ADVERTISEMENT

ഇസ്തംബുൾ ∙ തുർക്കിയിൽ ഭൂകമ്പത്തിൽ തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ആറു വയസ്സുകാരിയെ ജീവിതത്തിലേക്കു കൈപിടിച്ച് ഇന്ത്യയുടെ രക്ഷാസംഘം. തുർക്കിയിലെ ഗസിയാൻടെപ്പിലെ നുർദാഗിയിൽനിന്നാണ് കുടുങ്ങിക്കിടന്ന പെണ്‍കുട്ടിയെ ദേശീയ ദുരന്തനിവാരണ സേന രക്ഷിച്ചത്. മഞ്ഞപ്പുതപ്പിൽ പൊതിഞ്ഞ് കഴുത്തിനു ചുറ്റും ഒരു ഉപകരണം ഘടിപ്പിച്ച നിലയിൽ കുട്ടിയെ പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു.

ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തുർക്കിയിലും സിറിയയിലും രക്ഷാപ്രവർത്തനം നടത്താൻ ‘ഓപ്പറേഷൻ ദോസ്ത്’ (സുഹൃത്ത്) എന്ന പേരിൽ ഇന്ത്യൻ സംഘം ഇവിടെ തുടരുകയാണ്. ഇസ്തംബുളിലും അദാനയിലും ഇന്ത്യ കൺട്രോൾ റൂം തുറന്നു. പ്രത്യേക വിമാനത്തിൽ മരുന്നുകളടക്കം ഇവിടെ എത്തിക്കുന്നുണ്ട്. തുർക്കിയിൽ ദേശീയ ദുരന്തനിവാരണ സേനയ്ക്കൊപ്പം ചേർന്ന് രക്ഷാദൗത്യം വേഗത്തിലാക്കാൻ 51 പേരെക്കൂടി ഇന്ത്യ അയച്ചതായി ദേശീയ ദുരന്ത നിവാരണ സേനാ ഡയറക്ടർ ജനറൽ അതുൽ കർവാൾ അറിയിച്ചു. 

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ചൊവ്വാഴ്ച 101 അംഗ ദുരന്തനിവാരണ സേനയെയാണ് ഇന്ത്യ തുർക്കിയിലേക്കയച്ചത്. ഡോക്ടർമാരും, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താൻ വൈദഗ്ധ്യമുള്ള നായ്ക്കളും സംഘത്തിനൊപ്പുമുണ്ട്. 99 പേരടങ്ങുന്ന കരസേനാ പാരാ മെഡിക് സംഘവും തുർക്കിയിലെത്തി. ഇവർ ഭൂകമ്പം കൂടുതൽ ബാധിച്ച പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുകയാണ്. രണ്ടാഴ്ചത്തേക്ക് തുർക്കിയിൽ തങ്ങാൻ പാകത്തിന് ആവശ്യമായ സാധനങ്ങളുമായാണ് എൻഡിആർഎഫ് സംഘം തുർക്കിയിലേക്ക് പോയതെന്നും അതുൽ കർവാൾ  പറഞ്ഞു. 

തുർക്കിയിലും സിറിയയിലുമായി ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 19,000 പിന്നിട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിരച്ചിൽ നാലാം ദിനവും തുടരുകയാണ്. അതിശൈത്യവും മഴയും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത് കൂടുതൽ ജീവൻ പൊലിയാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ. അപകടം നടന്ന് 72 മണിക്കൂർ പിന്നിട്ടതിനാൽ കുടുങ്ങികിടക്കുന്നവരെ ഇനി ജീവനോടെ പുറത്തെടുക്കാനുള്ള സാധ്യത കുറഞ്ഞുവരുന്നതായി വിദഗ്ധർ അഭിപ്രായപ്പെട്ടു.

തിങ്കളാഴ്ച പുലർച്ചെയാണ് തുർക്കിയുടെ തെക്ക‌ുകിഴക്കൻ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലും വൻഭൂകമ്പം ഉണ്ടായത്. തിങ്കളാഴ്ച പുലർച്ചെയ്ക്കു മുൻപേ ആളുകളെല്ലാം ഉറക്കത്തിലായിരിക്കെ തുർക്കിയിലെ ഗസിയാൻടെപ്പിലാണ് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഉച്ചയ്ക്കുശേഷം ഒന്നരയോടെ മേഖലയിൽ 7.5 തീവ്രതയുള്ള ഒരു ഭൂചലനം കൂടിയുണ്ടായി. വൈകിട്ടോടെ മൂന്നാം ചലനവുമുണ്ടായി.

English Summary: Video: 6-Year-Old Girl Rescued From Rubble By Indian Team In Turkey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com