ADVERTISEMENT

കളമശേരി∙ എറണാകുളം മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ ആരോഗ്യ വകുപ്പിന്റെ അന്വേഷണം പൂർത്തിയായി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇന്ന് ആരോഗ്യ മന്ത്രിക്ക് റിപ്പോർട്ട് കൈമാറും. മൂന്നംഗ സമിതി അന്വേഷണ റിപ്പോർട്ട്‌ ഇന്നലെ ഡയറക്ടർക്ക് കൈമാറി. തൃശൂർ മെഡിക്കൽ കോളജിലെ വൈസ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

അതേസമയം, കുഞ്ഞിന്റെ യഥാർഥ മാതാവ് വിദേശത്താണെന്നു പൊലീസ് കണ്ടെത്തി. കേസിൽ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ഉദ്യോഗസ്ഥരിൽ നിന്നു പൊലീസ് മൊഴിയെടുത്തു. മെഡിക്കൽ കോളജിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. കുഞ്ഞിനെ സംരക്ഷിച്ചിരുന്ന തൃപ്പൂണിത്തുറ സ്വദേശി അനൂപ്കുമാറുമായി ബന്ധമുള്ള സംഗീത ട്രൂപ്പിലെ അംഗങ്ങളിൽ നിന്നു പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്.

ഇതിനിടെ അനൂപ് കുമാർ ജനുവരി 31നു മെഡിക്കൽ കോളജിലെത്തി അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാറിനെ കാണുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കുഞ്ഞിനെ സംരക്ഷിക്കുന്നതു സംബന്ധിച്ച കാര്യങ്ങളിൽ തുടർ നടപടികൾ സ്വീകരിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി(സിഡബ്ല്യുസി) ജില്ല ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസറോടു (ഡിസിപിസി) നിർദേശിച്ചിട്ടുണ്ട്. കുഞ്ഞിന്റെ അനധികൃത കൈമാറ്റം സംബന്ധിച്ചു പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. വ്യാജ ജനന സർട്ടിഫിക്കറ്റ് തയാറാക്കിയതുമായി ബന്ധപ്പെട്ടു കളമശേരി പൊലീസ് റജിസ്റ്റർ ചെയ്ത 2 കേസുകൾ മാത്രമാണു നിലവിൽ അന്വേഷണ പരിധിയിലുള്ളത്.

Read Also: തുർക്കിയിലും സിറിയയിലും ഇന്ത്യയുടെ ‘ഓപ്പറേഷൻ ദോസ്ത്’; മരണം 15,000 കവിഞ്ഞു

ഇതിനിടെ, വ്യാജ ജനന സർട്ടിഫിക്കറ്റ് തയാറാക്കിയ സംഭവത്തിൽ എറണാകുളം ഗവ. മെഡിക്കൽ കോളജ് സൂപ്രണ്ട് ഗണേഷ് മോഹൻ ഉൾപ്പെടെയുള്ളവരെ എതിർ കക്ഷികളാക്കി കേസിൽ പ്രതിയായ ജനന– മരണ റജിസ്ട്രേഷൻ കിയോസ്ക് അസിസ്റ്റന്റ് എ.എൻ. രഹ്ന ഡിജിപിക്കും പരാതി നൽകി. ആശുപത്രിയിലെ മെഡിക്കൽ റെക്കോർഡ്സ് വിഭാഗം ജീവനക്കാരിയെ കൂടി പ്രതിയാക്കി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു കളമശേരി പൊലീസിലും രഹ്ന പുതിയ പരാതി നൽകിയിരുന്നു. വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ പ്രതികളായ അനിൽകുമാറും ജനന–മരണ റജിസ്ട്രേഷൻ കിയോസ്ക് അസിസ്റ്റന്റ് എ.എൻ. രഹ്നയും കുഞ്ഞിനെ സംരക്ഷിച്ചിരുന്ന ദമ്പതികളും ഒളിവിലാണ്.

English Summary: Fake birth certificate case, follow up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com