തിരുവനന്തപുരം∙ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ ഇന്ധന സെസിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം. യൂത്ത് കോൺഗ്രസ്, ബിജെപി പ്രവര്‍ത്തകർ നടത്തിയ മാർച്ചിനിടെ പലയിടത്തും സംഘർഷമുണ്ടായി. കൊച്ചിയിലും കോട്ടയത്തും കോഴിക്കോടും പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മലപ്പുറത്ത് സിവിൽ സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ തെറിച്ചു വീണ ഒരു പ്രവർത്തകന് പരുക്കേറ്റു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഇന്ധനസെസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയ്ക്കുള്ളിൽ പ്രതിപക്ഷവും പ്രതിഷേധിച്ചു. ചോദ്യോത്തരവേളയില്‍ മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സഭയുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ചോദ്യോത്തരവേള സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മേശപ്പുറത്തുവയ്ക്കാന്‍ മന്ത്രിമാര്‍ക്ക് സ്പീക്കര്‍ നിര്‍ദേശം നല്‍കി. ചര്‍ച്ചകളില്ലാതെ ഉപധനാഭ്യാര്‍ഥനകള്‍ പാസാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇനി ഫെബ്രുവരി 27ന് ചേരും.

അതേസമയം, പ്രതിപക്ഷത്തിന്റെ പ്രതിഷേധ ദൃശ്യങ്ങള്‍ സഭാ ടിവി സംപ്രേഷണം ചെയ്തില്ല. ഇന്ധന സെസിനെതിരെ സഭയ്ക്ക് പുറത്ത് ശക്തമായ സമരം തുടരുമെന്ന് സഭാകവാടത്തില്‍ സത്യഗ്രഹം നടത്തിയ എംഎല്‍എമാര്‍ പറഞ്ഞു. രാവിലെ പ്രതിഷേധ സൂചകമായി നിയമസഭയിലേക്ക് നടന്നാണ് യുഡിഎഫ് എംഎല്‍എമാര്‍ എത്തിയത്. എംഎല്‍എ ഹോസ്റ്റലില്‍നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ നടത്തം. സര്‍ക്കാരിന് തുടര്‍ഭരണം കിട്ടിയതിന്‍റെ അഹങ്കാരമാണെന്ന് വി.ഡി.സതീശന്‍ വിമര്‍ശിച്ചു. യുഡിഎഫ് സര്‍വശക്തിയുമെടുത്ത് പോരാടുമെന്നും സതീശന്‍ പറഞ്ഞു.
English Summary: Protest against Fuel Cess