ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ ലോക്സഭാ രേഖകളില്‍നിന്ന് നീക്കി. വ്യവസായി ഗൗതം അദാനിയുമായി ബന്ധപ്പെട്ട എല്ലാ പരാമര്‍ശങ്ങളും നീക്കി. പിന്നാലെ, ജനാധിപത്യത്തെ കുഴിച്ചുമൂടിയെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
അദാനിയും നരേന്ദ്ര മോദിയും തമ്മിൽ ബന്ധമുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. കഴിഞ്ഞ ദിവസം ലോക്സഭയിൽ രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കവെയാണ് മോദിയും അദാനിയും ഒരുമിച്ചു സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങൾ ഉയർത്തിക്കാട്ടി രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചത്.
പ്രധാനമന്ത്രിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച രാഹുല്‍ ഗാന്ധിക്കെതിരെ അവകാശലംഘന നടപടി സ്വീകരിക്കണമെന്നു പാര്‍ലമെന്‍ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി ലോക്സഭയില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, അദാനി വിഷയം സഭയില്‍ ഉന്നയിക്കാനുള്ള രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നീക്കം ബഹളത്തിനിടയാക്കി. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു രാജ്യസഭയില്‍ ഭരണ – പ്രതിപക്ഷ ഏറ്റുമുട്ടല്‍.
English Summary: Rahul Gandhi's remarks on PM Modi - Adani links removed from Lok Sabha