ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം. നിങ്ങള്‍ എത്രമാത്രം ചെളി വാരിയെറിയുന്നോ അത്രയധികം താമര (ബിജെപി ചിഹ്നം) വിരിയുമെന്നു മോദി പ്രതികരിച്ചു. മോദിയും ഗൗതം അദാനിയും സഹോദരങ്ങളാണെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണു പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷത്തിന്റെ പെരുമാറ്റം രാജ്യതാല്‍പര്യത്തിന് എതിരാണെന്നു മോദി വിമര്‍ശിച്ചു.

‘‘സഭയിലെ ചില അംഗങ്ങളുടെ പെരുമാറ്റവും ബഹളവും രാജ്യത്തിനാകെ നിരാശ പകരുന്നതാണ്. ഇത്തരക്കാരോട് ഒരു കാര്യം പറയാൻ ഞാനാഗ്രഹിക്കുന്നു. ഞങ്ങളുടെ നേരെ നിങ്ങൾ എത്രമാത്രം ചെളി എറിയുന്നുവോ, അത്രയധികം താമരകൾ വിരിയും. താമര വസന്തത്തിൽ നിങ്ങൾക്ക് എല്ലാവർക്കും തുല്യ പങ്കാളിത്തമുണ്ട്. പ്രതിപക്ഷത്തോടു ഞങ്ങൾ നന്ദി പറയുന്നു.’’– മോദി വ്യക്തമാക്കി.

കലബുറഗി സന്ദര്‍ശനത്തിനെതിരെ നിലപാടെടുത്ത മല്ലികാര്‍ജുന്‍ ഖര്‍ഗെയെ മോദി കുറ്റപ്പെടുത്തി. കലബുറഗിയില്‍ 8 ലക്ഷം ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറന്നു. ജനങ്ങള്‍ ശാക്തീകരിക്കപ്പെട്ടപ്പോള്‍ ചിലരുടെ അക്കൗണ്ടുകള്‍ പൂട്ടി. അവരുടെ വേദന തനിക്ക് മനസ്സിലാകും. പ്രതിപക്ഷത്തിന്റെ പ്രതിഷേധം ദൗർഭാഗ്യകരമാണ്. കോൺഗ്രസ് കുടുംബം രാജ്യത്തെ തകർത്തുവെന്നും നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി പറഞ്ഞു.

അദാനി–മോദി ബന്ധത്തെക്കുറിച്ചു ഖര്‍ഗെ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യസഭാ രേഖകളില്‍നിന്ന് നീക്കി. മോദിയെ ‘മൗനി ബാബ’യെന്നു ഖർഗെ വിശേഷിപ്പിച്ചതാണ് സഭയിൽ ഭരണപക്ഷത്തിന്റെ എതിർപ്പിനിടയാക്കിയത്. ഇത് സെൻസർഷിപ്പാണെന്നും രാജ്യസഭാ അധ്യക്ഷന്റെ പരാമർശങ്ങളാണ് നീക്കേണ്ടതെന്നും കോൺഗ്രസ് പറഞ്ഞു. ഖർഗെയുടെ പരാമർശം പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിനു ചേർന്നതല്ലെന്നു രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാരിനെയും മോദിയെയും കടന്നാക്രമിച്ചു ഖർഗെ നടത്തിയ പ്രസംഗത്തിനിടെ സഭാധ്യക്ഷൻ പലകുറി ഇടപെട്ടത് കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തിനു വഴിവച്ചു. ‘നിരന്തരം തടസ്സപ്പെടുത്തുന്ന താങ്കൾ ഇനി പ്രസംഗിക്കാനും എന്നെ പഠിപ്പിക്കുമോ’ എന്നു ധൻകറിനോടു ഖർഗെ ചോദിച്ചിരുന്നു. ബുധനാഴ്ച രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങള്‍ ലോക്സഭാ രേഖകളിൽനിന്ന് നീക്കി.

English Summary: "Lotus Will Bloom": PM Modi's Dig At Opposition Amid "Probe Adani" Chants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com