തൃശൂർ∙ രാജ്യം അതിവേഗം വികസനത്തിലേക്കും സാമ്പത്തിക പുരോഗതിയിലേക്കും നീങ്ങുമ്പോൾ കേരളം രാജ്യത്തെ ഏറ്റവും പിന്നാക്ക സംസ്ഥാനമായി മാറുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. പാർട്ടി ജില്ലാ കമ്മിറ്റി യോഗം പട്ടിക്കാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എട്ട് വർഷം കൊണ്ട് ബി ജെ പി ഭരണത്തിൽ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. ദാരിദ്ര്യ നിരക്ക് കുറഞ്ഞു. പട്ടിണി പൂർണമായും ഇല്ലാതായി.
എന്നാൽ ഇടതുഭരണത്തിൽ കേരളം കിതയ്ക്കുകയാണ്. വ്യവസായ രംഗത്തും കാർഷിക മേഖലയിലും വിദ്യാഭ്യാസ രംഗത്തും കേരളം തകർച്ചയെ നേരിടുകയാണ്. കൃഷി നിലച്ചു. സംരംഭകർ നിരാശരാണ്. കടം വാങ്ങി ധൂർത്തടിക്കുന്ന സംസ്ഥാനമായി കേരളം മാറി. ഒരു രൂപയുടെ നികുതി ബാധ്യത പോലും അധികമില്ലാതെയാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. എന്നാൽ എല്ലാ മേഖലകളിലും നികുതിയുടെ അധികഭാരം അടിച്ചേൽപിക്കുകയാണ് സംസ്ഥാന ബജറ്റെന്നും സുരേന്ദ്രൻ പറഞ്ഞു.
ജില്ലാ പ്രസിഡൻറ് കെ.കെ.അനീഷ് കുമാർ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, വൈസ് പ്രസിഡൻറ് അഡ്വ.ബി.ഗോപാലകൃഷ്ണൻ, സെക്രട്ടറി എ. നാഗേഷ്, വക്താക്കളായ അഡ്വ.നാരായണൻ നമ്പൂതിരി, ടി.പി. സിന്ധു മോൾ, പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡൻറ് ഷാജുമോൻ വട്ടേക്കാട്, മഹിളാ മോർച്ച സംസ്ഥാന പ്രസിഡൻറ് അഡ്വ.സി. നിവേദിത, മേഖല ജനറൽ സെക്രട്ടറി അഡ്വ.രവികുമാർ ഉപ്പത്ത്, സംഘടന സെക്രട്ടറി കെ.പി.സുരേഷ്, ജില്ല ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.ആർ.ഹരി, ജസ്റ്റിൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.
English Summary: K.Surendran against Pinarayi Government on financial crisis of Kerala