ADVERTISEMENT

ന്യൂ‍ഡൽഹി∙ ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ രേഖയിൽനിന്നു നീക്കണമെന്നു കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. പാർലമെന്റിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ എംപിമാർ മുൻകൂട്ടി അറിയിക്കണമെന്ന ചട്ടം രാഹുൽ പാലിച്ചില്ലെന്ന് മന്ത്രി ലോക്സഭയിൽ പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന നടപടിക്ക് അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

‘‘പാർലമെന്റ് ചട്ടങ്ങൾ അനുസരിച്ച്, ഒരു എംപി മുൻകൂർ അറിയിപ്പ് നൽകിയില്ലെങ്കിൽ ആരോപണങ്ങളൊന്നും ഉന്നയിക്കാൻ കഴിയില്ല. ഒരു കോൺഗ്രസ് നേതാവ് (രാഹുൽ ഗാന്ധി) അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവന നീക്കം ചെയ്യുകയും അദ്ദേഹത്തിനെതിരെ അവകാശലംഘന പ്രമേയം അവതരിപ്പിക്കുകയും നോട്ടിസ് നൽകുകയും വേണം.’’– മന്ത്രി പ്രഹ്ലാദ് ജോഷി ലോക്സഭയിൽ പറഞ്ഞു.

രാഹുലിനെതിരെ അവകാശലംഘന നോട്ടിസ് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെയും ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്കു കത്തു നൽകി. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് ലോക്‌സഭയെ തെറ്റിദ്ധരിപ്പിക്കുക വഴി സഭാനിയമങ്ങള്‍ രാഹുല്‍ ലംഘിച്ചെന്ന് ദുബെ കത്തിൽ പറഞ്ഞു. മതിയായ തെളിവുകളില്ലാതെ മോദിയ്‌ക്കെതിരായി നടത്തിയ ആരോപണം അപകീര്‍ത്തികരവും ലജ്ജാകരവുമാണെന്നും എംപി കുറ്റപ്പെടുത്തി.

വ്യവസായി ഗൗതം അദാനിക്കുണ്ടായ വളർച്ച മാത്രമാണ് 8 വർഷത്തിനിടയിലെ ‘മോദി മാജിക്’ എന്നാണ് രാഹുൽ ഗാന്ധി ആരോപിച്ചത്. ലോക്സഭയിൽ രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തുനിന്ന് ആദ്യം സംസാരിച്ച രാഹുൽ പ്രസംഗത്തിനിടെ മോദിയും അദാനിയും ഒരുമിച്ചു സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങളും ഉയർത്തിക്കാട്ടി. 

പ്രധാനമന്ത്രി ഓരോ വിദേശയാത്ര നടത്തുമ്പോഴും അദാനിക്ക് പുതിയ കരാർ എന്നതാണ് ബിജെപി സർക്കാരിന്റെ വിദേശ നയം. മോദി എങ്ങോട്ടുപോകുമ്പോഴും അദാനി കൂടെ പോകുകയോ അവിടെയെത്തുകയോ ചെയ്യും. ബംഗ്ലദേശിലും ശ്രീലങ്കയിലും ഇങ്ങനെ കരാറുകൾ കിട്ടി. ഇസ്രയേലുമായുള്ള പ്രതിരോധ കരാറിന്റെ 90% അദാനിക്കാണു കിട്ടിയതെന്നതു നിഷേധിക്കാമോയെന്ന് ആരോപണങ്ങളിൽ പ്രതിഷേധിച്ച ഭരണപക്ഷ എംപിമാരോടു രാഹുൽ ചോദിച്ചു.

English Summary: Union Minister Prahlad Joshi says Rahul Gandhi's remarks in LS 'must be expunged’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com