ജല അതോറിറ്റിയിലെ ജീവനക്കാര്‍ക്കും ഇതുസംബന്ധിച്ച് ഒരു ആശങ്കയും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: No water charges hike for differently abled: Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com